HOME
DETAILS

ഗൗരി ലങ്കേഷിനെ കൊന്നു; പക്ഷേ, തോല്‍പ്പിക്കാനായില്ല

  
backup
September 06 2021 | 02:09 AM

gauri-lankesh-todays-article-06-sep-2021

കെ.പി നൗഷാദ് അലി

2017 സെപ്റ്റംബര്‍ അഞ്ച്. സമയം സായാഹ്നം. സൗത്ത് ബംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വസതിക്കു സമീപം ഹൃദയവും ശ്വാസകോശവും തുളച്ച മൂന്നു വെടിയുണ്ടകള്‍ ഏറ്റുവാങ്ങി സക്രിയമായ 55 ആണ്ടുകള്‍ ഭൂമിയില്‍ ചെലവഴിച്ച് ഗൗരി ലങ്കേഷ് യാത്രയായി. പൗരാവകാശങ്ങളും ബഹുസ്വരതയും തുല്യനീതിയും നിലനിന്നു കാണാന്‍ പൊരുതിയ ആ ജനാധിപത്യവിശ്വാസി മരണത്തിലൂടെ ലോകമെങ്ങുമുള്ള മനുഷ്യസ്‌നേഹികളുടെ വിശുദ്ധരൂപമായി മാറി. കാനഡയിലെ ബര്‍ണബി മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മൈക്ക് ഹേളി സെപ്റ്റംബര്‍ അഞ്ചിനെ ഗൗരി ലങ്കേഷ് ദിനമായി പ്രഖ്യാപിച്ചത് ആവേശം പകരുന്ന വാര്‍ത്തയാണ്. ഗൗരിയെ ഏറെ മതിപ്പോടെ കണ്ടിരുന്ന അന്നത്തെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിക്കുകയുണ്ടായി. പഴുതടച്ച അന്വേഷണത്തിലൂടെ പതിനെട്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. പരശുറാം മഗ്മറെ, അമോല്‍ കാലെ, അമിത് ദിഗ് വേക്കര്‍, സുജിത് കുമാര്‍ തുടങ്ങി സനാതന്‍ സന്‍സ്ത എന്ന തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരാണ് വലയിലായത്.

2018 മെയ് 30നും നവംബര്‍ 23നുമായി രണ്ട് ചാര്‍ജ്ഷീറ്റുകള്‍ അന്വേഷക സംഘം സമര്‍പ്പിച്ചെങ്കിലും വിചാരണാ നടപടികള്‍ എങ്ങുമെത്തിയില്ല.


ഇരുചക്ര വാഹനങ്ങളില്‍ മുഖം മറച്ചുവന്ന് നിറയൊഴിച്ച് കടന്നുകളയുന്ന രീതിയാണ് കൊലയാളികള്‍ അവലംബിച്ചത്. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും ആത്മീയ ചൂഷണത്തിനുമെതിരേ ശക്തമായ നിലപാടെടുത്ത നരേന്ദ്ര ധബോല്‍ക്കര്‍ 2013 ഓഗസ്റ്റില്‍ കൊല്ലപ്പെട്ടതും സമാനമായിരുന്നു. ജാതീയ ചൂഷണത്തിനെതിരേ ദലിതരെ സംഘടിപ്പിച്ച ഗോവിന്ദ പന്‍സാരെ 2015 ഫെബ്രുവരിയിലും വിഗ്രഹാരാധനയ്‌ക്കെതിരേ പ്രഭാഷണങ്ങള്‍ നടത്തിപ്പോന്ന എം.എം കല്‍ബുര്‍ഗി 2015 ഓഗസ്റ്റിലും കൊല്ലപ്പെട്ടത് ഇവരാല്‍ തന്നെയായിരുന്നു. ഗൗരി വധക്കേസില്‍ അറസ്റ്റിലായ അമോല്‍ കലയുടെ ഡയറിയില്‍ ഹിറ്റ്‌ലിസ്റ്റ് ചാര്‍ട്ട് ഉണ്ടായിരുന്നു. ഗിരീഷ് കര്‍ണാട്, കെ.എസ് ഭഗവാന്‍, പാട്ടില്‍ പുട്ടപ്പ, ചന്ദ്രശേഖര്‍ പാട്ടീല്‍, ബര്‍ഗൂര്‍ രാമചന്ദ്രപ്പ, യോഗേഷ് മാസ്റ്റര്‍ തുടങ്ങിയവ ഹിറ്റ്‌ലിസ്റ്റിലെ ചില പേരുകളാണ്.

