HOME
DETAILS

കഞ്ഞികുടി മുട്ടിക്കരുത്

  
backup
November 23 2022 | 21:11 PM

7485623453-2


റേഷൻ വ്യാപാരികളുടെ കമ്മീഷൻ പകുതിയായി കുറച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ശനിയാഴ്ച മുതൽ കടകളടച്ചിട്ട് അനിശ്ചിതകാല സമരത്തിനിറങ്ങുകയാണ്. പതിനാലായിരം റേഷൻ വ്യാപാരികൾ സമരവഴിയിലിറങ്ങുന്നതോടെ സാധാരണക്കാരന് ഈ വിലക്കയറ്റ പ്രളയത്തിലെ അവസാന തുരുത്തുമാണ് ഇല്ലാതാവുക. കഴിഞ്ഞ കുറേ ദിവസമായി സമരത്തെക്കുറിച്ച് സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടും സമരക്കാരുമായി ഒരൊത്തുതീർപ്പിന് സർക്കാർ ഇതുവരെ തയാറായിട്ടില്ല. സർക്കാർ ഇടപെടുന്നില്ലെങ്കിൽ ശനിയാഴ്ച മുതൽ സാധാരണക്കാരന്റെ കഞ്ഞി കുടിയാണ് മുട്ടുക.


കമ്മീഷൻ ഇനത്തിൽ 29 കോടി രൂപയാണ് സർക്കാർ റേഷൻ വ്യാപാരികൾക്ക് ഒക്ടോബറിൽ നൽകാനുള്ളത്. ഇതിൽ 14 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. അനുവദിച്ചതിന്റെ 49 ശതമാനം മാത്രമേ നൽകുകയുള്ളൂ എന്നാണിപ്പോൾ സർക്കാർ പറയുന്നത്. എന്തെങ്കിലും പുതിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ അനിശ്ചിതകാല സമരത്തിനിറങ്ങുന്നതെങ്കിൽ നമുക്ക് വിമർശിക്കാമായിരുന്നു. എന്നാൽ അവർ പണിയെടുത്തതിന്റെ കൂലിയാണ് ചോദിക്കുന്നത്. അത് പിടിച്ചുവയ്ക്കുന്ന നടപടി അംഗീകരിക്കാനാവില്ല. ഓണക്കിറ്റ് കൊടുത്ത വകയിലും വ്യാപാരികൾക്കുള്ള പണം നൽകിയിട്ടില്ല. ഈ ഇനത്തിൽ സർക്കാർ 50 കോടി ഇവർക്ക് നൽകാനുണ്ട്. അതേക്കുറിച്ചും സർക്കാരിന് മിണ്ടാട്ടമില്ല. സംസ്ഥാനത്തെ 92 ലക്ഷം കുടുംബങ്ങളെയായിരിക്കും റേഷൻവ്യാപാരികളുടെ സമരം ബാധിക്കുക
കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സംസ്ഥാനത്തെ റേഷൻവ്യാപാരികളുടെ നാല് മുഖ്യ സംഘടനകൾ ഒറ്റക്കെട്ടായാണ് സമരത്തിനിറങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച നോട്ടിസ് സംയുക്ത സമരസമിതി നേതാക്കൾ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസ് കമ്മിഷണർക്ക് നൽകിയിരുന്നു. പിടിച്ചുവച്ച കമ്മീഷൻ നൽകുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ പറയുന്നുണ്ടെങ്കിലും ധനവകുപ്പ് കനിയുന്നില്ല. നേരത്തെ ഭക്ഷ്യമന്ത്രി 148 കോടി രൂപ ധനവകുപ്പിനോട് ആവശ്യപ്പെട്ടപ്പോൾ 44 കോടി രൂപ മാത്രമാണ് നൽകിയത്. ഒക്ടോബറിലെ കമ്മീഷൻ കൊടുത്തുതീർക്കാൻ 29.51 കോടി രൂപ വേണ്ടിടത്ത് 14.46 കോടി രൂപ മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. ഇൗ പശ്ചാത്തലത്തിൽ ഭക്ഷ്യമന്ത്രി നൽകുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മാത്രം റേഷൻ വ്യാപാരികൾ സമരത്തിൽ നിന്ന് പിന്മാറുമെന്ന് തോന്നുന്നില്ല. ധനവകുപ്പിൽ നിന്ന് രേഖാമൂലമായ ഉറപ്പാണ് വ്യാപാരികൾ ആവശ്യപ്പെടുന്നത്. നിലവിലെ വേതന പാക്കേജ് പരിഷ്‌ക്കരിക്കണമെന്ന് ദീർഘകാലമായി വ്യാപാരികൾ സർക്കാരിനോടാവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് സർക്കാർ പരിഗണിക്കുന്നില്ലെന്ന് മാത്രമല്ല എടുത്ത പണിയുടെ കൂലി പോലും കൊടുക്കാതെ തടഞ്ഞുവച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ പി.എം.ജി.കെ.എ.വൈ പദ്ധതിപ്രകാരം അനുവദിക്കുന്ന ഭക്ഷ്യധാന്യങ്ങൾക്കുള്ള വ്യാപാരികളുടെ കമ്മിഷൻ കൂടി കണ്ടെത്തേണ്ടി വന്നതിനാലാണ് കമ്മിഷൻ മുടങ്ങിപ്പോയതെന്ന സർക്കാർ നിലപാട്, എടുത്ത പണിയ്ക്കുള്ള കൂലി കൊടുക്കാത്തതിന്റെ ന്യായീകരണമല്ല.


സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്. അത് യാഥാർഥ്യവുമാണ്. എന്നാൽ ഈ സാമ്പത്തിക പ്രതിസന്ധിയിലും അനാവശ്യ ചെലവുകൾക്കും ധൂർത്തിനും യാതൊരു കുറവുമില്ല. ചെലവുചുരുക്കിക്കൊണ്ടിരിക്കുകയാണ് സർക്കാർ എന്ന് ധനമന്ത്രി പറയുമ്പോൾ തന്നെയാണ് ഈ മാസം നാലിന് സർക്കാർ വകുപ്പുകളിൽ പുതിയ കാറുകൾ വാങ്ങുന്നതിന് വിലക്കേർപ്പെടുത്തിയത്. വിലക്ക് രണ്ടാഴ്ച പിന്നിട്ടപ്പോഴേക്കും 35 ലക്ഷത്തിന്റെ കാർ ഖാദി ബോർഡ് വൈസ് ചെയർമാനും സി.പി.എം സംസ്ഥാന സമിതിയംഗവുമായ പി. ജയരാജന് വാങ്ങിക്കൊടുക്കാൻ തീരുമാനിക്കുകയും ചെയ്തു.


കുതിച്ചുയരുന്ന വിലക്കയറ്റം കാരണം സാധാരണക്കാരന് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. എല്ലാ ഭക്ഷ്യവസ്തുക്കൾക്കും ഇരട്ടിയിലധികം വില കൊടുക്കേണ്ടിവരുന്നു. അരിക്ക് ഒരു കാലത്തും ഇപ്പോഴത്തേത് പോലെ വില കുതിച്ചുയർന്നിരുന്നില്ല. ഒരു കിലോ അരിക്ക് നാൽപ്പതും അമ്പതും രൂപ കൊടുക്കേണ്ട അവസ്ഥയിലാണ് സാധാരണക്കാരൻ. സംസ്ഥാനത്തെ അരിവില നിയന്ത്രിക്കാൻ ഭക്ഷ്യമന്ത്രി ആന്ധ്രാ ഭക്ഷ്യമന്ത്രിയെ കേരളത്തിലേക്ക് ക്ഷണിച്ച് സംസ്ഥാനത്തിന്റെ അവസ്ഥ വിവരിച്ചിരുന്നു. സംസ്ഥാനത്ത് ഇറക്കുമതി ചെയ്യുന്ന മേന്മയുള്ള അരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന പലതും അത്രമാത്രം മേന്മേയുള്ളതല്ലെന്ന കണ്ടുപിടിത്തം നടത്തി ആന്ധ്രാ മന്ത്രി തിരികെ പോവുകയല്ലാതെ ഒന്നും സംഭവിച്ചില്ല. ഇത്തരമൊരു പ്രതിസന്ധിയിലാണ് റേഷൻ വ്യാപാരികളും കടയടപ്പ് സമരത്തിനിറങ്ങുന്നത്. ഇതോടെ രൂക്ഷമായ വിലക്കയറ്റത്തിൽ നിന്ന് അൽപം ആശ്വാസം നൽകിയ റേഷൻകടകൾക്കാണ് താൽക്കാലികമായെങ്കിലും താഴുവീഴുന്നത്.


ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റത്തിനു പുറമെ നിർമാണമേഖലയിലെ വസ്തുക്കൾക്കും തീപാറും വിധമുള്ള വിലക്കയറ്റമാണ്. 35 ശതമാനമാണ് ഈ മേഖലയിലെ വിലക്കയറ്റം. ഒരു ചാക്ക് സിമന്റിന് 500 രൂപ വരെ കൊടുക്കേണ്ടി വരുന്നു. ഇതിനോടൊപ്പം വാർക്കക്കമ്പിക്കും വില ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇതുകാരണം നിർമാണമേഖല ആകെ സ്തംഭിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് നിത്യകൂലിക്കാരാണ് തൊഴിൽരഹിതരായിരിക്കുന്നത്. വേലയും കൂലിയുമില്ലാത്ത ഈ തൊഴിലാളികൾ ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കുന്നത് റേഷൻകടകളിൽ നിന്നു കിട്ടുന്ന അരി ഉപയോഗിച്ചായിരുന്നു. ശനിയാഴ്ച മുതൽ ആ വാതിലുകളാണ് കൊട്ടിയടക്കപ്പെടുന്നത്. അതിനിടവരുത്താതെ സർക്കാർ റേഷൻ വ്യാപാരി സംഘടനാ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ച് പ്രശ്‌നം രമ്യമായി തീർക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പത്തനംതിട്ടയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago