ജർമനി – സ്‌പെയിൻ ; ഭായ് ഭായ്
ദോഹ • കൊണ്ടും കൊടുത്തും നടന്ന ലോകകപ്പിലെ ത്രില്ലർ പോരിൽ ടിക്കി ടാക്ക കളിയഴകുമായി കാണികളെ ത്രസിപ്പിച്ച സ്‌പെനിനെ സമനിലയിൽ തളച്ച് ജർമനി. ഇരു ടീമും 1-1ന്റെ സമനിലയോടെ പിരിഞ്ഞു. പകരക്കാരനായി ഇറങ്ങിയ സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെയും ജർമനിക്കു വേണ്ടി ഇറങ്ങിയ നിക്കളാസ് ഫുൾക്രൂഗിന്റെയും വകയായിരുന്നു ഗോളുകൾ.
മത്സരത്തിലുടനീളം ടിക്കി ടാക്കയിൽ കളി മെനഞ്ഞ സ്പാനിഷ് പടയ്ക്ക് മുന്നിൽ ജർമൻ പട വിയർത്തു. ആറാം മിനുട്ടിൽ ഒൽമോയുടെ ഷോട്ട് ന്യൂയർ തകർപ്പൻ സേവിലൂടെ രക്ഷപ്പെടുത്തിയതാണ് ആദ്യ ആക്രമണഫലം. 40ാം മിനുട്ടിൽ കിമ്മിചിന്റെ ഫ്രീകിക്കിന് തലവെച്ച് റൂഡിഗർ പന്ത് സ്‌പെയിൻ വലയിലെത്തിച്ചെങ്കിലും വാറിലൂടെ ഗോൾ നിഷേധിച്ചു. 54ാം മിനുട്ടിലാണ് ഫെറാൻ ടോറസിനെ കയറ്റി അൽവാരോ മൊറാട്ടോയെ ഇറക്കിയത്. ഇതിന് 62ാം മിനുട്ടിൽ ഫലം കണ്ടു. പോസ്റ്റിന്റെ ഇടതു ഭാഗത്തുനിന്ന് ബോക്‌സിനുള്ളിലേക്ക് ജോർദി ആൽബ നൽകിയ ക്രോസിന് കണക്ട് ചെയ്ത മൊറാട്ട പന്ത് വലയിലെത്തിച്ചു. ഒരു ഗോൾ വീണതോടെ ജയം മാത്രം മുന്നിൽ കണ്ട ജർമനി മടക്കാനായി കിണഞ്ഞുശ്രമിച്ചു. 70ാം മിനുട്ടിൽ മുള്ളറിനെ കയറ്റി ഫുൾക്രൂഗിനെ ഇറക്കിയുള്ള പരീക്ഷണത്തിൽ ജർമനി വിജയിച്ചു. 83ാം മിനുട്ടിൽ ലക്ഷ്യം കണ്ട് ഫുൾക്രൂസ് ഹാൻസി ഫ്ളിക്കിന്റെ വിശ്വാസം കാത്തു. കൂട്ടപ്പൊരിച്ചിലിനൊടുവിൽ റീബൗണ്ടിലൂടെ ലഭിച്ച പന്ത് ഫുൾക്രൂഗ് വലയിലാക്കി. മത്സരം സമനിലയിലായതോടെ ഇരുടീമും വിജയഗോളിനായി കിണഞ്ഞു ശ്രമിച്ചെങ്കിലും ഒരു പോയിന്റുമായി പിരിയേണ്ടി വന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."