തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് അജിത് ഡോവല്‍
ന്യൂഡല്‍ഹി: തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന്റെ അര്‍ത്ഥത്തിന് എതിരാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. അതിര്‍ത്തി കടന്നുള്ള ഭീകരവാദവും ഐ.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഭീകരവാദവും മനുഷ്യരാശിക്ക് ഭീഷണിയായി തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലും ഇന്തോനേഷ്യയിലും മതാന്തര സമാധാനത്തിന്റെയും സാമൂഹിക സൗഹാര്‍ദ്ദത്തിന്റെയും സംസ്‌കാരം വളര്‍ത്തിയെടുക്കുന്നതില്‍ മതപണ്ഡിതരുടെ പങ്ക്' എന്ന വിഷയത്തില്‍ രാജ്യതലസ്ഥാനത്ത് നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഡോവല്‍.
സഹിഷ്ണുത, ഐക്യം, സമാധാനപരമായ സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളിലെയും മതപണ്ഡിതന്മാരെ ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ചര്‍ച്ചയുടെ ലക്ഷ്യമെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ഇസ്‌ലാം എന്ന പദത്തിന് സമാധാനവും ക്ഷേമവുമാണ് അര്‍ത്ഥം. വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നതുപോലെ, ഒരാളെ കൊല്ലുന്നത് മനുഷ്യരാശിയെ കൊല്ലുന്നതിന് തുല്യമാണ്. ഒരാളെ രക്ഷിക്കുന്നത് സമൂഹരക്ഷയ്ക്ക് തുല്യമാണ്. ജിഹാദിന്റെ ഏറ്റവും മികച്ച രൂപം 'ജിഹാദ് അഫ്‌സല്‍' ആണെന്നാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതായത് ഒരാളുടെ ഇന്ദ്രിയങ്ങള്‍ക്കും അഹങ്കാരത്തിനും എതിരായ ജിഹാദ്, അല്ലാതെ നിരപരാധികളായ സാധാരണക്കാര്‍ക്കെതിരേയല്ല,'- ഡോവല്‍ പറഞ്ഞു.
ഡോവലിന്റെ ക്ഷണപ്രകാരം ഇന്തോനേഷ്യന്‍ ഉന്നത മന്ത്രി മുഹമ്മദ് മഹ്ഫൂദും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ഇന്തോനേഷ്യയിലെ രാഷ്ട്രീയ, നിയമ, സുരക്ഷാ കാര്യങ്ങളുടെ ചുമത വഹിക്കുന്ന മന്ത്രി മഹ്ഫൂദ് ആണ് ഉലമ ഉന്നതതല പ്രതിനിധി സംഘത്തെ നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."