ഗൗരിയും സംഘ്പരിവാറും

90കളില്‍ ഇംഗ്ലീഷ് പത്രപ്രവര്‍ത്തകയായി ദില്ലിയില്‍ കരിയര്‍ ആരംഭിച്ച ഗൗരി ലങ്കേഷ്, 2000ത്തില്‍ പിതാവായ പി. ലങ്കേഷിന്റെ മരണത്തെ തുടര്‍ന്നാണ് ബംഗളൂരുവില്‍ തിരിച്ചെത്തി 'ഗൗരി ലങ്കേഷ് പത്രികെ' എന്ന വാരാന്ത്യ ടാബ്ലോയിഡ് ആരംഭിക്കുന്നത്. ദന്തഗോപുര നിവാസിയാകാതെ ദലിത്, സ്ത്രീപക്ഷ വിഷയങ്ങളിലും മാവോയിസ്റ്റ് പുനരധിവാസ സമസ്യകളിലും ന്യൂനപക്ഷങ്ങള്‍ക്കു വേണ്ടിയും ഗൗരി ലങ്കേഷ് നേരിട്ട് ഇടപെടലുകള്‍ നടത്തി. അതവരെ കര്‍ണാടകയിലെ ഏറ്റവും മികച്ച രാഷ്ട്രീയേതര സംഘാടകയാക്കി മാറ്റി. അവരുടെ മൂര്‍ച്ചയേറിയ ലേഖനങ്ങള്‍ തീവ്ര വലതുപക്ഷ ക്യാംപുകളെ പിടിച്ചു കുലുക്കിയിരുന്നു. 'ചഡ്ഡികള മരണ ഹോമ' എന്ന ആര്‍.എസ്.എസ് വിരുദ്ധ ലേഖനമെഴുതിയില്ലായിരുന്നെങ്കില്‍ ഗൗരി ലങ്കേഷ് ജീവിച്ചിരിക്കുമായിരുന്നുവെന്ന ചിക്കമംഗളൂരിലെ ബി.ജെ.പി എം.എല്‍.എ ആയിരുന്ന ഡി.എന്‍ ജീവാംഗിയുടെ പ്രസ്താവന ഇതിന്റെ സാക്ഷ്യമാണ്. ഉഡുപ്പി ക്ഷേത്രപൂജാരികള്‍ ദലിതരോട് പരസ്യമായി വേര്‍തിരിവ് കാണിച്ചു പോരുന്നതിനെതിരായ പോരാട്ടത്തിന്റെ നായികസ്ഥാനം ഗൗരി ലങ്കേഷ് ഏറ്റെടുക്കുകയുണ്ടായി.

ഗുജറാത്തിലെ ദലിത് രാഷ്ട്രീയ ഉദയമായ ജിഗ്‌നേഷ് മേവാനി എം.എല്‍.എയെ ആയിരുന്നു പ്രക്ഷോഭം നയിക്കാന്‍ ഗൗരിയും സംഘവും ആനയിച്ചത്. ഗൗരിയും മേവാനിയും നയിച്ച ഉഡുപ്പി ചലോ മാര്‍ച്ചില്‍ പതിനായിരത്തിലധികം ദലിതര്‍ അണിനിരന്നത് കര്‍ണാടക അവിശ്വസനീയതയോടെയാണ് നോക്കിക്കണ്ടത്.


