വിജ്ഞാനസമൂഹം ലക്ഷ്യമിടുമ്പോള്‍
ജേക്കബ് ജോര്‍ജ്
വിദ്യാഭ്യാസം, ആരോഗ്യപാലനം, ശുചിത്വം, സ്ത്രീശാക്തീകരണം, അധികാര വികേന്ദ്രീകരണം തുടങ്ങിയ പല കാര്യങ്ങളിലും കേരളം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളേക്കാള്‍ വളരെ മുമ്പിലാണ്. നൂറു ശതമാനം സാക്ഷരത എന്നത് കേരളത്തിന്റെ വലിയ അഭിമാനം തന്നെ. സംസ്ഥാനത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല വളരെ ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുന്നു. ലോകമാകെ ഐ.ടി രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ ഉന്നതസ്ഥാനങ്ങളിലുള്ള മലയാളികള്‍ ഏറെ. 1960കളിലാരംഭിച്ച ഗള്‍ഫ് കുടിയേറ്റം കേരളത്തിന്റെ സാമ്പത്തികനില ഏറെ മെച്ചപ്പെടുത്തി. ആദ്യം ജര്‍മ്മനിയിലേക്കും പിന്നീട് ഗള്‍ഫ് നാടുകളിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും പോയ മലയാളി നഴ്‌സുമാര്‍ നേടിയ നേട്ടങ്ങള്‍ കേരളത്തിന്റെ വലിയ വളര്‍ച്ചയില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്.
പക്ഷേ, ആഗോളതലത്തില്‍ തൊഴില്‍ സങ്കല്‍പങ്ങളൊക്കെയും മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ മാറുന്ന തൊഴില്‍സംസ്‌കാരത്തിന് അനുസരിച്ച് സംസ്ഥാനത്തെ യുവാക്കളെ പുതിയ സാങ്കേതികവിദ്യകള്‍ പഠിപ്പിക്കുകയും അതുപ്രകാരം വിദഗ്ധപരിശീലനം നല്‍കുകയും ചെയ്താല്‍ നമ്മുടെ പുതുതലമുറയ്ക്കു രാജ്യത്തിനകത്തും വിദേശത്തും പുതിയ തൊഴില്‍സാധ്യതകള്‍ തുറന്നുകിട്ടില്ലേ എന്നാണ് കേരളാ ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ ചോദിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ഉയര്‍ന്ന ജോലിയുണ്ടായിരുന്ന മലയാളികളില്‍ നല്ലൊരു വിഭാഗവും തിരികെ പോന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ മുമ്പത്തെപ്പോലെ കൂടുതല്‍ തൊഴില്‍സാധ്യത തുറന്നുകിട്ടാനുള്ള സാധ്യതയും തീരെ കുറവാണ്. ഇങ്ങനെ മടങ്ങിയെത്തുന്നവര്‍ക്ക് ഇവിടെ പുതിയ തൊഴിലെടുക്കാനോ, പുതിയ സംരംഭങ്ങളാരംഭിക്കാനോ ഉള്ള സാധ്യതകളും തീരെ കുറവാണ്.
എന്‍ജിനീയറിങ് പോലെയുള്ള പ്രൊഫഷനല്‍ കോഴ്‌സുകള്‍ പഠിച്ച് ജോലികിട്ടാതെ നില്‍ക്കുന്ന കുട്ടികളും ഏറെയാണ്. കേരളം നേരിടുന്ന ഒരു പ്രധാന പ്രശ്‌നം നല്ല വിദ്യാഭ്യാസമുള്ളവരുടെ തൊഴിലില്ലായ്മയാണെന്ന് ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ എന്നാണ് ഈ പ്രതിഭാസത്തിന്റെ വിളിപ്പേര്. 'എല്ലാവര്‍ക്കും തൊഴില്‍ കൊടുക്കാന്‍ സര്‍ക്കാരിനാവില്ല തന്നെ. അതേസമയം, ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമുള്ള പുതിയ തൊഴില്‍സാധ്യതകള്‍ കണ്ടെത്തി അതിനാവശ്യമായ തരത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കി പുതിയ തൊഴിലുകള്‍ക്ക് അവരെ അര്‍ഹരാക്കി മാറ്റുകയാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം'-ഡോ. ഉണ്ണികൃഷ്ണന്‍ വിശദീകരിക്കുന്നു.
ലോകത്തെങ്ങും പരമ്പരാഗതമായ തൊഴിലുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതേസമയം, പുതിയ ധാരാളം തൊഴിലുകള്‍ രൂപമെടുക്കുന്നുമുണ്ട്. ആധുനിക വിജ്ഞാനവും സാങ്കേതികവിദ്യയുമെല്ലാം തൊഴില്‍മേഖലയെയാണ് ആദ്യം ബാധിക്കുക. മൊബൈല്‍ ഫോണ്‍ വ്യാപകമായതോടെ ഫോട്ടോഗ്രഫി എന്ന മേഖലയ്ക്കു തന്നെ വലിയ മാറ്റംവന്നു. കോണിക്ക, കൊഡാക്ക്, ഫ്യൂജി ഫിലിം എന്നിങ്ങനെയുള്ള സ്ഥാപനങ്ങളൊക്കെയും പെട്ടെന്ന് ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായി. ഫിലിമുകളും പഴയതരം കാമറകളും ഉപയോഗിച്ച് ഫോട്ടോ എടുക്കുന്ന രീതി മാറി. മൊബൈലില്‍ ഫോട്ടോയും സെല്‍ഫിയുമെടുക്കുന്നത് പുതിയ തലമുറയുടെ സംസ്‌കാരമായി. പഴയ ഫോട്ടോരീതികളും ഫിലിമുകളും ഇല്ലാതായപ്പോള്‍ ലോകമാകെ എത്രയോ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കാണും. എത്രയോ ജോലികള്‍ ഇല്ലാതായിക്കാണും. ഇതുപോലെയുള്ള എത്രയെത്ര തൊഴില്‍മേഖലകള്‍ ഇല്ലാതായിരിക്കുന്നു? ഇപ്പോഴും എത്രയെത്ര ജോലികള്‍ ദിവസേന ഇല്ലാതായിക്കൊണ്ടിരിക്കുന്നു?അതിലുമപ്പുറം എത്രയെത്ര ജോലികള്‍ ദിവസേന പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്നു? ഇങ്ങനെ പുതുതായി ഉണ്ടാവുന്ന ജോലികളാണ് പ്രധാനം. അവിടേക്ക് കേരളത്തിലെ യുവതലമുറയെ പരിശീലിപ്പിച്ചെടുക്കാനാവുമോ എന്നതാണ് ചോദ്യം.
ഒരുകാലത്ത് ബി.കോം നേരിട്ട് ജോലികിട്ടാന്‍ സഹായിക്കുന്ന ഒരു ബിരുദമായിരുന്നു. എഴുപതുകളുടെ മധ്യത്തോടെ ധാരാളം യുവാക്കള്‍ ബി.കോം ബിരുദമെടുത്ത് ഗള്‍ഫ് നാടുകളിലേക്കു ജോലി തേടിപ്പോയി. ഇന്ന് വെറും ബി.കോം കൊണ്ടോ അതിന്റെ ബിരുദാനന്തര ബിരുദം കൊണ്ടോ നല്ലൊരു തൊഴില്‍ കണ്ടെത്തുക വിഷമമാണ്. ജോലി കിട്ടണമെങ്കില്‍ കൊമേഴ്‌സ് ബിരുദത്തോടൊപ്പം ടാലി പോലെയുള്ള അക്കൗണ്ടിങ് സോഫ്റ്റ്‌വെയറുകളും പഠിച്ചിരിക്കണം. ആവശ്യത്തിനു പരിശീലനവും നേടിയിരിക്കണം.
കൊമേഴ്‌സ് ബിരുദവും ബിരുദാനന്തര ബിരുദവുമുണ്ടെങ്കിലും പ്രായോഗിക പരിശീലനവും പ്രത്യേക നൈപുണ്യവും നേടിയാല്‍ മാത്രമേ പുതിയ ജോലികള്‍ കിട്ടുകയുള്ളൂവെന്ന് കൊച്ചിയിലെ പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റും ജാക്‌സ് ആന്‍ഡ് അസോഷ്യേറ്റ്‌സ് എന്ന സ്ഥാപനത്തിന്റെ ഡയരക്ടറുമായ ആനന്ദ് കുമാര്‍ പറയുന്നു. ഇതു മുന്‍കൂട്ടിക്കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാനസമൂഹം കെട്ടിപ്പടുക്കാനുള്ള പരിപാടിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. കെ.എം ഏബ്രഹാമിനാണ് വിജ്ഞാനസമൂഹം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കേരളാ നോളജ് ഇക്കണോമി മിഷന്റെ (കെ.കെ.ഇ.എം) ചുമതല. 'അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയാണ് ലക്ഷ്യം. സമൂഹത്തില്‍ തികച്ചും നൂതനവും ശാസ്ത്രീയവുമായ ഒരു വൈജ്ഞാനിക മുന്നേറ്റമാണ് ലക്ഷ്യം. ഇതിന് ഏകദേശം 6,000 കോടി രൂപ ചെലവു കണക്കാക്കുന്നു'-ഡോ. ഏബ്രഹാം വിശദീകരിക്കുന്നു. നോളജ് മിഷന്റെ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍മാന്‍ കൂടിയാണ് ഡോ. ഏബ്രഹാം.
അതിവിശാലമായൊരു സ്‌കില്ലിങ് പദ്ധതിക്കാണ് മിഷന്‍ രൂപംനല്‍കുന്നത്. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും സ്വകാര്യസ്ഥാപനങ്ങളെയും ഇതില്‍ ഉള്‍പ്പെടുത്തും. ലോകമെങ്ങുമുള്ള തൊഴില്‍ദാതാക്കളുടെയും പുതിയ തൊഴിലുകളുടെയും വിവരം ശേഖരിക്കും. നൗക്‌രി, മോണ്‍സ്റ്റര്‍ തുടങ്ങിയ ആഗോള സ്വകാര്യ തൊഴില്‍ പോര്‍ട്ടലുകളെയും ഉള്‍പ്പെടുത്തും. ഇവയെ എല്ലാം കൂട്ടിയിണക്കി ഒരു ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജ്‌മെന്റ് സിസ്റ്റം ഉണ്ടാക്കും (ഡി.ഡബ്ല്യു.എം.എസ്). ഉദ്യോഗാര്‍ഥികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ദാതാക്കള്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നവര്‍ക്കും ഇതില്‍ ഇടമുണ്ടായിരിക്കും. വിവിധ തൊഴില്‍ പ്ലാറ്റ്‌ഫോമുകളുമായും ഇതിനു ബന്ധമുണ്ടായിരിക്കും. അതുകൊണ്ടുതന്നെ പ്ലാറ്റ്‌ഫോമുകളുടെ പ്ലാറ്റ്‌ഫോം എന്നാണ് സംഘാടകര്‍ ഇതിനെ വിളിക്കുന്നത്-പ്ലാറ്റ്‌ഫോം ഓഫ് പ്ലാറ്റ്‌ഫോംസ്.
കേരളത്തില്‍ അഞ്ചു ലക്ഷത്തോളം വിദ്യാസമ്പന്നരായ യുവതികള്‍ തൊഴില്‍ നഷ്ടപ്പെട്ടോ ജോലി ഇടയ്ക്കു നിര്‍ത്തിയോ തൊഴിലില്ലാതെ കഴിയുന്നുണ്ടെന്ന് ഡോ. ഉണ്ണികൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു. അഭ്യസ്ഥവിദ്യരായ 40 ലക്ഷം യുവാക്കളുണ്ട്. ഇവരുടെ എണ്ണം ഓരോ വര്‍ഷവും കൂടിവരികയാണ്. ഇവര്‍ക്കു വേണ്ട പുതിയ തൊഴിലുകള്‍ ലോകത്തെങ്ങുമുണ്ട്. ഇപ്പോള്‍ത്തന്നെ ലോകത്തെ അഞ്ചു നഴ്‌സുമാരില്‍ ഒരാള്‍ മലയാളിയാണ്. ഇന്നത്തെ സാഹചര്യത്തില്‍ വിവിധ ലോകരാജ്യങ്ങളിലുണ്ടാവുന്ന പുതിയ തൊഴിലുകള്‍ ഇങ്ങോട്ടേക്കു കൊണ്ടുവരാനാവുമെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു. പുതിയ അറിവും പുതിയ പരിശീലനവും നല്‍കിയാല്‍ ഈ ജോലികളൊക്കെയും ഇവിടെ ചെയ്യാനാവും. വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം എന്നീ രീതികള്‍ക്ക് പ്രാധാന്യം നല്‍കിയാല്‍ മതി. അതിനു പഞ്ചായത്തു തലത്തിലോ, ബ്ലോക്ക് തലത്തിലോ പൊതുസൗകര്യങ്ങളുണ്ടാക്കുകയും വേണം.
നൈപുണ്യ വികസനം (സ്‌കില്‍ ഡെവലപ്‌മെന്റ്) എന്നത് പൊതുവായ സ്‌കൂള്‍-കോളജ് വിദ്യാഭ്യാസത്തിനപ്പുറത്താണെന്ന കാഴ്ചപ്പാടിലാണ് വിജ്ഞാന മിഷന്‍ ഇതുസംബന്ധിച്ച് വിശദമായ നയരേഖ തയാറാക്കിയിരിക്കുന്നത്. ഈ നയരേഖ സംബന്ധിച്ച് വിദ്യാര്‍ഥി-യുവജന-വനിതാ സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധര്‍, ഈ സംരംഭവുമായി സഹകരിക്കുന്ന സ്ഥാപനങ്ങളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ എന്നിവരുമായി വിശദമായ ചര്‍ച്ചാ പരമ്പര മിഷന്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ആഴത്തിലുള്ള അറിവാണ് വിദ്യാഭ്യാസം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ചൂണ്ടിക്കാട്ടുന്നു. യുവജന-വിദ്യാര്‍ഥി സംഘടനകള്‍ പൊതുവെ രേഖയിലെ നിര്‍ദേശങ്ങളെ അനുകൂലിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അബിന്‍ വര്‍ക്കി, മുസ്‌ലിം യൂത്ത് ലീഗ് സെക്രട്ടറി മുജീബ് കാടേരി, ഡി.വൈ.എഫ്.ഐ സെക്രട്ടറി എ.എ റഹിം എന്നിവര്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു.
1957ലെ ഇ.എം.എസ് സര്‍ക്കാരില്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലും 1972ല്‍ സി. അച്യുതമേനോന്‍ മുഖ്യമന്ത്രിയായിരിക്കെ കെ.എസ്.യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തില്‍ നടന്ന വിദ്യാഭ്യാസ സമരവും ഉള്‍പ്പെടെ വിദ്യാഭ്യാസരംഗത്ത് പല മുന്നേറ്റങ്ങള്‍ കണ്ട സംസ്ഥാനമാണ് കേരളം. രാജഭരണകാലത്ത് തിരുവിതാംകൂറില്‍ ഈഴവ സമുദായങ്ങളുള്‍പ്പെടെ പിന്നോക്ക സമുദായങ്ങളിലെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നുവെന്ന കാര്യവും ഓര്‍ക്കണം. ബ്രാഹ്മണര്‍ക്കും നായര്‍ സമുദായത്തിനും മാത്രമേ വിദ്യാഭ്യാസത്തിന് അവകാശമുണ്ടായിരുന്നുള്ളൂ. വിദ്യാഭ്യാസം നേടിയ യുവാക്കള്‍ നായര്‍ സമുദായത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ നായര്‍ സമുദായത്തിന്റെ കുത്തകയായി. ക്രിസ്ത്യന്‍ മിഷണറിമാര്‍ സ്ഥാപിച്ച സ്‌കൂളുകളില്‍ ഈഴവര്‍ക്കും മറ്റു പിന്നോക്ക സമുദായക്കാര്‍ക്കും പ്രവേശനം കിട്ടി.
മുസ്‌ലിംകള്‍ക്കു ഭൂരിപക്ഷമുള്ള മലബാര്‍ പ്രദേശത്ത് വിദ്യാഭ്യാസ പുരോഗതിയുണ്ടായത് 1967ലെ ഇ.എം.എസ് മന്ത്രിസഭയില്‍ സി.എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയായതോടെയാണ്. മലപ്പുറത്തും മറ്റും പുതിയ സര്‍ക്കാര്‍ സ്‌കൂളുകള്‍ തുറന്നു. ഗള്‍ഫ് പണം വന്‍തോതില്‍ വന്നുതുടങ്ങിയതോടെ മലബാര്‍ മേഖലയിലൊക്കെയും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ഇതു വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കി. സര്‍വകലാശാല പരീക്ഷകളിലും പ്രവേശന പരീക്ഷകളിലും ഈ മേഖലയിലെ വിദ്യാര്‍ഥികള്‍ നേടുന്ന റാങ്കുകള്‍ തന്നെ ഈ മുന്നേറ്റത്തിനു തെളിവ്. ഇന്നിപ്പോള്‍ കേരള സമൂഹത്തെ പൊതുവെ ഒരു വിജ്ഞാനസമൂഹമായി വളര്‍ത്തിയെടുക്കാന്‍ പഴയ സാക്ഷരതായജ്ഞം പോലെ, ജനകീയാസൂത്രണം പോലെ ഒരു സാമൂഹ്യമുന്നേറ്റം കൊണ്ടുവരാന്‍ പിണറായി സര്‍ക്കാര്‍ തുടങ്ങുന്ന ശ്രമങ്ങള്‍ സമൂഹത്തില്‍ എന്തുമാത്രം മാറ്റം കൊണ്ടുവരും? പി.എസ്.സിയുടെ റാങ്ക് ലിസ്റ്റും രൂക്ഷമായ തൊഴിലില്ലായ്മയുമെല്ലാം സമൂഹത്തിന്റെ വലിയ പ്രശ്‌നങ്ങളായിരിക്കുന്ന ഇക്കാലത്ത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."