വിമാന യാത്രക്കാരെ മുഖ്യ ലക്ഷ്യമാക്കി വിപുലമായ വാണിജ്യ താല്‍പര്യങ്ങളോടെ ഗൗതം അദാനിയുടെ സൂപ്പര്‍-ആപ് വരുന്നു
മുംബൈ: ഏഷ്യയിലെ ഏറ്റവും ധനികനായ വ്യവസായി ഗൗതം അദാനി വിപുലമായ വാണിജ്യ താല്‍പര്യങ്ങളോടെ സൂപ്പര്‍-ആപ് പുറത്തിറക്കുന്നു. ഇന്‍ഹൌസ് സ്റ്റാര്‍ട്ടപ്പ് നിര്‍മിച്ച 'ഡിജിറ്റല്‍ ലോകത്തെ ഫെരാരി' ആകുമെന്ന് അദാനി കണക്കുകൂട്ടുന്ന സൂപ്പര്‍ആപ്പ് വൈകാതെ അനാച്ഛാദനം ചെയ്‌തേക്കും. അദാനിയുടെ എയര്‍പോര്‍ട്ട് നെറ്റ്‌വര്‍ക്കിലെ യാത്രക്കാരെ അദ്ദേഹത്തിന്റെ ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്ന മറ്റ് സേവനങ്ങളുമായി മൊബൈല്‍ ആപ്പ് ബന്ധിപ്പിക്കും. ഡൗണ്‍ലോഡുകള്‍ വര്‍ധിപ്പിക്കാനുള്ള ഏറ്റവും എളുപ്പവഴി യാത്രക്കാരെ ഉപയോഗപ്പെടുത്തലാണെന്ന് അദാനി കണക്കുകൂട്ടുന്നു.
രാജ്യത്തിന്റെ വ്യോമഗതാഗതത്തിന്റെ 20 ശതമാനവും അദാനിയിലൂടെയാണ് പോകുന്നത്. ഏഴ് ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ അദാനി നടത്തിവരുന്നു. കൂടാതെ മുംബൈയില്‍ ഒരു പുതിയ ടെര്‍മിനലും റണ്‍വേയും നിര്‍മിക്കുന്നുണ്ട്. വിമാനത്താവള നഗരങ്ങളിലെ ടാക്‌സി സര്‍വീസ് മേഖലയിലും അദ്ദേഹം നിക്ഷേപം നടത്തിവരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യിക്കാന്‍ ബഹുമുഖ പദ്ധതികള്‍ അദാനി ആവിഷ്‌കരിക്കുന്നുണ്ട്. കൊവിഡ് കാലത്ത് ഓണ്‍ലൈന്‍ സേവനങ്ങളുടെ ആവശ്യം കുതിച്ചുയര്‍ന്നപ്പോള്‍ ആപുമായി രംഗത്തിറങ്ങാന്‍ കഴിയാതെ പോയത് വലിയ നഷ്ടമായെന്ന് അദാനി കരുതുന്നു. ഇപ്പോള്‍ ആഗോളതലത്തില്‍ ടെക് വ്യവസായം പ്രതിസന്ധിയിലാണ്. ഇന്ത്യന്‍ ഇ-കൊമേഴ്‌സില്‍ ശക്തമായ മത്സരവുമുണ്ട്.
മൂന്ന് മുതല്‍ ആറ് മാസത്തിനുള്ളില്‍ പോര്‍ട്ടല്‍ ആരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അദാനി വെളിപ്പെടുത്തി. ആപിന്റെ പേര് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഷോപ്പിങ്, പേയ്‌മെന്റുകള്‍, വിനോദം, സോഷ്യല്‍ മീഡിയ, ധനകാര്യം എന്നിവ ഒരു സ്ഥലത്ത് സമാഹരിക്കുന്നത് ചൈനീസ് മാതൃകയാണ്. ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിങ് ലിമിറ്റഡ്, ടെന്‍സെന്റ് ഹോള്‍ഡിങ്‌സ് ലിമിറ്റഡ്, മെയ്തുവാന്‍ തുടങ്ങിയ കമ്പനികള്‍ ചൈനയില്‍ കൊവിഡ് ശക്തമാവുന്നതുവരെ വലിയ നേട്ടമുണ്ടാക്കിയിരുന്നു.
ഇന്ത്യയില്‍ ഇ-കൊമേഴ്‌സ് വലിയ വിജയമായി മാറിയിട്ടുണ്ട്. വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേറ്റിന്റെ ഫ്‌ലിപ്കാര്‍ട്ടും ആമസോണ്‍.കോം ഇന്‍കോര്‍പറേറ്റിന്റെ ഇന്ത്യന്‍ വെബ്‌സൈറ്റുകളും വളരുന്ന വിപണിയുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നു. ഫ്‌ലിപ്പ്കാര്‍ട്ട് സൈറ്റിലേക്കുള്ള ബില്യണിലധികം സന്ദര്‍ശനങ്ങളുടെ 60 ശതമാനത്തിലധികവും വന്‍നഗരങ്ങളില്‍ നിന്നാണെന്നതും വിമാനത്താവള നഗരങ്ങളെ കേന്ദ്രീകരിച്ചുള്ള അദാനിയുടെ നീക്കങ്ങള്‍ക്ക് ഊര്‍ജം പകരുന്നു.
ലോകത്തിലെ ഏറ്റവും മികച്ച സൂപ്പര്‍ ആപാണ് ചൈനയിലെ വിചാറ്റ്. ചാറ്റ് ചെയ്യാന്‍ സാധിക്കുന്നതിനു പുറമേ ബില്ലുകള്‍ അടയ്ക്കുക, ഭക്ഷണം ഓര്‍ഡര്‍ ചെയ്യുക തുടങ്ങി പലവിധ സേവനങ്ങള്‍ക്ക് ഈ ആപ് ഉപയോഗിക്കാം. ഇന്ത്യന്‍ കമ്പനികളും ട്രെന്‍ഡ് ആയി മാറിയ സൂപ്പര്‍ ആപുകള്‍ക്ക് പിന്നാലെയാണിപ്പോള്‍. വി ചാറ്റിന് സ്വന്തമായി ആപ് സ്റ്റോറുണ്ട്. നിരവധി ചെറുകിട ആപുകളും ഇതില്‍ ലഭ്യമാണ്. റിലയന്‍സ്, ജിയോ തുടങ്ങിയവയാണ് ഇന്ത്യയില്‍ സൂപര്‍ ആപുമായി രംഗത്തുള്ളത്. ആലിബാബയുടെ സപ്പോര്‍ട്ടുള്ള പേടിഎം ആപ് കൊവിഡ് ശക്തമായ സമയത്ത് ഇന്ത്യയില്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ്, ഷോപ്പിങ്, വിമാന-തീവണ്ടി യാത്രാ ടിക്കറ്റുകള്‍ എന്നിവയ്ക്കായി ധാരാളമായി ഉപയോഗിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."