ഫയല്‍ താമസിപ്പിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കണം
സാധാരണക്കാരന്റെ സമയത്തിന് ഒട്ടും വിലകല്‍പ്പിക്കാത്തവരാണ് പല സര്‍ക്കാര്‍ ജീവനക്കാരും. റേഷന്‍ കാര്‍ഡില്‍ ഒരു തിരുത്തല്‍വരുത്താന്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ നിരവധിതവണ കയറിയിറങ്ങേണ്ട അവസ്ഥയാണുള്ളത്. സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്നത് വഴി സാധാരണക്കാരുടെ നിരവധി തൊഴില്‍ദിനങ്ങളാണ് നഷ്ടമാകുന്നത്. സ്ഥാപന മേലധികാരികളുടെയും ജീവനക്കാരുടെയും ബോധപൂര്‍വമായ ഈ നടപടി അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉദാസീനതയാലും അലസതയാലും ചില പൊതുമേഖല, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സാധാരണക്കാരന്റെ സമയം നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും മുമ്പിലാണ് ഇന്ത്യന്‍ റെയില്‍വേ. ട്രെയിനുകള്‍ പലപ്പോഴും നാലും അഞ്ചും മണിക്കൂര്‍ വൈകിയോടുന്നത് പതിവാണ്. എന്തുകൊണ്ടാണ് വൈകുന്നതെന്ന് ചോദിച്ചാല്‍ ഉത്തരവാദപ്പെട്ട ആര്‍ക്കും വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിയാറില്ല. ട്രെയിന്‍ വൈകിയോടല്‍ കാരണം എത്രയോപേര്‍ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനാകാതെ തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വ്യാപാരനഷ്ടം ഉണ്ടായിട്ടുണ്ട്. ഇതൊന്നും തങ്ങളെ ബാധിക്കുന്നതല്ലെന്ന നിലപാടായിരുന്നു ഇന്ത്യന്‍ റെയില്‍വേ ഇതുവരെ പുലര്‍ത്തിപ്പോന്നിരുന്നത്.
കഴിഞ്ഞദിവസത്തെ സുപ്രിംകോടതി വിധിയോടെ ഇന്ത്യന്‍ റെയില്‍വേ ഈ ദുഷ്പ്രവണതയ്ക്ക് കടിഞ്ഞാണ്‍ ഇടേണ്ടിവരും. അനാവശ്യമായി വണ്ടി വൈകിച്ചതിന് നഷ്ടപരിഹാരമായി യാത്രക്കാരന് 30,000 രൂപ നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത് ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഓര്‍ക്കാപ്പുറത്ത് കിട്ടിയ പ്രഹരമാണ്. ട്രെയിനുകള്‍ സ്ഥിരമായി വൈകിയോടുന്നത് ഇതോടെ അവസാനിക്കേണ്ടതാണ്. നിരുത്തരവാദ നടപടിയാണ് വണ്ടി വൈകിയോടാന്‍ കാരണമായതെങ്കില്‍ അതിന് കാരണക്കാരനായ റെയില്‍വേ ജീവനക്കാരനില്‍നിന്ന് പിഴയീടാക്കാന്‍ റെയില്‍വേ നിര്‍ബന്ധിതമാകും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ അഞ്ചും ആറും മണിക്കൂര്‍ ട്രെയിനുകള്‍ വൈകിയോടുന്നത് അവസാനിക്കും. അജ്മീര്‍ - ജമ്മുതാവി എക്‌സ്പ്രസ് നാലു മണിക്കൂര്‍ വൈകിയത് കാരണം തനിക്ക് 34,000 രൂപയുടെ നഷ്ടമുണ്ടായെന്നും റെയില്‍വേ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് അല്‍വാര്‍ സ്വദേശി സഞ്ജയ് ശുക്ല നല്‍കിയ പരാതിയിലാണ് 30,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രിംകോടതി ഉത്തരവിട്ടത്. ഈ ഉത്തരവ് സര്‍ക്കാര്‍ ഓഫിസുകളിലെ ജീവനക്കാര്‍ക്കും പാഠമാകേണ്ടതുണ്ട്. മതിയായ കാരണങ്ങളില്ലാതെ ഏതെങ്കിലും ഫയലുകള്‍ സര്‍ക്കാര്‍ ജീവനക്കാരന്‍ താമസിപ്പിക്കുകയാണെങ്കില്‍ നഷ്ടപരിഹാരത്തിന് കേസ് കൊടുക്കാന്‍ സുപ്രിംകോടതി വിധി പ്രചോദനമാകും.