ചാമുണ്ഡേശ്വരി ദേവി, മഹിഷാസുരനു മേല്‍ നേടിയ വിജയത്തിന്റെ സ്മരണയിലാണ് മൈസൂര്‍ ദസറ ആഘോഷിക്കപ്പെട്ടു പോരുന്നത്. എന്നാല്‍ സമാന്തരമായി മഹിഷാ ദസറ എന്ന പേരില്‍ ദലിത് പിന്നോക്ക വിഭാഗങ്ങളുടെ ദസറയും നടന്നുപോരുന്നുണ്ട്. അശോക ചക്രവര്‍ത്തിയുടെ സമകാലീന നായി മഹിഷ സാമ്രാജ്യം ഭരിച്ച ചക്രവര്‍ത്തിയാണ് മഹിഷയെന്നും ചാതുര്‍വര്‍ണ്യം നിരാകരിച്ച് ബുദ്ധമതത്തെ പ്രോത്സാഹിപ്പിച്ചതിന്റെ വൈരാഗ്യമാണ് ബ്രാഹ്മണരെ മഹിഷ ചക്രവര്‍ത്തിയെ അവഹേളിച്ച് കഥകളുണ്ടാക്കാന്‍ പ്രേരിപ്പിച്ചത് എന്നുമാണ് മഹിഷാ ദസറക്കാരുടെ വാദം. അസുര എന്ന വാക്കിനര്‍ഥം സുര പാനം ഇല്ല എന്നാണ്. ഉയര്‍ന്ന മദ്യവിരുദ്ധ പ്രതിച്ഛായയെ പില്‍ക്കാലത്ത് ബ്രാഹ്മണിക്കല്‍ ഹിന്ദുത്വം താറടിക്കുകയാണെന്നും ഇവര്‍ വാദിക്കുന്നു. മൈസൂര്‍, ചാമരാജ നഗര, മാണ്ഡ്യ പ്രദേശങ്ങളിലുള്ളവര്‍ ഒത്തുചേരുന്ന മഹിഷാ ദസറക്കെതിരേ ആര്‍.എസ്.എസ് വലിയ പ്രതിരോധം തീര്‍ത്തിരുന്നു. കെ.എസ് ഭഗവാനും ഗൗരി ലങ്കേഷുമാണ് സമാന്തര ദസറക്കാരുടെ അവകാശത്തിനു വേണ്ടി പൊരുതിയിരുന്നത്.


യു.ആര്‍ അനന്തമൂര്‍ത്തിയുടെ 'സംസ്‌കാര' ഉള്‍പ്പെടെയുള്ള രചനകളെ യൂനിവേഴ്‌സിറ്റി സിലബസുകളില്‍നിന്ന് ബി.ജെ.പി സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു. പകരം സംഘ്പരിവാര്‍ അനുകൂലിയായ എസ്.എല്‍ ഭൈരപ്പയുടെ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ 'ആവരണ' സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചു. ഇതിനെതിരേ ഗൗരി ലങ്കേഷിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ കര്‍ണാടക സാംസ്‌കാരിക ലോകം ഒന്നടങ്കം അണിനിരന്നത് സംഘ്പരിവാറിനെ ഏറെ അലോസരപ്പെടുത്തിയിരുന്നു. മാവോയിസ്റ്റുകളെ പുനര്‍വിചിന്തനത്തിനു പ്രേരിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചുകൊണ്ടുവന്ന ഗൗരി ലങ്കേഷിന്റെ മാന്ത്രികസ്പര്‍ശം കര്‍ണാടകയുടെ ചരിത്രത്തിലെ ആദ്യാനുഭവമാണ്. നൂര്‍ ശ്രീധര്‍, സിരിമണ നാഗരാജ്, നന്ദകുമാര്‍, ദേവേന്ദ്ര, ഹേമക്ക തുടങ്ങി ഗൗരിയുടെ പ്രേരണയിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന മാവോയിസ്റ്റുകളുടെ നിര നീണ്ടതാണ്.

 

കര്‍ണാടക-ആര്‍.എസ്.എസ്-
ഗൗരി ലങ്കേഷ്

തെക്കേ ഇന്ത്യയിലെ ഏറ്റവും വളക്കൂറുള്ള മണ്ണായി കര്‍ണാടകയെ ആദ്യകാലം മുതല്‍ സംഘ്പരിവാര്‍ എണ്ണിയിരുന്നു. ദേവരാജ അരസും ഗുണ്ടുറാവുവും രാമകൃഷ്ണ ഹെഗ്‌ഡെയും കര്‍ണാടക രാഷ്ട്രീയത്തെ നിയന്ത്രിച്ചുപോന്ന കാലം മുതല്‍ തന്നെ ജനസംഘം അവിടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബി.ജെ.പി രണ്ടു സീറ്റിലൊതുങ്ങിയ 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണ കന്നഡയില്‍ ബി.ജെ.പി രണ്ടാമതെത്തിയിട്ടുണ്ട്. ചേര്‍ന്നുകിടക്കുന്ന കേരളത്തിലെ മഞ്ചേശ്വരം, കാസര്‍കോട് അസംബ്ലികളിലും അന്ന് ബി.ജെ.പി രണ്ടാമതെത്തി. 90കളുടെ രണ്ടാം പകുതിയോടെ തീവ്രവര്‍ഗീയതയും വ്യാജ ഹീനപ്രചാരവേലകളും കൃത്യമായ വലതുപക്ഷ മാധ്യമലോബിയും ബി.ജെ.പിക്കു കുതിപ്പേകി.


