കോണ്‍ഗ്രസിന് ഇനിയും പഠിക്കാനേറെ
കരിയാടന്‍
കാലിക്കറ്റ് സര്‍വകലാശാല ആക്ടിങ് വൈസ് ചാന്‍സലര്‍ പദവി വരെ നല്‍കി ആദരിച്ച പ്രശസ്ത അധ്യാപകനും പ്രഗത്ഭനായ പ്രഭാഷകനുമായ ഡോ. സുകുമാര്‍ അഴീക്കോട് ഇന്നും ജ്വലിക്കുന്ന ഓര്‍മയാണ്. 85-ാം വയസില്‍ മരണപ്പെടുന്നതിന് മുമ്പ് ഒരിക്കല്‍ അദ്ദേഹം പറഞ്ഞു; ഒരു കോണ്‍ഗ്രസുകാരനായി മരിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ എനിക്കു മുമ്പ് കോണ്‍ഗ്രസ് മരിച്ചുപോയി'. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട്ട് 1926-ല്‍ കോലോത്ത് തട്ടാരത്ത് തറവാട്ടില്‍ പിറന്ന കെ.ടി സുകുമാരന്‍ പിന്നാലെ സുകുമാര്‍ അഴീക്കോട് എന്ന സാഹിത്യകാരനായി മാറിയെങ്കിലും ചെറുപ്പകാലം മുതല്‍ തന്നെ ഗാന്ധി ശിഷ്യനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായിരുന്നു. പാര്‍ട്ടിയില്‍ അധികാരസ്ഥാനങ്ങളിലൊന്നും കയറിക്കൂടാന്‍ ഒരുമ്പെട്ടില്ലെങ്കിലും 1962-ലെ പൊതുതെരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിക്കുകയുണ്ടായി. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച മറ്റൊരു പ്രമുഖ സാഹിത്യകാരനായ എസ്.കെ പൊറ്റക്കാട്ടിനോടാണ് പരാജയപ്പെട്ടത്.
1952-ല്‍ നടന്ന ആദ്യപൊതുതെരഞ്ഞെടുപ്പില്‍ 489 അംഗ ലോക്‌സഭയില്‍ 364 പേരെ ജയിപ്പിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്‍ഗ്രസാണിന്ന് ഔദ്യോഗിക പ്രതിപക്ഷമായി അംഗീകരിക്കാനുള്ള എണ്ണം കൂടി തികയ്ക്കാനാവാത്ത അവസ്ഥയിലുള്ളത്. നിലവില്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് പതിനേഴാം ലോക്‌സഭയില്‍ 301 അംഗങ്ങളുണ്ട്. അരനൂറ്റാണ്ടിലേറെ നാട് ഭരിച്ച കോണ്‍ഗ്രസിനു 52 എം.പിമാര്‍ മാത്രം. അത് തന്നെയും മത്സരിച്ച പതിനാറില്‍ 15 പേരെയും ജയിപ്പിച്ച കേരളം കാണിച്ച മിടുക്കുണ്ടായിട്ടും.
