വൈദ്യുതി നിരക്ക് വര്‍ധന: സാധാരണക്കാര്‍ക്കുള്ള ഇരുട്ടടി
വൈദ്യുതി നിരക്ക് വര്‍ധന: സാധാരണക്കാര്‍ക്കുള്ള ഇരുട്ടടി
ഒരു പൊതുമേഖലാ സ്ഥാപനത്തിന്റെ കെടുകാര്യസ്ഥയ്ക്കും ധൂര്‍ത്തിനും അഴിമതിക്കും തൊഴുത്തില്‍ കുത്തിനുമെല്ലാം സാധാരണക്കാര്‍ കൊടുക്കേണ്ടിവരുന്ന പിഴയാണ് വൈദ്യുതി നിരക്ക് വര്‍ധന എന്ന് ചുരുക്കിപറയാവുന്നതാണ്. കെ.എസ്.ഇ.ബിയുടെ നഷ്ടം നികത്താന്‍ ഉപഭോക്താവിന്റെ കീശയില്‍ കൈയിട്ട് ചില്ലികാശും എടുത്തുകൊണ്ടുപോകുന്ന ഈ അസംബന്ധനാടകം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള പല പൊതുമേഖലാ സ്ഥാപനത്തിനും നഷ്ടത്തിന്റെ കണക്കു തന്നെയാണ് പറയാനുള്ളത്. എന്നാല്‍, നഷ്ടകണക്കിനനുസരിച്ച് ടിക്കറ്റ് നിരക്ക് കൂട്ടി ബസ് നിരത്തിലോടിച്ചാല്‍ എന്താകും അവസ്ഥ? കെ.എസ്.ആര്‍.ടി.സി അതിന് മുതിരാത്തതും കെ.എസ്.ഇ.ബി തയാറാകുന്നതും പാവം പൊതുജനത്തിന് വീട്ടില്‍ വെളിച്ചമെത്തിക്കാന്‍ മറ്റ് വഴിയില്ലെന്ന ബോര്‍ഡിന്റേയും സര്‍ക്കാരിന്റേയും ബോധ്യം തന്നെയാണ്. ഈ കുത്തകാവകാശം എന്തും ചെയ്യാനുള്ള ലൈസന്‍സ് ആകരുത്. അടിക്കടിയുള്ള വിലക്കയറ്റത്തിന്റേയും പാചക വാതക, ഇന്ധന വില വര്‍ധനയുടേയും ഭാരം ചുമലിലേറ്റി വിയര്‍ക്കുന്ന സാധാരണക്കാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഇരുട്ടടി തന്നെയാണിപ്പോഴത്തെ വൈദ്യുതി നിരക്ക് വര്‍ധന.
ബോര്‍ഡിന്റെ നഷ്ടം നികത്താനാണ് കേരളപ്പിറവി ദിനം മുതല്‍ ഗാര്‍ഹിക വൈദ്യുതിക്ക് യൂനിറ്റിന് 15 മുതല്‍ 60 പൈസ വരെ കൂട്ടിയിരിക്കുന്നത്. കോടികള്‍ ഖജനാവില്‍ നിന്നൊഴുക്കിയുള്ള 'കേരളീയം' തലസ്ഥാന നഗരിയില്‍ അരങ്ങുകൊഴുപ്പിക്കുമ്പോഴാണ് പാവപ്പെട്ടവന്റെ കഞ്ഞിയില്‍ മണ്ണിടുന്ന ബോര്‍ഡിന്റെ ക്രൂരവിനോദം. യൂനിറ്റിന് ശരാശരി 20 പൈസയുടെ വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. യൂനിറ്റിന് 19 പൈസ സെസ് തുടരുന്നുണ്ട്. ഫിക്‌സ്ഡ് ചാര്‍ജ് അഞ്ച് രൂപ മുതല്‍ 50 രൂപ വരെ കൂട്ടി. ഇതും പേരാഞ്ഞിട്ട് 120 യൂനിറ്റുവരെ ഉപയോഗിക്കുന്നവര്‍ക്കുള്ള സബ്‌സിഡിയും വേണ്ടെന്നുവച്ചു. അഞ്ചു പേരടങ്ങിയ കുടുംബത്തില്‍ 150 യൂനിറ്റാണ് പ്രതിമാസ ഉപഭോഗമെങ്കില്‍ 100 രൂപയുടെ നിരക്ക് വര്‍ധനയുണ്ടാകും. വീട്ടില്‍ ഒരു എ.സിയുണ്ടെങ്കില്‍ 550 രൂപയുടെ വരെയെങ്കിലും കൂടും. മാസം 200 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന വീടുകളില്‍ 48 രൂപയുടെ വര്‍ധന പ്രതീക്ഷിക്കാം. പ്രതിവര്‍ഷം 531 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് കെ.എസ്.ഇ.ബി ഈ കടുംവെട്ടിന് തുനിഞ്ഞിരിക്കുന്നത്. 40 യൂനിറ്റിന് താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകള്‍ക്ക് നിരക്കുവര്‍ധന ഇല്ലെങ്കിലും ചെറിയ പെട്ടികടകള്‍ക്ക് പോലും ഫിക്‌സഡ് ചാര്‍ജ് കൂട്ടി കൈയിട്ടുവാരി. വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനലുകള്‍ വച്ചവരില്‍ നിന്ന് വന്‍തുക വൈദ്യുതി ബില്‍ ഇനത്തില്‍ ഈടാക്കാനാകാത്തതിലാകാം ഫിക്‌സഡ് ചാര്‍ജില്‍ 15 രൂപയുടെ വരെ വര്‍ധന വരുത്തി കിട്ടാവുന്നത് ഊറ്റുന്നത്.
നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വരുത്തേണ്ട താരിഫ് വര്‍ധന ഇപ്പോള്‍ അടിക്കടിയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂനിറ്റിന് 25 മുതല്‍ 60 പൈസവരെ വര്‍ധിപ്പിച്ചിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നുമുതല്‍ നാലു മാസത്തേക്ക് യൂനിറ്റിന് ഒന്‍പത് പൈസ തോതില്‍ സര്‍ ചാര്‍ജും ചുമത്തി. കഴിഞ്ഞ വര്‍ഷം പുറത്തു നിന്ന് വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് വന്ന നഷ്ടമായ 87.07 കോടി രൂപ നികത്താനായിരുന്നു സര്‍ചാര്‍ജ്. ഇക്കുറിയും നഷ്ടത്തിന്റെ കണക്കുപറഞ്ഞാണ് ചാര്‍ജ് വര്‍ധന അടിച്ചേല്‍പ്പിച്ചിരിക്കുന്നത്. നടപ്പുവര്‍ഷം 2,389 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കെ.എസ്.ഇ.ബിയുടെ വാദം. ഇതു പരിഹരിക്കാന്‍ യൂനിറ്റിന് 40 പൈസയുടെ വര്‍ധനയെന്നായിരുന്നു ആവശ്യം.
ബോര്‍ഡിന്റേ എല്ലാ ചെലവും വഹിക്കേണ്ട ബാധ്യത ഉപഭോക്താക്കള്‍ക്കാണിപ്പോള്‍. ചെലവ് മാത്രം പോരാ, വീഴ്ചകള്‍ക്കും ധൂര്‍ത്തിനുമുള്ള വിലയും നല്‍കണം. അതിനുള്ള കരുത്തൊന്നും പാവം വൈദ്യുത ഉപഭോക്താക്കള്‍ക്കില്ലെന്ന് ഇനിയും സര്‍ക്കാര്‍ തിരിച്ചറിയണം. സംസ്ഥാനത്തിന് ആവശ്യമുള്ളതിന്റെ 30 ശതമാനം വൈദ്യുതിയാണ് ഇവിടെ ഉല്‍പാദിപ്പിക്കുന്നത്. ബാക്കി വേണ്ടത് പുറത്തുനിന്ന് വാങ്ങും. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ വിലയും ചെലവും ഒരു ചെറിയ ലാഭവും കണക്കാക്കിയുള്ള വില നിശ്ചയിച്ചല്ല ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ജീവനക്കാരുടേയും ബോര്‍ഡ് അംഗങ്ങളുടേയും ശമ്പളം, പെന്‍ഷന്‍, സ്ഥാപന നടത്തിപ്പ് ചെലവ് ഇതൊക്കെ ചേര്‍ത്ത് വിലയിടുമ്പോള്‍ അതെങ്ങനെ സാധാരണക്കാര്‍ക്ക് താങ്ങാനാകും. പുറത്തുനിന്ന് വൈദ്യുതി വാങ്ങി അതിവിടെ കൊള്ളവിലക്ക് വിറ്റാണ് നഷ്ടത്തിലാണെങ്കിലും ഈ സ്ഥാപനം മുമ്പോട്ടുപോകുന്നതെന്ന് അത്ഭുതപ്പെടുത്തുന്നതു തന്നെയാണ്. ബോര്‍ഡിന്റെ കാര്യക്ഷമത ഇല്ലായ്മയ്ക്കും മാനേജ്‌മെന്റിന്റെ പിടിപ്പുകേടിനുമുള്ള വില എത്രകാലം കൊടുക്കേണ്ടി വരും പാവം ഉപഭോക്താക്കളായ നാം ഓരോരുത്തരും. പ്രസരണനഷ്ടവും മോഷണവും നിയന്ത്രിച്ച് കുടിശ്ശിക കൃത്യമായി പിരിച്ചെടുത്താല്‍ തന്നെ ബോര്‍ഡിന് കരകയറാം. എന്നാല്‍, ഇതിനേക്കാള്‍ എളുപ്പം ചാര്‍ജ് കൂട്ടുന്നതാണെന്ന് കണ്ടെത്തി കുത്തിപ്പിരിക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മിഷനും താല്‍പര്യം. 15,000 കോടി സഞ്ചിത നഷ്ടമായി നില്‍ക്കുന്ന കെ.എസ്.ഇ.ബി ഇത് തരണം ചെയ്ത് ലാഭത്തിലായി വൈദ്യുതി ചാര്‍ജ് കുറയ്ക്കുമെന്നത് വിദൂര സ്വപ്‌നം തന്നെയാണ്. അതിനാല്‍ ഇരുട്ടടിയുടെ ഷോക്ക് കുറയ്ക്കാന്‍ എന്തെങ്കിലും മാര്‍ഗങ്ങളുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്.
