ഫലസ്തീൻ വിദ്വേഷത്തിൻ്റെ പാശ്ചാത്യൻ പിന്നാമ്പുറം
ജോസഫ് മാസദ്
നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്റാഇൗൽ-ഫലസ്തീൻ യുദ്ധത്തിൽ പാശ്ചാത്യരിൽനിന്ന് ഇസ്റാഇൗലിന് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീനികളോട് അനുതാപം പ്രകടിപ്പിച്ചിരുന്ന പാശ്ചാത്യ ശബ്ദങ്ങൾപോലും ഒക്ടോബർ ഏഴിന് ഇസ്റാഇൗലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ചിരിക്കുകയാണ്. ഫലസ്തീനികളുടെ മുഖ്യശത്രു പാശ്ചാത്യ ലോകമാണെന്ന് അറിയുന്ന അറബികൾ പോലും ഈ സംഭവവുമായി ബന്ധപ്പെട്ട് ഫലസ്തീനിനോട് പാശ്ചാത്യർ കാണിച്ച വിദ്വേഷവും ഇസ്റാഇൗലികളോടുള്ള ആരാധനയും കണ്ട് അത്ഭുതപ്പെട്ടു. പാശ്ചാത്യ അനുകൂല അറബ് ബുദ്ധിജീവികൾ, വ്യാപാര പ്രമുഖർ, രാഷ്ട്രീയ മേലാളന്മാർ എന്നിവർക്കിടയിൽ കഴിഞ്ഞ 40 വർഷമായി ഒരു തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. പാശ്ചാത്യ ലിബറലുകൾക്കും യാഥാസ്ഥിതികവാദികൾക്കും ഫലസ്തീനോടുള്ള വിദ്വേഷം കുറഞ്ഞിരിക്കുന്നു എന്നായിരുന്നു അത്.
പാശ്ചാത്യ ജനതയ്ക്കുണ്ടെന്ന് വിശ്വസിക്കുന്ന സഹതാപം അധീശത്വശക്തികളെ പ്രതിരോധിക്കുന്നതിന് ഫലസ്തീനികൾക്കുള്ള പിന്തുണയായി രൂപപ്പെട്ടിരുന്നില്ല. അനുതാപപ്രകടനങ്ങൾ ഫലസ്തീനികൾക്ക് ലഭിച്ചിട്ടുണ്ടെങ്കിൽ തന്നെയും അതോടൊപ്പംതന്നെ എത്ര ഫലസ്തീനികളെ കൊന്നു എന്നതുപോലും പരിഗണിക്കാതെ നിസ്സീമ പിന്തുണ പാശ്ചാത്യ ലോകത്തുനിന്ന് ഇസ്റാഇൗലിനും ലഭിക്കുന്നുണ്ട്.
തങ്ങളുടെ നാട്ടിൽ കോളനികളുണ്ടാക്കാൻ ശ്രമിച്ച അമേരിക്കൻ, ബ്രിട്ടീഷ്, ജർമൻ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റന്റ് വിഭാഗത്തിൽ പെട്ടവരെയെല്ലാം ഫലസ്തീനികൾ പ്രതിരോധിച്ചിട്ടുണ്ട്. യൂറോപ്യൻ ജൂതന്മാരെ പ്രൊട്ടസ്റ്റന്റ് മതവിശ്വാസത്തിലേക്ക് മാറ്റി അവരെ ഫലസ്തീനിലേക്ക് അയക്കാനും അവർ വഴി അവിടെ തങ്ങളുടെ കോളനിയാക്കാനും ബ്രിട്ടൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഈ പദ്ധതിക്ക് വലിയ വിജയം കാണാൻ കഴിയാത്തതോടെയാണ് ജൂത സയണിസം വളർച്ച പ്രാപിക്കുന്നത്. രണ്ടാംലോക യുദ്ധത്തിനു മുമ്പ് വെളുത്ത വർഗക്കാരന് വെളുത്ത വർഗക്കാരല്ലാത്തവരോടുണ്ടായ വംശീയവിദ്വേഷവും വെറുപ്പുമാണ് ഇന്നും ഫലസ്തീനിനോട് യൂറോപ്പിനും അമേരിക്കയ്ക്കുമുള്ളത്.
ഫലസ്തീനികളെക്കുറിച്ച് അമേരിക്കയിലും യൂറോപ്പിലും നിലനിന്നുപോന്നിരുന്ന പല ധാരണകളും മറ്റൊരു ഗതിക്ക് നീങ്ങുന്നതാണ് കഴിഞ്ഞ വർഷങ്ങളിൽ കണ്ടത്. ഇൗ ധാരണകളുടെ ഗതി കഴിഞ്ഞ 10 വർഷങ്ങളിൽ മാറാൻ കാരണമായത് പാശ്ചാത്യ (അ)ധാർമികതയ്ക്ക് വികാസം സംഭവിച്ചതുകൊണ്ടല്ല. അവരുടെ ധാർമിക പരിധികൾക്കുള്ളിൽ ഒരിക്കലും പരിഗണിക്കപ്പെടാതിരുന്ന ഫലസ്തീൻ, 1968നും 1981നും ഇടയിൽ നടത്തിയ കോളനിവിരുദ്ധ മുന്നേറ്റങ്ങളിലൂടെ പാശ്ചാത്യ ലോകത്തിനു മുമ്പിൽ മറ്റൊരു പ്രതിച്ഛായ സൃഷ്ടിച്ചു. അതുവരെ പാശ്ചാത്യദേശം ധാർമിക പരിഗണനയാണ് നൽകാതിരുന്നതെങ്കിൽ ഈ മുന്നേറ്റങ്ങളിലൂടെ ക്രൂരന്മാരായ, മൃഗതുല്യരായ തീവ്രവാദികളായി ഫലസ്തീനികൾ ചിത്രീകരിക്കപ്പെട്ടു. ഇസ്റാഇൗൽ സമാധാനവാദിയാണെന്നും അവരെ അക്രമിക്കുന്ന ഫലസ്തീൻ തീവ്രവാദികളാണെന്നുമുള്ള പ്രതിച്ഛായയാണ് ഇതോടെ സൃഷ്ടിക്കപ്പെട്ടത്.
1982 സെപ്റ്റംബറിൽ നടന്ന കൂട്ടക്കൊലപാതങ്ങളിലൂടെ ക്രൂരമായി കൊലചെയ്യപ്പെട്ട ഫലസ്തീൻ പൗരന്മാരുടെ ദൃശ്യങ്ങൾ പല മുഖ്യധാരാ മാസികകളും അവരുടെ കവർസ്റ്റോറിയായി ഏറ്റെടുത്തു. ഇതോടെ ഫലസ്തീനികളെ പിന്തുണച്ചും എതിർത്തും പാശ്ചാത്യ രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്രകടനങ്ങൾ നടത്തി. യാഥാസ്ഥിതികനും പ്രമുഖ അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകനുമായ ജോർജ് വിൽ ഫലസ്തീന് സ്വന്തം രാഷ്ട്രം ഉണ്ടാകുന്നതിനെയും അവരുടെ സ്വയം തീരുമാനങ്ങളെയും നിശിതമായ ഭാഷയിൽ വിമർശിച്ച വ്യക്തിയാണ്. എല്ലാ അർഥത്തിലും ഇസ്റാഇൗലിന്റെ താൽപര്യങ്ങളെ സംരക്ഷിക്കാനാണ് അദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നത്.
എന്നാൽ കൂട്ടക്കൊലപാതകങ്ങൾക്കുശേഷം ഫലസ്തീനികളോട് ചില സഹതാപ പ്രകടനങ്ങൾക്ക് വിൽ തയാറായി. ന്യൂയോർക്ക് ടൈംസിൽ കോളമിസ്റ്റായിരുന്ന ആന്റണി ലൂയിസ് എന്ന ലിബറൽ നിരീക്ഷകൻ ജോർജ് വില്ലിന്റെ മറുവശത്തു നിൽക്കുന്ന വ്യക്തിയാണ്. ഇൻത്തിഫാദയുടെ സമയത്ത് ഫലസ്തീനികൾക്ക് വലിയ തോതിൽ പിന്തുണ പ്രഖ്യാപിച്ച ലിബറലായിരുന്നു ആന്റണി ലൂയിസ്.
ഫലസ്തീനികളുടെ ചില അവകാശങ്ങളെല്ലാം അംഗീകരിക്കപ്പെടണമെന്ന് വാദിച്ച ലൂയിസ് 1990ൽ ഇസ്റാഇൗലിനെതിരേ നടന്ന ഫലസ്തീൻ ലിബറേഷൻ ഫ്രണ്ടിന്റെ ഗറില്ല മുന്നേറ്റം യാസർ അറഫാത്ത് അപലപിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ മുന്നേറ്റത്തിൽ ഒരു ഇസ്റാഇൗലിക്കുപോലും അപകടം സംഭവിച്ചില്ലായിരുന്നു. എന്നാൽ ഇസ്റാഇൗൽ നടത്തിയ വെടിവയ്പ്പിൽ ഏഴു ഫലസ്തീനികൾ കൊല്ലപ്പെട്ടപ്പോൾ അന്നത്തെ ഇസ്റാഇൗൽ പ്രധാനമന്ത്രി യിസക് ഷമീർ ഈ സംഭവത്തെ അപലപിക്കണമെന്ന് ലൂയിസ് ആവശ്യപ്പെട്ടിരുന്നില്ല.
