മുസ്ലിം ലീഗിന്റേത് ശക്തമായ രാഷ്ട്രീയ തീരുമാനം- എ.കെ ബാലന്
മുസ്ലിം ലീഗിന്റേത് ശക്തമായ രാഷ്ട്രീയ തീരുമാനം- എ.കെ ബാലന്
തിരുവനന്തപുരം: ശക്തമായ രാഷ്ട്രീയ തീരുമാനമാണ് മുസ്ലിം ലീഗ് എടുത്തിട്ടുള്ളതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്. സി.പി.എമ്മിന്റെ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലിയിലേക്ക് ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന മുസ്ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ചില കാര്യങ്ങളില്‍ അന്തസ്സുള്ള തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ലീഗ് കോണ്‍ഗ്രസിന്റെ കക്ഷത്തിലെ കീറസഞ്ചിയല്ലെന്ന് പ്രകടമായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. ഇത് കേരള രാഷ്ട്രീയത്തില്‍ ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കും. കോണ്‍ഗ്രസിന്റെ തെറ്റായ നയങ്ങളെ ലീഗ് തിരുത്തുന്നുവെന്നും എ.കെ. ബാലന് പറഞ്ഞു.
ഏക സിവില്‍ കോഡുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് ലീഗിനെ മുമ്പ് സി.പി.എം ക്ഷണിച്ചിരുന്നു. യു.ഡി.എഫിലെ ഘടകകക്ഷി എന്ന നിലയില്‍ മുന്നണി തീരുമാനത്തിനെതിരായ തീരുമാനം വേണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് പങ്കെടുക്കാതിരുന്നത്. മുന്‍ സമീപനത്തില്‍ നിന്ന് ഇപ്പോള്‍ ലീഗ് മാറിയിരിക്കുകയാണ്.
ഫലസ്തീന് വിഷയത്തില്‍ ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്ത് സെമിനാര്‍ സംഘടിപ്പിക്കുന്നതിനെ പോലും കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. ഫലസ്തീന് വിഷയത്തില്‍ കോണ്‍ഗ്രസ് സമീപനത്തോട് യോജിക്കാനാവാത്ത സാഹചര്യമാണ് ലീഗില്‍ വന്നു ചേര്‍ന്നിട്ടുള്ളത്. ഇതില്‍ വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."