നിപ ലക്ഷണമുള്ളത് രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും
കോഴിക്കോട്: കോഴിക്കോട് നിപ ലക്ഷണങ്ങളുള്ള രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകരെന്ന് ആരോഗ്യമന്ത്രി. ഒരാള്‍ മെഡിക്കല്‍ കോളജിലേയും മറ്റൊരാള്‍ സ്വകാര്യആശുപത്രിയലേയും ജീവനക്കാരാണ്. മരിച്ച കുട്ടിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള 20 പേരെ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.
ഒരാഴ്ച്ച അതീവ ജാഗ്രത വേണമെന്നും പൂനെ എന്‍.ഐ.വിയില്‍ നിന്നുമുള്ള സംഘം കോഴിക്കോട്ടെത്തുമെന്നും മന്ത്രി പറഞ്ഞു.
കുട്ടിക്ക് പനി വന്നപ്പോള്‍ ആദ്യ പോയത് സ്വകാര്യ ക്ലിനിക്കിലാണ്. ഇവിടെയുള്ള ഒമ്പത് പേരുമായി സമ്പര്‍ക്കമുണ്ട്. അതിന് ശേഷം ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ ഏഴോളം പേര്‍ സമ്പര്‍ക്കത്തിലുണ്ട്. വീണ്ടും മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പോയി. അവിടെ നിന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുവരുന്നത്. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ടുവന്നത്. ഈ ആശുപത്രികളിലും മറ്റുമായി മൊത്തം 188 സമ്പര്‍ക്കങ്ങളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. അവരെയെല്ലാം വിവരമറിയിച്ചിട്ടുണ്ട്.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പേ വാര്‍ഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റാന്‍ തീരുമാനിച്ചിരുന്നു. ബ്ലോക്കിലെ ആദ്യ നിലയില്‍ നിപ പോസിറ്റീവായ രോഗികള്‍ ഉണ്ടാകുകയാണെങ്കില്‍ അവരെ പാര്‍പ്പിക്കും. മറ്റു രണ്ടു നിലകളില്‍ നിരീക്ഷണത്തിലുള്ളവരെ താമസിപ്പിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
നിപയ്ക്ക് വേണ്ടി മാത്രം പ്രത്യേക കോള്‍ സെന്ററും തുറന്നിട്ടുണ്ട്. 0495 2382500, 0495 2382800 എന്നിങ്ങനെയാണ് നമ്പറുകള്‍ ഗസ്റ്റ്ഹൗസ് കേന്ദ്രീകരിച്ച് ഒരു കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."