ക്രിസ്റ്റ്യാനോ പോയതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില്‍ക്കാനൊരുങ്ങി ക്ലബ്ബ് ഉടമകള്‍
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടതിനു പിന്നാലെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് വില്‍ക്കാന്‍ തയ്യാറാണെന്ന് ഉടമകളായ ഗ്ലേസര്‍ കുടുംബം. 17 വര്‍ഷത്തോളമായി ഈ കുടുംബത്തിന്റെ ഉടമസ്ഥതയിലാണ് ക്ലബ്. പരസ്പര ഉടമ്പടി പ്രകാരം ക്രിസ്റ്റിയാനോയുടെ കരാര്‍ അവസാനിപ്പിച്ചതായും ഇത് ഉടനടി പ്രാബല്യത്തിലാവുമെന്നും യുനൈറ്റഡ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് ക്ലബ്ബ് വില്‍ക്കുകയാണെന്ന അറിയിപ്പ് വരുന്നത്.
2005ല്‍ 790 മില്യണ്‍ പൗണ്ടിന്റെ (934 മില്യണ്‍ ഡോളര്‍) ഏറ്റെടുക്കല്‍ ക്ലബ്ബിന് വലിയ കടബാധ്യതകള്‍ വരുത്തിവെച്ചിരുന്നു. ക്ലബ്ബിലേക്കുള്ള പുതിയ നിക്ഷേപം, വില്‍പ്പന അല്ലെങ്കില്‍ കമ്പനി ഉള്‍പ്പെടുന്ന മറ്റ് ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ തന്ത്രപരമായ ബദലുകളും ബോര്‍ഡ് പരിഗണിക്കുമെന്ന് യുനൈറ്റഡ് പ്രസ്താവനയില്‍ പറഞ്ഞു.
2013ല്‍ അലക്‌സ് ഫെര്‍ഗൂസണ്‍ മാനേജരായി വിരമിച്ച ശേഷം കഴിഞ്ഞ ഒമ്പത് വര്‍ഷമായി വലിയ നേട്ടങ്ങളുണ്ടാക്കാന്‍ ക്ലബ്ബിന് സാധിച്ചിട്ടില്ല. 2012-2013 സീസണിനു ശേഷം പ്രീമിയര്‍ ലീഗ് കിരീടം നേടിയിട്ടില്ല. 2017 മുതല്‍ ഒരു ടൂര്‍ണമെന്റ് കിരീടവും റെഡ് ഡെവിള്‍സിനില്ല. നിലവില്‍ പ്രീമിയര്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ 11 പോയിന്റ് പിന്നിലാണ്.
74,000 കാണികളെ ഉള്‍ക്കൊള്ളുന്ന ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ് സ്റ്റേഡിയമായ മാഞ്ചസ്റ്ററിന്റെ ഓള്‍ഡ് ട്രാഫോര്‍ഡിന് 2006 മുതല്‍ കാര്യമായ നവീകരണം ഉണ്ടായിട്ടില്ല. സ്റ്റേഡിയം പുനര്‍വികസനത്തിന് നിക്ഷേപം ആവശ്യമാണെന്ന് ക്ലബ് എക്‌സിക്യൂട്ടീവ് കോ-ചെയര്‍മാന്മാരും ഡയറക്ടര്‍മാരുമായ അവ്‌റാമും ജോയല്‍ ഗ്ലേസറും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."