നിപാ: പ്രതിരോധ പ്രവര്‍ത്തനവുമായി ആരോഗ്യവകുപ്പ് ആശങ്ക വേണ്ട, ജാഗ്രത മതി
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിപാ രണ്ടാംവരവില്‍ പ്രതിരോധം ശക്തമാക്കി ആരോഗ്യവകുപ്പ്. ശനിയാഴ്ച രാത്രിയാണ് നിപായുടെ സാന്നിധ്യം ഉറപ്പാക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ചാത്തമംഗലം മുന്നൂര്‍ വായോളി അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഹാഷിം മരിച്ചതോടെയാണ് സംഭവത്തിന്റെ ഗുരുതരാവസ്ഥ ആരോഗ്യവിഭാഗം തിരിച്ചറിഞ്ഞത്. മന്ത്രി വീണാ ജോര്‍ജ് കോഴിക്കോട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി.
മന്ത്രിയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും കോഴിക്കോട്ട് ക്യാംപ് ചെയ്താണ് കാര്യങ്ങള്‍ വിലയിരുത്തുന്നത്. നിപായുടെ ഉറവിടം കണ്ടെത്താനുള്ള തീവ്രശ്രമങ്ങള്‍ നടന്നുവരികയാണ്. മെഡിക്കല്‍ കോളജ് ആശുപത്രി പേവാര്‍ഡ് നിപാ വാര്‍ഡായി മാറ്റിയിരിക്കുകയാണ്.
വീണ്ടും നിപാ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും ജനങ്ങള്‍ക്ക് ആശങ്ക വേണ്ടെന്നും ജാഗ്രത മതിയെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ മെഡിക്കല്‍ ബോര്‍ഡ് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
ജില്ലയിലെ മെഡിക്കല്‍ ഓഫിസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, സി.ഡി.പി.ഒമാര്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ആശ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് പ്രത്യേക ഓണ്‍ലൈന്‍ പരിശീലനം നല്‍കി.
രോഗപ്രതിരോധം, നിരീക്ഷണം, റഫറല്‍, ബോധവല്‍ക്കരണം എന്നിവയില്‍ നടത്തിയ പരിശീലനത്തില്‍ 317 ആരോഗ്യപ്രവര്‍ത്തകര്‍ പങ്കെടുത്തു. നിപാ ബാധിത പ്രദേശത്ത് ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ബോധവല്‍ക്കരണങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരുമായി നിപാ പ്രതിരോധം സംബന്ധിച്ച് ഓണ്‍ലൈന്‍ യോഗം വിളിച്ചു ചേര്‍ത്തു. സമീപ ജില്ലകളിലെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് തിങ്കളാഴ്ച വൈകിട്ട് അവലോകന യോഗം നടത്തിയത്. ജനങ്ങള്‍ പരിഭ്രാന്തരാവേണ്ടെന്നും ജാഗ്രതയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും മന്ത്രി അറിയിച്ചു. സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും ചെയ്ത് നമുക്ക് നിപ്പക്കെതിരേയും പ്രതിരോധം തീര്‍ക്കാം. നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. രോഗിയുമായി ഒരു മീറ്റര്‍ അകലം പാലിക്കണം. രോഗി ഉപയോഗിച്ച വസ്തുക്കള്‍ പ്രത്യേകം മാറ്റി നിര്‍മാര്‍ജനം ചെയ്യണം. രോഗലക്ഷണങ്ങളുണ്ടായാല്‍ ഉടന്‍ ആശുപത്രിയില്‍ ചികിത്സ തേടണം. ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് ഓരോരുത്തരും സുരക്ഷിതരാകണമെന്നും മന്ത്രി പറഞ്ഞു.
രോഗം സ്ഥിരീകരിക്കുന്നതില്‍ താമസം നേരിട്ടെങ്കിലും പിന്നീടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തിലായിരുന്നു. പരിശോധനക്കായി വൈറോളജി ലബോറട്ടറി താല്‍ക്കാലികമായി മെഡിക്കല്‍ കോളില്‍ സ്ഥാപിച്ചിട്ടുണ്ട്. പൂനെയില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെയെത്തി. സംഘത്തില്‍ ഡോക്ടര്‍മാരും സാങ്കേതിക വിദഗ്ധരുമുണ്ട്.
മരിച്ച കുട്ടിയുടെ സമ്പര്‍ക്കപട്ടികയില്‍ മൂന്നൂറോളം ആളുകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. പത്ത് ദിവസത്തോളം കുട്ടി ചികിത്സയിലായിരുന്നു. മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ മൂന്നിലേറെ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. അതുകൊണ്ടുതന്നെ സമ്പര്‍ക്കപട്ടിക ഇനിയും നീളാന്‍ സാധ്യതയുണ്ട്. ആദ്യം രോഗം വന്നത് മരിച്ച പന്ത്രണ്ടുകാരന് തന്നെയാണോ എന്ന കാര്യവും പരിശോധനയിലാണ്. വവ്വാലില്‍ നിന്ന് നേരിട്ട് രോഗം പടര്‍ന്നുവെന്ന് കരുതാനാവില്ല. അതുകൊണ്ടുതന്നെ മറ്റാരെങ്കിലും രോഗവാഹകനായി മാറിയോ എന്നാണ് അന്വേഷിക്കുന്നത്. അതേസമയം, രോഗവ്യാപനം തീവ്രമാകാന്‍ സാധ്യതയില്ല എന്നാണ് സൂചന. കൊവിഡ് സാഹചര്യത്തില്‍ ആളുകള്‍ പൊതുവെ സമ്പര്‍ക്കം കുറച്ചതും രോഗവ്യാപനം തടയാന്‍ ഇടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."