ഇവിടെ ജോർജ് വില്ലും ആന്റണി ലൂയിസും തമ്മിൽ ഫലസ്തീനികളുടെ വിഷയത്തിൽ വലിയ വ്യത്യാസങ്ങളൊന്നുമില്ല. അടിസ്ഥാനപരമായി പാശ്ചാത്യ ലോകത്തിന് ഫലസ്തീനികളോടുള്ള ധാരണയിലും കാഴ്ചപ്പാടിലും യാതൊരു മാറ്റവും വന്നിട്ടില്ല എന്നതുകൊണ്ട് തന്നെയാണ് ഈ കാലഘട്ടത്തിലും അവർ അധിനിവേശത്തെ പ്രതിരോധിക്കുമ്പോൾ പാശ്ചാത്യദേശം അതിനെ മൃഗീയമെന്നും തിന്മയെന്നും ദുഷ്ടത എന്നുമൊക്കെ പേരിട്ടു വിളിക്കുന്നത്.
1948 മുതൽ 1968 വരെയുള്ള കാലഘട്ടത്തിൽ പാശ്ചാത്യദേശം ഫലസ്തീനികളെ പൂർണമായും തിരസ്കരിച്ചിരുന്നുവെങ്കിൽ 1968 മുതൽ 1981 വരെ കനത്ത വെറുപ്പും വിദ്വേഷവുമായിരുന്നു അവർക്ക് ഫലസ്തീനോട് ഉണ്ടായിരുന്നത്. എന്നാൽ 1982 മുതൽ 1987 വരെയുള്ള കാലഘട്ടത്തിൽ കൂട്ടക്കൊലയ്ക്ക് ഇരകളായ ജനതയെന്ന നിലയിലുള്ള സഹതാപം ഫലസ്തീനികൾക്ക് പാശ്ചാത്യരിൽ നിന്ന് ലഭിച്ചു. എന്നാൽ 1987 മുതൽ 1993 വരെയുള്ള കാലഘട്ടത്തിൽ പരസ്പരവിരുദ്ധവും സന്ദർഭാനുസൃതമായ സഹതാപവും വിദ്വേഷവും ലഭിച്ചുപോന്നു. 1993 മുതൽ ഇന്നുവരെയുള്ള സമയത്ത് ഇപ്പോൾ കാണുന്നതുപോലെ ചില ഇടങ്ങളിൽനിന്ന് പിന്തുണകളും മറ്റിടങ്ങളിൽ നിന്ന് എതിർപ്പുകളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ അതിൽ മുന്നിട്ടുനിൽക്കുന്നത് ഫലസ്തീനികളെ കുറ്റപ്പെടുത്തുന്നതും അവരോടുള്ള വിദ്വേഷവുമാണ്.
പരസ്പരവിരുദ്ധമായാണെങ്കിലും ചെറിയ വിധത്തിലെങ്കിലും പാശ്ചാത്യ ദേശത്തിനുള്ള സഹതാപത്തെ പ്രതീക്ഷാര്‍ഹ മാറ്റമായാണ് പല ഫലസ്തീനികളും അറബികളും നോക്കിക്കാണുന്നത്. പാശ്ചാത്യ ദേശത്തിന്റെ ഈ വിരുദ്ധ നിലപാടിന്റെ സ്വഭാവം എന്താണെന്നുള്ളത് ഫലസ്തീനിലെ ലിബറൽ ബുദ്ധിജീവികൾ ഇനിയും മനസ്സിലാക്കിയിട്ടില്ല. ഫലസ്തീനികൾ എന്തുചെയ്യുന്നു, അല്ലെങ്കിൽ എന്ത് ചെയ്യുന്നില്ല എന്നുള്ളതിന്റെ അടിസ്ഥാനത്തിലല്ല ഇന്ന് പാശ്ചാത്യ ദേശത്തിന്റെ ധാർമിക പരിധിയിൽ ഉൾപ്പെട്ടത്. പകരം, അവർ എങ്ങനെ യൂറോപ്യൻ ജൂതരുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ്.