ഹുബ്ലിയിലെ ഒരു വാഹനമോഷണ കേസില്‍ ഗൗസ്, ഹാഫിസ്, അബൂബക്കര്‍, ആസിഫ് എന്നീ മുസ്‌ലിം യുവാക്കള്‍ അറസ്റ്റിലായിരുന്നു. പൊലിസിനെ ഉദ്ധരിച്ചും ഊഹം മെനഞ്ഞും കര്‍ണാടകയിലെ മാധ്യമങ്ങള്‍ ഉസാമ ബിന്‍ ലാദനില്‍ വരെ കാര്യങ്ങള്‍ കൊണ്ടുചെന്നെത്തിച്ചു. വിധാന്‍ സൗധയും ലാല്‍ബാഗും എം.ജി റോഡും തകര്‍ക്കാന്‍ പദ്ധതിയിട്ടെന്ന വാര്‍ത്ത ആവര്‍ത്തിച്ചു നല്‍കിപ്പോന്നു. ഗൗരി ലങ്കേഷ് അടക്കമുള്ളവരുടെ ഇടപെടല്‍ നിമിത്തം കര്‍ണാടക എഡി.ജി.പിയായിരുന്ന ശങ്കര്‍ ബിദ്രി ഐ.പി.എസ് പത്രസമ്മേളനം വിളിച്ചുചേര്‍ത്ത് മാധ്യമങ്ങള്‍ക്കു താക്കീത് നല്‍കുകയുണ്ടായി. ആസ്‌ത്രേലിയയില്‍ നിരപരാധിയായ ഡോ. മുഹമ്മദ് ഹനീഫ് അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം കര്‍ണാടകയിലുണ്ടാക്കരുതെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. ഈ സംഭവം ഇസ്‌ലാമോഫോബിയ രാഷ്ട്രീയ വാര്‍ത്തകളുടെ ആദ്യ ഇന്ത്യന്‍ പരീക്ഷണങ്ങളിലൊന്നായിരുന്നു.


ലിംഗായത്ത് സമുദായാംഗമായിരുന്ന ഗൗരി ലങ്കേഷിനു ലിംഗായത്ത് മഠങ്ങളുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ബ്രാഹ്മണിക്കല്‍ ഹിന്ദു സ്വാധീനത്തില്‍നിന്ന് ലിംഗായത്തുകളെ മോചിപ്പിക്കുക എന്ന ആശയത്തിന്റെ സജീവ വക്താവായിരുന്ന അവരുടെ പക്ഷത്ത് ധാരാളം പുരോഹിതരും അണിനിരന്നിരുന്നു. ഒരുവേള സിദ്ധരാമയ്യ ഭരണകൂടം ഔദ്യോഗികമായി ആ ആശയത്തെ പ്രോത്സാഹിപ്പിക്കുക പോലുമുണ്ടായി. ഇത്തരത്തില്‍ സാമൂഹികമായും രാഷ്ട്രീയമായും സാംസ്‌കാരികമായും തങ്ങളുടെ മുന്നിലെ വന്‍മതിലായി ഗൗരി ലങ്കേഷ് നിലകൊണ്ടുപോന്നത് ആര്‍.എസ്.എസ് ഗൗരവമായി ഉള്‍ക്കൊണ്ടിരുന്നു. ഗൗരിയുടെ മരണത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പല സംഘ്പരിവാര്‍ അക്കൗണ്ടുകളും സജീവമായിരുന്നു. എന്നാല്‍ മരണം എതിരാളിയുടെ ശക്തി ശതഗുണീഭവിപ്പിക്കുന്ന രാഷ്ട്രീയമുറ ഗൗരി ലങ്കേഷിന്റെ മരണത്തിലൂടെ എതിരാളികള്‍ സ്വയം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago