ലക്ഷദ്വീപുകള്‍
കേരളത്തിന്റെ പടിഞ്ഞാറേ തീരത്താണ് ലക്ഷദ്വീപിന്റെ സ്ഥാനം. അറബിക്കടലില്‍ സ്ഥിതി ചെയ്യുന്ന 36 ദ്വീപുകളെയാണ് ലക്ഷദ്വീപ് എന്നുവിളിക്കുന്നത്. 32 ചതുരശ്ര കിലോമീറ്ററാണ് വിസ്തൃതി. ഇവയില്‍ പത്തോളം ദ്വീപുകളിലാണ് മനുഷ്യവാസമുള്ളത്. മലയാളമാണ് ലക്ഷദ്വീപിലെ പ്രധാന ഭാഷ. ആദ്യ കാലത്ത് ചിറക്കല്‍ രാജവംശത്തിന്റേയും പിന്നീട് അറയ്ക്കല്‍ രാജവംശത്തിന്റേയും പരിധിയിലായിരുന്ന ലക്ഷദ്വീപ് പിന്നീട് ബ്രിട്ടീഷുകാര്‍ സ്വന്തമാക്കി.
ഇന്ത്യ സ്വാതന്ത്ര്യം നേടിയതോടെ ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലായ ഈ സ്ഥലം 1956 ലാണ് കേന്ദ്രഭരണ പ്രദേശമാകുന്നത്. 1964 വരെ കോഴിക്കോടായിരുന്നു ലക്ഷദ്വീപിന്റെ ഭരണസിരാകേന്ദ്രം. പിന്നീട് കവരത്തിയായി ദ്വീപിന്റെ ഭരണകേന്ദ്രം. തേങ്ങയാണ് ലക്ഷദ്വീപിലെ മുഖ്യകാര്‍ഷിക വിള. മീന്‍പിടിത്തമാണ് പല ദ്വീപുകളിലേയും പ്രധാന വരുമാനമാര്‍ഗം. പ്രാചീന സഞ്ചാരികള്‍ മാലിദ്വീപിലേയും സമീപദ്വീപുകളായ ലക്ഷദ്വീപ് സമൂഹത്തേയും ചേര്‍ത്ത് ലക്ഷം ദ്വീപുകള്‍ എന്നുവിശേഷിപ്പിച്ചിരുന്നുവത്രേ.
ദ്വീപിലെ ഭാഷ
കേരളവുമായി അടുത്തബന്ധമുള്ളവരാണ് ലക്ഷദ്വീപ് നിവാസികള്‍. മലയാളമാണ് ദ്വീപിലെ മുഖ്യഭാഷ. മിനിക്കോയി ദ്വീപില്‍ മാത്രം മാലിദ്വീപിലെ ഭാഷയോട് സാമ്യമുള്ള മഹല്‍ ഭാഷയാണ് സംസാരിക്കുന്നത്.
ചരിത്രം
ചേരമാന്‍ പെരുമാളിനെ തേടിപ്പോയ കോലത്തിരി സൈന്യത്തില്‍പ്പെട്ടവരാണ് ലക്ഷദ്വീപിലെ ആദ്യനിവാസികളെന്ന് ചരിത്രം. സൈനികര്‍ സഞ്ചരിച്ചിരുന്ന കപ്പല്‍ ലക്ഷ്യംതെറ്റി ലക്ഷദ്വീപുകളില്‍പ്പെട്ട ബംഗാരം ദ്വീപിലായിരുന്നുവത്രെ എത്തിച്ചേര്‍ന്നത്. സൈനികരില്‍നിന്നു ദ്വീപിനെക്കുറിച്ചറിഞ്ഞ കോലത്തിരി രാജാവ്, ദ്വീപിന്റെ സ്വയം പ്രഖ്യാപിത ഭരണാധികാരിയായി. ദ്വീപിലേക്കു കുടിയേറുന്നവര്‍ക്ക് കൃഷി ചെയ്യാനുള്ള സൗകര്യവും ഭൂമി സ്വന്തമാക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി കൊടുത്തു. ലക്ഷദ്വീപലെ അമിനി ദ്വീപിലേക്കാണ് ഇങ്ങനെ ആദ്യമായി ആളുകള്‍ കുടിയേറ്റം ആരംഭിച്ചത്.
വര്‍ഷങ്ങള്‍ക്കുശേഷം ദ്വീപിലെ പ്രകൃതി സമ്പത്തിനെക്കുറിച്ചറിഞ്ഞ പോര്‍ച്ചുഗീസുകാര്‍ ദ്വീപ് സ്വന്തമാക്കാനുള്ള മുന്നേറ്റം ആരംഭിച്ചു. ഇതിന്റെ ഭാഗമായി അവര്‍ 1498 ല്‍ ലക്ഷദ്വീപില്‍ ഒരു കോട്ട പണിയുകയുണ്ടായി. ദ്വീപ് നിവാസികള്‍ക്ക് തോണികള്‍ കടലില്‍ ഇറക്കാന്‍ പോലും പോര്‍ച്ചുഗീസുകാരുടെ സമ്മതം ആവശ്യമായി വന്നു. 1545ല്‍ കോലത്തിരി രാജാവിന്റെ സൈന്യം പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച് ദ്വീപിന്റെ ഭരണം പുനസ്ഥാപിച്ചു. എന്നാല്‍ വൈകാതെ തിരിച്ചടിച്ച പോര്‍ച്ചുഗീസുകാര്‍ ദ്വീപുനിവാസികളുടെ വീടുകള്‍ തകര്‍ക്കുകയും അവരെ തടവിലാക്കുകയും ചെയ്തു.
ഇതോടെ കോലത്തിരി രാജാവ് ദ്വീപിന്റെ ഭരണം ഉപേക്ഷിക്കുകയും പ്രതിവര്‍ഷം ആറായിരം പണം കപ്പം നിശ്ചയിച്ച് തന്റെ സൈന്യാധിപനായ അറയ്ക്കല്‍ ആലി രാജക്ക് മിനിക്കോയി ഒഴികെയുള്ള ദ്വീപുകളുടെ ഭരണം പൂര്‍ണമായും വിട്ടുകൊടുക്കുകയും ചെയ്തു. പിന്നീടുവന്ന ഭരണാധികാരികള്‍ ദ്വീപിന്റെ ഭരണത്തില്‍ അലംഭാവം കാണിച്ചു തുടങ്ങിയതോടെ ആ കാലത്ത് ദക്ഷിണേന്ത്യയില്‍ കാലുറപ്പിച്ച ടിപ്പു സുല്‍ത്താന്‍ 1787ല്‍ അറയ്ക്കല്‍ ബീവിയുമായി ഉണ്ടാക്കിയ കരാര്‍ പ്രകാരം അമിനി, കടമത്, കില്‍ത്താന്‍, ചെത്‌ലാത്, ബിത്ര എന്നീ ദ്വീപുകള്‍ അടങ്ങിയ അമിനി ദ്വീപുകള്‍ അധീനതയിലാക്കി. ടിപ്പുവിന്റെ മരണത്തോടുകൂടി കരാര്‍ പ്രകാരമുള്ള പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കൈയിലായി.
1808ല്‍ ദ്വീപ് കണ്ണൂര്‍ രാജാവിന് നല്‍കേണ്ട മാലിഖാനില്‍ (ഭൂമി വിട്ടുകൊടുക്കുന്നവര്‍ക്ക് നല്‍കുന്ന ആദായം) ഉള്‍പ്പെടുത്തി. 1847ല്‍ ലക്ഷദ്വീപിലുണ്ടായ പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് ബീവിക്ക് കപ്പം അടയ്ക്കാന്‍ സാധിക്കാത്ത വിധത്തിലെത്തി. 1854 ല്‍ ലക്ഷദ്വീപ് ബ്രിട്ടീഷുകാര്‍ സ്വന്തമാക്കുകയും ചെയ്തു. ദ്വീപിലെ പ്രകൃതിവിഭവങ്ങളായിരുന്നു ബ്രിട്ടീഷുകാരുടെ ലക്ഷ്യമെങ്കിലും പല ഭാഗത്തുനിന്നുള്ള എതിര്‍പ്പുകള്‍ മൂലം ബ്രിട്ടീഷുകാര്‍ക്ക് ഏറെ കാലം അതുതുടര്‍ന്നു കൊണ്ടു പോകാന്‍ സാധിച്ചില്ല.
1861ല്‍ ഈ പ്രദേശം കപ്പം നിശ്ചയിച്ച് ബ്രിട്ടീഷുകാര്‍ ബീവിക്കുതന്നെ വിട്ടുകൊടുത്തു. ദ്വീപിലെ ആലി രാജാവിന്റെ ഭരണം പൂര്‍ണമായും ഉപേക്ഷിക്കാനും പകരം ആലിരാജക്കും പിന്നീട് വരുന്ന ഭരണാധികാരികള്‍ക്കും മാലിഖാന്‍ നല്‍കാനും വ്യവസ്ഥയുണ്ടായി. 1905 ല്‍ ഇത് മുടങ്ങിയെന്ന് ആരോപിച്ച് വീണ്ടും ബ്രിട്ടീഷുകാര്‍ സ്വന്തമാക്കുകയും ചെയ്തു. സ്വതന്ത്രമായതോടെ ഇന്ത്യയുടെ ഭാഗമായ ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമായി മാറി. 1973 ലാണ് ലക്ഷദ്വീപ് എന്ന പേര് സ്വീകരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."