തലശേരി ഇരട്ടക്കൊലപാതകം: ലഹരി വില്‍പ്പന ചോദ്യം ചെയ്തതിനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
കണ്ണൂര്‍: തലശേരിയില്‍ സി.പി.എം പ്രവര്‍ത്തകരെ വെട്ടിക്കൊന്നത് ലഹരിവില്‍പ്പന ചോദ്യം ചെയ്തതിനെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ രണ്ടാം പ്രതി ജാക്സന്റെ വാഹനത്തില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പൊലിസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് വിവരം കൈമാറിയതെന്ന് പ്രതികള്‍ കരുതിയെന്നും ഈ സംശയമാണ് കൊലയില്‍ കലാശിച്ചതെന്നും പൊലിസ് പറയുന്നു. കൊലപാതകത്തിന് മറ്റ് കാരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും പൊലിസ് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.
തലശ്ശേരിയില്‍ സി.പി.എം. പ്രവര്‍ത്തകരായ തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ് (52), സഹോദരീഭര്‍ത്താവും സി.പി.എം. നെട്ടൂര്‍ ബ്രാഞ്ചംഗവുമായ ത്രിവര്‍ണ ഹൗസില്‍ പൂവനയില്‍ ഷമീര്‍ (40) എന്നിവരാണ് കഴിഞ്ഞദിവസം വെട്ടേറ്റ് മരിച്ചത്.
ഏഴ് പ്രതികളയും തലശ്ശേരി സെഷന്‍സ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. നിട്ടൂര്‍ സ്വദേശികളായ പാറായി ബാബു എന്ന സുരേഷ്ബാബു (47), ജാക്സണ് വിന്‍സെന്റ് (28), കെ.നവീന്‍ (32), വടക്കുമ്പാട് കുളിബസാറിലെ അരുണ്‍കുമാര്‍ എന്ന അരൂട്ടി (38), പിണറായി സ്വദേശികളായ ഇ.കെ.സന്ദീപ് (38), എന്‍.സുജിത്ത്കുമാര്‍ (45), വടക്കുമ്പാട് പാറക്കെട്ടിലെ മുഹമ്മദ് ഫര്ഹാന് (21) എന്നിവരെയാണ് തലശ്ശേരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തത്.
വെള്ളിയാഴ്ച വൈകിട്ട് ആറോടെ തലശ്ശേരി ജനറല്‍ ആസ്പത്രിയില്‍നിന്ന് പ്രതികളുടെ വൈദ്യപരിശോധനാനടപടി പൂര്‍ത്തിയാക്കി മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കുകയായിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പിന്നീട് നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."