ശരദ് പവാറിനെയും മമതാബാനര്‍ജിയേയും പോലുള്ള മിടുമിടുക്കരായ മന്ത്രിമാരെപ്പോലും പാര്‍ട്ടിയില്‍ നിന്നു പുറംതള്ളിയ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനു ഇന്നു സ്ഥിരമായ ഒരു കോണ്‍ഗ്രസ് പ്രസിഡന്റിനെ കണ്ടെത്താന്‍ കൂടി കഴിയാത്ത അവസ്ഥയാണ്. ശേഷിപ്പുള്ളവര്‍ക്കിടയില്‍ തന്നെ വഴക്കും വക്കാണവുമാണ്. പ്രിയദര്‍ശിനിയായ അമ്മയെ പോലെ ദാരുണമായി കൊല ചെയ്യപ്പെട്ട മകനായ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയേയും കണ്ണീരോടെ ഓര്‍ക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. എന്നാല്‍ രാജീവിന്റെ 77-ാം ജന്മദിനം സദ്ഭാവനാദിവസമായി ആചരിച്ചപ്പോള്‍ രൂപപ്പെട്ട 19 രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിപക്ഷ മഹാസഖ്യത്തില്‍ നിന്നു കോണ്‍ഗ്രസ് ഒന്നും പഠിച്ച മട്ടില്ല. വ്യക്തമായ ഭൂരിപക്ഷം ലഭിച്ചപ്പോള്‍ ഒരു സ്വര്‍ണത്തളികയില്‍ എന്നവണ്ണം തനിക്കുനേരെ നീട്ടപ്പെട്ട പ്രധാനമന്ത്രിപദം സസന്തോഷം മന്‍മോഹന്‍സിങ്ങിനായി സമ്മാനിച്ച ഒരു മഹിളാരത്‌നം മുന്‍നിരയില്‍ വഴി കാണിക്കാന്‍ നില്‍ക്കുമ്പോഴും ഒന്നേകാല്‍ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള രാഷ്ട്രീയപ്പാര്‍ട്ടി ഒന്നും പഠിച്ചിട്ടില്ലെന്നതില്‍ ദുഃഖം മറ്റൊന്നാണ്.
31 സംസ്ഥാനങ്ങളില്‍ ആറെണ്ണത്തില്‍ മാത്രമേ ഇന്നു കോണ്‍ഗ്രസ് ഭരണമുള്ളൂ. 543 അംഗ ലോക്‌സഭയില്‍ 52-ഉം 245 അംഗ രാജ്യസഭയില്‍ 34-ഉം അംഗങ്ങള്‍ മാത്രമേ പാര്‍ട്ടിക്കുള്ളൂ. എങ്കിലും ന്യൂഡല്‍ഹിയില്‍ ജന്തര്‍മന്ദിറിലും അക്ബര്‍ റോഡിലും പറക്കുന്ന ത്രിവര്‍ണപതാക ഇന്ത്യക്കാകെ അഭിമാനം നല്‍കുന്ന വിജയവൈജയന്തിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അപ്പോഴും ദേശീയതലത്തില്‍ തന്നെ 23 പേരുടെ ഗ്രൂപ്പ് എന്ന പേരില്‍ ഒരു സംഘം സീനിയര്‍ നേതാക്കള്‍ പാര്‍ട്ടി പ്രസിഡന്റിനു പരസ്യമായി കത്തെഴുതി നില്‍ക്കുന്നു. ഇതില്‍ അഞ്ചു മുന്‍ മുഖ്യമന്ത്രിമാരും ഒരു ഡസന്‍ മുന്‍ കേന്ദ്രമന്ത്രിമാരും ഉള്‍പ്പെടുന്നുവെന്നു കാണുമ്പോള്‍ ചിത്രം കൂടുതല്‍ ദയനീയമാകുന്നു. പാര്‍ട്ടി നേതൃത്വത്തില്‍ കാതലായ മാറ്റം വേണമെന്നു ആവശ്യപ്പെട്ട ഈ ഗ്രൂപ്പിന്റെ പട്ടികയില്‍ കപില്‍ സിബല്‍, ഗുലാം നബി ആസാദ്, എം. വീരപ്പ മൊയ്‌ലി തുടങ്ങി നമ്മുടെ ശശി തരൂര്‍, പി.ജെ കുര്യന്‍ എന്നീ പേരുകള്‍ വരെയുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തകര്‍ന്നു തരിപ്പണമായ കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടി, കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റായും വി.