സംസ്ഥാനത്തെ ചില സര്‍ക്കാര്‍ ഓഫിസുകള്‍ യാതൊരു സമയനിഷ്ഠയും പാലിക്കാത്തവയാണ്. ശമ്പള പരിഷ്‌ക്കരണ കമ്മിഷനുകള്‍ സര്‍ക്കാര്‍ ജീവനക്കാരുടെ കര്‍മശേഷി വര്‍ധിപ്പിക്കാന്‍ പല നിര്‍ദേശങ്ങളും സമര്‍പ്പിക്കാറുണ്ടെങ്കിലും നടപ്പാവാറില്ല. ഇപ്പോള്‍തന്നെ ശമ്പള കമ്മിഷന്‍ നല്‍കിയ ഒരു ശുപാര്‍ശ ജീവനക്കാര്‍ രാവിലെ ഒമ്പതിന് ജോലിയില്‍ പ്രവേശിച്ച് അഞ്ചു മണി വരെ ജോലി ചെയ്യണമെന്നാണ്. ശനിയാഴ്ച അവധി കൊടുക്കണമെന്ന നിര്‍ദേശവുമുണ്ട്. എന്നാല്‍, പത്ത് മണിക്ക് എത്തേണ്ട പല സര്‍ക്കാര്‍ ജീവനക്കാരും പതിനൊന്ന് ആയാല്‍പ്പോലും എത്താറില്ല. വര്‍ധിച്ച ശമ്പളം കൈപ്പറ്റുകയും ചെയ്യും. വൈകിയെത്തുന്ന ജീവനക്കാര്‍ ഫയലുകള്‍ കാരണമില്ലാതെ താമസിപ്പിക്കുന്നതും പതിവാണ്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മാസങ്ങള്‍ക്ക് മുമ്പാണ്. അനാവശ്യമായി ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിക്കുകയും ചെയ്തു. ഒരു ചെറിയവിഭാഗം സിവില്‍ സര്‍വിസ് ജീവനക്കാര്‍ മേഖലയുടെ ശോഭ കെടുത്തുന്നതില്‍ ഇപ്പോഴും ഏര്‍പ്പെടുന്നുണ്ടെന്ന് വരെ അദ്ദേഹം പറയുകയുണ്ടായി. എന്നിട്ടെന്തെങ്കിലും മാറ്റമുണ്ടായോ? മനഃപൂര്‍വം നൂലാമാലകള്‍ സൃഷ്ടിച്ച് ഫയലുകള്‍ താമസിപ്പിക്കുന്ന മനോഭാവം പൂര്‍ണമായും മാറിയിട്ടില്ലെന്നും മുഖ്യമന്ത്രി അന്ന് പറഞ്ഞു.
കൈക്കൂലി കിട്ടാനാണ് പല ഓഫിസുകളിലും ഫയലുകള്‍ വച്ചുതാമസിപ്പിക്കുന്നത്. ഇതുമൂലം സാധാരണക്കാരന് തൊഴിലടക്കം പലതും നഷ്ടപ്പെടുകയാണ്. ന്യായമായ കാരണമില്ലാതെ ഫയലുകള്‍ വച്ചുതാമസിപ്പിച്ച് സാധാരണക്കാരന് സമയനഷ്ടമുണ്ടാക്കുന്ന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നോ സ്ഥാപന മേധാവികളില്‍ നിന്നോ നഷ്ടപരിഹാരം ഈടാക്കുന്നത് സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തും നടപ്പാകേണ്ടിയിരിക്കുന്നു.
സമയത്തിന്റെ വില ഏറെ മനസിലാക്കിയവരാണ് പാശ്ചാത്യ രാജ്യങ്ങളിലെ മനുഷ്യര്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'സമയ ബാങ്ക്' വരെ തുടങ്ങിയിരിക്കുന്നു. ചെറുപ്പക്കാര്‍ അവരുടെ സമയം അനാവശ്യമായി കളയാതെ വയോജനങ്ങളെയും ആശുപത്രിയില്‍ ചികിത്സയിലുള്ള അശരണരെയും പരിചരിക്കാന്‍ ഉപയോഗിച്ചാല്‍ അവര്‍ ഉപയോഗിച്ച സമയം ബാങ്കില്‍ വരവുവയ്ക്കുകയും പ്രായമാകുമ്പോള്‍ 'സമയ ബാങ്കി'ലെ സമയം പിന്‍വലിച്ച് അവര്‍ക്കും പരിചരണം നേടാന്‍ കഴിയും. ആയുസിന്റെ വിലയായി സമയം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ സമയത്തിന് തീരെ വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇതില്‍നിന്ന് പാഠം ഉള്‍ക്കൊള്ളാനുണ്ട്. ഇന്ത്യയിലും ആയുര്‍ദൈര്‍ഘ്യം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരമൊരവസരത്തില്‍ ഇന്ത്യയും വരുംകാലങ്ങളില്‍ സമയബാങ്കിനെക്കുറിച്ച് ചിന്തിക്കേണ്ടിവരും. ലോകം സമയത്തിന് പരമപ്രാധാന്യം നല്‍കിക്കൊണ്ടിരിക്കുമ്പോള്‍ സമയത്തിനു തീരെ വില കല്‍പ്പിക്കാതെ അഞ്ചും ആറും മണിക്കൂറുകള്‍ യാത്രക്കാരെ വഴിയില്‍ തളച്ചിടുന്ന ഇന്ത്യന്‍ റെയില്‍വേയ്ക്ക് അതു അവസാനിപ്പിക്കാന്‍ സുപ്രിംകോടതിയുടെ കടിഞ്ഞാണ്‍ വേണ്ടിവന്നു. ഇതുപോലൊരു നിയമപരമായ കടിഞ്ഞാണ്‍ സംസ്ഥാനത്തെ പൊതുജനങ്ങള്‍ ഇടപെടുന്ന ഗതാഗത മേഖലയിലും സര്‍ക്കാര്‍ ഓഫിസുകളിലും ഉണ്ടാകേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ ബോധപൂര്‍വം ഫയലുകള്‍ വച്ചുതാമസിപ്പിച്ച് അഴിമതിക്ക് കളമൊരുക്കുന്ന സാഹചര്യം അവസാനിക്കുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."