നിപ: അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്
തിരുവനന്തപുരം: കോഴിക്കോട് നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അതിര്‍ത്തിയില്‍ നിരീക്ഷണം ശക്തമാക്കി തമിഴ്നാട്. നിരീക്ഷണം ശക്തമാക്കാന്‍ കേരളവുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ ജില്ലകള്‍ക്കും തമിഴ്നാട് ആരോഗ്യ വകുപ്പ് അടിയന്തര നിര്‍ദേശം നല്കി.
ആരോഗ്യ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, തദ്ദേശ സ്ഥാപന മേധാവികള്‍ എന്നിവരോട് ഏത് തരത്തിലുള്ള പകര്‍ച്ചവ്യാധിയും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി.
ജ്വരവും ഛര്‍ദ്ദിയും ബാധിച്ച് ചികിത്സയിലായിരുന്ന 12 വയസുകാരന് ഇന്ന് പുലര്‍ച്ചെയാണ് മരണത്തിന് കീഴടങ്ങിയത്. പിന്നാലെ മരണകാരണം നിപയാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് സ്ഥിരീകരിച്ചു. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച കുട്ടിയുടെ മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും നിപ സ്ഥിരീകരിച്ചുവെന്ന് ആരോഗ്യമന്ത്രി വിശദമാക്കി.
മസ്തിഷ്കജ്വരവും ഛര്‍ദിയും ബാധിച്ചാണ് കുട്ടിയെ ഒന്നാം തിയ്യതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ കാണിച്ചതിനെത്തുടര്‍ന്ന് പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് സ്രവം പരിശോധനയ്ക്ക് അയക്കുകയായിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്ന് കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഛര്‍ദ്ദിയും മസ്തിഷ്കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാല്‍ നിപ പരിശോധന നടത്തണമെന്ന നേരത്തെ നിര്‍ദേശമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചത്.
വീണ്ടും നിപ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയിലാണ്. എന്നാല്‍ കുട്ടിക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."