ഡി സതീശനെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുത്തപ്പോള്‍ പതുക്കെയെങ്കിലും ശരിയായ വഴിയിലേക്കു നീളുന്നതായി തോന്നിയിരുന്നു. എന്നാല്‍ ഡി.സി.സി പ്രസിഡന്റുമാരെ നിര്‍ണയിക്കാന്‍ ഇറങ്ങിയപ്പോള്‍ പോലും കണ്ടത് പഴയ ഗ്രൂപ്പിന്റെ വീഞ്ഞ് പുതിയ കുപ്പിയിലിറക്കിയതാണ്. ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പോലുള്ള മുതിര്‍ന്ന നേതാക്കള്‍പോലും പരസ്യപ്രസ്താവനയുമായി രംഗത്തിറങ്ങി. മുന്‍ എം.എല്‍.എയായ കെ. ശിവദാസന്‍ നായരും കെ.പി.സി.സി ജനറല്‍ സെക്രട്ടറിപദം അലങ്കരിച്ച കെ.പി അനില്‍കുമാറും സസ്‌പെന്‍ഷന്‍ ഇരന്നു വാങ്ങത്തക്കവിധം പ്രസ്താവന ഇറക്കി. പാലക്കാട് ഡി.സി.സിയുടെ മുന്‍ പ്രസിഡന്റ് എ.വി ഗോപിനാഥാകട്ടെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നു തന്നെ രാജിവച്ചു. ഒരു മുന്‍ കെ.പി.സി.സി സെക്രട്ടറിയായ പി.എസ് പ്രശാന്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ ചേക്കേറുകയും ചെയ്തു. എ.കെ ആന്റണിക്കൊപ്പം കെ.എസ്.യുവിലും മുല്ലപ്പള്ളി രാമചന്ദ്രന്റെ കൂടെ യൂത്ത് കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചിരുന്ന ആലപ്പുഴ ഡി.സി.സിയുടെ മുന്‍ പ്രസിഡന്റ് പ്രഫ. ജി. ബാലചന്ദ്രന്‍ മനംമടുത്ത് 75-ാം വയസില്‍ രാഷ്ട്രീയം തന്നെ മതിയാക്കി.
ഇത് കേരളത്തിലെ സ്ഥിതിയാണെങ്കില്‍ മറ്റു ചില സംസ്ഥാനങ്ങളിലും നില വ്യത്യസ്തമല്ല. സംഘ്പരിവാര്‍ ശക്തികളുടെ രാഷ്ട്രീയ, വര്‍ഗീയ രഥോത്സവങ്ങള്‍ നിര്‍ബാധം നടക്കുന്നതിനിടയിലും പഞ്ചാബിനെ വേറിട്ടുനിര്‍ത്തിയ കോണ്‍ഗ്രസ് ഇന്നവിടെ ചേരിപ്പോരിന്റെ കോലാഹലത്തിലാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയകരമായി തേര് തെളിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് എന്ന മുഖ്യമന്ത്രിയുമായി ഒരൊത്തു തീര്‍പ്പിനും ഇല്ലെന്ന നിലപാടിലാണ് പഞ്ചാബ് പി.സി.സി പ്രസിഡന്റ് പദം കീശയിലാക്കിയ മുന്‍ ക്രിക്കറ്റ് ടെസ്റ്റ് താരം നവ്‌ജ്യോത് സിങ്ങ് സിദ്ധു. ചര്‍ച്ചകള്‍ക്കു പിന്നാലെ ചര്‍ച്ചകള്‍ നടന്നിട്ടും കുടിപ്പക നിര്‍ത്താതെ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേശ് ബാഗലും 31 കാരനായ ആരോഗ്യമന്ത്രി ടി.എസ് സിങ്ങ് ദേവ്. രോഗശയ്യയിലും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനു വിശ്രമം നല്‍കാതെ രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രിയായ പി.സി.സി പ്രസിഡന്റ് രാജേഷ് പയലട്ട്.
കാര്യം എന്തായാലും 1885 ഡിസംബര്‍ 28നു രൂപവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെ വെല്ലാന്‍ പാകത്തില്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ലോകത്തൊരിടത്തും പിറന്നിട്ടില്ല. അന്നു മുംബൈയിലെ ഗോകുല്‍ദാസ് തേജ്പാല്‍ കോളജ് ഹാളില്‍ ഒത്തുചേര്‍ന്ന 72-പേര്‍ മതേതര ജനാധിപത്യത്തിന്റെ കറകളഞ്ഞ വക്താക്കളായിരുന്നു. നൂറ്റാണ്ടുകള്‍ ഇന്ത്യഭരിച്ച ബ്രിട്ടീഷുകാരില്‍ നിന്നു സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ജീവരക്തം നല്‍കിയ പതിനായിരങ്ങളുടെ പാര്‍ട്ടി കൊല്‍ക്കത്തയില്‍ നിന്നുള്ള വൂമേശ് ചന്ദ്ര ബാനര്‍ജി അധ്യക്ഷനായ ആദ്യത്തെ എ.ഐ.സി.സിയില്‍ ജനറല്‍ സെക്രട്ടറിപദത്തില്‍ ഇരിക്കാന്‍ ബ്രിട്ടീഷുകാരനായ അലന്‍ ഒക്‌ടോവിയന്‍ ഹ്യൂമിനുപോലും ഒരു മടിയും ഉണ്ടായില്ല. 136 വര്‍ഷത്തെ ചരിത്രത്തിനിടയില്‍ 54 വര്‍ഷം കേന്ദ്ര സര്‍ക്കാരിനു നേതൃത്വം നല്‍കിയ പാര്‍ട്ടിയാണത്. ജവഹര്‍ലാല്‍ നെഹ്‌റു മുതല്‍ മന്‍മോഹന്‍സിങ് വരെ ആറു പ്രധാനമന്ത്രിമാരെ സംഭാവന ചെയ്ത പാര്‍ട്ടി. 1971-ല്‍ 518 അംഗ ലോക്‌സഭയിലേക്ക് 352 അംഗങ്ങളെ തെരഞ്ഞെടുത്തയച്ച പാര്‍ട്ടി. അറുപതിലേറെ കോണ്‍ഗ്രസ് പ്രസിഡന്റുമാരെ കണ്ടെത്തിയ പാര്‍ട്ടി. 1996ല്‍ പുറംതള്ളപ്പെട്ടപ്പോഴും ഐക്യജനാധിപത്യമുന്നണി(യു.പി.എ)യായി എട്ടുവര്‍ഷങ്ങള്‍ക്കുശേഷം തിരിച്ചുവന്ന ചരിത്രവും പാര്‍ട്ടിക്കു സ്വന്തം.
അടുത്ത പൊതുതെരഞ്ഞെടുപ്പ് രണ്ടരവര്‍ഷം അടുത്തെത്തിനില്‍ക്കേ പ്രതിപക്ഷ മഹാസഖ്യത്തില്‍ ജനകോടികള്‍ കണ്ണുംനട്ടിരിക്കുന്ന അവസരമാണിത്. കര്‍ഷക ലക്ഷങ്ങള്‍ വര്‍ഷത്തിലേറെയായി നടത്തുന്ന പ്രക്ഷോഭം ദേശവ്യാപകമാക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ച് കോണ്‍ഗ്രസ് നേതൃത്വം ചിന്തിക്കുന്നില്ല എന്നത് നാടിന്റെ നിര്‍ഭാഗ്യം. പ്രതിപക്ഷ കക്ഷികളിലെ പിണക്കങ്ങളില്‍ മുതലെടുത്തും വോട്ടിങ്ങ് യന്ത്രങ്ങളില്‍ വ്യാപകമായ തിരിമറികള്‍ നടത്തിയും അധികാരം നിലനിര്‍ത്തിയ ഭാരതീയ ജനദ്രോഹപാര്‍ട്ടി എന്ന ബി.ജെ.പി അതിന്റെ വരുമാനം ഒരു വര്‍ഷംകൊണ്ട് 50 ശതമാനത്തിലേറെ വര്‍ധിപ്പിച്ചത് പോലും കോണ്‍ഗ്രസ് അറിയാതെ പോകുന്നുവെന്നത് നാടിന്റെ ദുഃഖം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."