നാസി ജർമനിയുടെ വംശീയ ഉന്മൂലനത്തിൽനിന്ന് രക്ഷപ്പെട്ടു വന്ന അഭയാർഥികളായാണ് പാശ്ചാത്യർ യൂറോപ്പിലെ ജൂതന്മാരെ കാണുന്നത്. എന്നാൽ ഫലസ്തീനികൾ ജൂതന്മാരെ കാണുന്നത് അവർ യൂറോപ്യൻ ജൂതന്മാരിൽനിന്ന് നേരിട്ട അനുഭവങ്ങളിൽ നിന്നുമാണ്. ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം യൂറോപ്പിൽ നിന്നുള്ള ജൂതന്മാർ തങ്ങളുടെ നാട്ടിലേക്ക് വന്നത് അഭയാർഥികളായിട്ടല്ല, പകരം അധിനിവേശകരായിട്ടാണ്. പാശ്ചാത്യ ജനതയ്ക്ക് യൂറോപ്യൻ ജൂതന്മാരെക്കുറിച്ച് അഭയാർഥിയെന്ന പരിഗണനയുണ്ടാകുമ്പോൾ ഫലസ്തീനികൾക്ക് യൂറോപ്യൻ ജൂതന്മാരെക്കുറിച്ചുള്ള കാഴ്ചപ്പാട് അധിനിവേശകർ എന്നുള്ളതാണ്. ഈ രണ്ടു കാഴ്ചപ്പാടുകളും തമ്മിൽ വലിയ അന്തരമുണ്ട്. അഥവാ ഫലസ്തീനിൽനിന്ന് ഉയർന്നുവരുന്ന പ്രതിരോധങ്ങളെയെല്ലാം ജൂതന്മാരോടുള്ള സെമിറ്റിക് വിരുദ്ധതയായാണ് പാശ്ചാത്യ ദേശം മനസ്സിലാക്കുന്നത്.
അവരെ സംബന്ധിച്ച് ഈ ജൂതന്മാർ ഇസ്റാഇൗൽ എന്ന രാഷ്ട്രം ഉണ്ടാകുന്നതിനുമുമ്പും ഇതേ ജൂതവിരുദ്ധത അനുഭവിച്ചിരുന്നവരാണ്. ഇപ്പോൾ ഫലസ്തീനും അവരുടെ അറബ് അയൽക്കാരും കൂടി ചേർന്ന് ഇത്രയും കാലം സെമിറ്റിക് വിരുദ്ധതയ്ക്ക് ഇരയായ ജൂതന്മാരെ അവരുടെ അവസാന അത്താണിയായ രാഷ്ട്രത്തിൽനിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതായാണ് പാശ്ചാത്യദേശം ഇന്നും ഇസ്റാഇൗൽ-ഫലസ്തീൻ സംഘർഷത്തെ കാണുന്നത്. എന്നാൽ ഫലസ്തീൻ പ്രതിരോധത്തിന്റെ തലത്തെ മനസിലാക്കാൻ അവർ ഇന്നും തയാറായിട്ടില്ല.
ഒക്ടോബർ ഏഴിനുണ്ടായ ഹമാസ് ആക്രമണം പാശ്ചാത്യർ അവരുടെ പൂർവ നിലപാടിലേക്ക് പൂർവാധികം ശക്തിയോടെ മടങ്ങിപ്പോവാനും വഴിവച്ചു. ഹിറ്റ്ലറിന്റെ വംശീയ ഉന്മൂലനത്തിന് ഇരകളായ യൂറോപ്യൻ ജൂതന്മാർ ഫലസ്തീനികളിൽനിന്ന് ഭീഷണി നേരിടുന്നു എന്ന അവസ്ഥയിലാണ് കാര്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ ഫലസ്തീനികളിൽ നിന്നുണ്ടായ ഈ പ്രതിരോധത്തെ ഘോര സ്വഭാവത്തിലുള്ള ബോംബിങ്ങിലൂടെയും മറ്റും തകർത്തു കളയണം എന്നുള്ള അഭിപ്രായമാണ് പാശ്ചാത്യ ദേശത്തുനിന്ന് ഉയർന്നുവരുന്നത്.
ഫലസ്തീനികളോട് ഈ സാഹചര്യത്തിൽ ഉണ്ടായിട്ടുള്ള വെറുപ്പും വിദ്വേഷവും കണ്ട് അറബ് ലോകം എന്നല്ല ആരും അത്ഭുതപ്പെടേണ്ട കാര്യമില്ല. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പകരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യങ്ങളിൽ തൊട്ടേയുണ്ട്. ചില സന്ദർഭങ്ങളിൽ മാറിമറിഞ്ഞിട്ടുണ്ടെങ്കിലും അതിന്റെ അടിസ്ഥാന സ്വഭാവത്തിൽ ഒരുകാലത്തും മാറ്റം വന്നിട്ടില്ല എന്നുള്ള ഒരു തെളിവ് കൂടിയാണ് നിലവിലെ സംഭവവികാസങ്ങൾ.
(കൊളംബിയ സർവകലാശാലയിൽ പ്രൊഫസറായ ലേഖകൻ മിഡിൽ ഈസ്റ്റ് െഎയിൽ എഴുതിയതിൻ്റെ സംക്ഷിപ്തം)
Content Highlights:The West Behind Palestine Hatred
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."