സ്വകാര്യ കമ്പനികള്‍ കുടിശ്ശികയായി 1,000 കോടിയോളം കെ.എസ്.ഇ.ബിക്ക് നല്‍കാനുണ്ട്. ജല അതോരിറ്റി ഉള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ നല്‍കാനുണ്ട് 736 കോടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കുടിശ്ശിക 100 കോടിക്കടുത്ത് വരും. ഇതെല്ലാം പിരിച്ചെടുക്കുമെന്ന് ബോര്‍ഡ് ഉറപ്പുനല്‍കിയിട്ടും ഒന്നും നടപ്പിലായില്ല. ചെറുകിടവന്‍കിട വ്യവസായ ഉപഭോക്താക്കളുടെ കുടിശ്ശികയില്‍ 15 ശതമാനവും നിയമക്കുരുക്കിലുമാണ്. അതിനിടെ കേന്ദ്ര പദ്ധതികളോടുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാരവും ഉപഭോക്താവ് താങ്ങേണ്ടി വരുന്നുണ്ട്. സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലും വൈദ്യുതിയുടെ കേന്ദ്ര വിഹിതത്തിലും ഇത് കണ്ടതാണ്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ കെ.എസ്.ഇ.ബി 3,309 ദശലക്ഷം യൂനിറ്റ് കേന്ദ്ര വിഹിതം വേണ്ടെന്നുവച്ചത്. ഇതു വാങ്ങി മറിച്ചുവിറ്റിരുന്നുവെങ്കില്‍ 1,655 കോടി ലാഭം കിട്ടുമായിരുന്നു.
കെ.എസ്.ഇ.ബി നല്‍കിയ ഷോക്കിന് പുറമെ വെള്ളക്കരവും കൂട്ടാനൊരുങ്ങുന്നു എന്നാണ് പുതിയ വാര്‍ത്തകള്‍. ഏപ്രില്‍ മുതല്‍ അഞ്ചു ശതമാനം വര്‍ധനയ്ക്കാണ് വാട്ടര്‍ അതോരിറ്റി ഒരുങ്ങുന്നത്. പെന്‍ഷന്‍കാര്‍ക്കുള്ള കുടിശ്ശിക അടക്കം കൊടുക്കാന്‍ വാട്ടര്‍ അതോരിറ്റിക്ക് കോടികള്‍ വേണം. ഇതിന് അവര്‍ മുന്നോട്ടുവയ്ക്കുന്നത് ജനങ്ങളുടെ വെള്ളം കുടി മുട്ടിക്കുന്ന നിരക്ക് വര്‍ധന തന്നെയാണ് എന്നത് ഖേദകരമാണ്. ഇത് ചെറിയ വര്‍ധനയാണ്, ഓരോ വര്‍ഷവും നിരക്ക് കൂട്ടും എന്നൊക്കെ പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളി തന്നെയാണ്. മികച്ച മാനേജ്‌മെന്റിലൂടെയും തൊഴിലാളികളുടേയും ജീവനക്കാരുടേയും സഹകരണത്തോടെയും ബോര്‍ഡിനെ ജനം ആഗ്രഹിക്കുന്ന വിധം ഉയര്‍ത്തികൊണ്ടു വരികയാണ് വേണ്ടത്. ഇനിയെങ്കിലും കെ.എസ്.ഇ.ബിയില്‍ നിന്നും ഷോക്കിങ് അല്ലാത്ത നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരുത്തണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."