പ്രവാസികള്‍ക്കുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരം വലെന്‍സിയയും ദുബൈയും
പ്രവാസികള്‍ക്ക് താമസിക്കാനും ജോലി ചെയ്യാനും ലോകത്തിലെ ഏറ്റവും മികച്ച നഗരങ്ങളായി സ്‌പെയിനിലെ വലെന്‍സിയയും യു.എ.ഇയിലെ ദുബൈയും തെരഞ്ഞെടുക്കപ്പെട്ടു. 2022ലെ ഇന്റര്‍നേഷന്‍സ് എക്‌സ്പാറ്റ് സിറ്റി റാങ്കിങ് ലിസ്റ്റില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയ നഗരങ്ങള്‍ മൂന്ന് വ്യത്യസ്ത ഭൂഖണ്ഡങ്ങളിലുള്ളവയാണ്. 181 രാജ്യങ്ങളില്‍ താമസിക്കുന്ന 11,970 പ്രവാസികളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
നല്ല ജീവിത സാഹചര്യങ്ങള്‍, സൗഹൃദ അന്തരീക്ഷം, താങ്ങാനാവുന്ന ചെലവ്, പൊതുഗതാഗതം, കായിക അവസരങ്ങള്‍ എന്നിവയാണ് വലെന്‍സിയയെ ഇഷ്ടപ്പെടാന്‍ പ്രധാന കാരണമെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ദുബൈ ആണ് രണ്ടാം സ്ഥാനത്ത്. ജോലിക്കും വിനോദത്തിനും ഏറ്റവും അനുയോജ്യമാണ് എന്നതാണ് ദുബൈയെ മുന്നിലെത്തിച്ചത്. യു.എ.ഇയിലെ മറ്റൊരു നഗരമായ അബുദാബിയും ആദ്യ 10ല്‍ ഇടംനേടി. മികച്ച ആരോഗ്യ പരിപാലനവും ആശങ്കകളില്ലാത്ത ബ്യൂറോക്രസിയുമാണ് പ്രവാസികളുടെ ഇഷ്ടനഗരമായി ഒമ്പതാം സ്ഥാനത്തെത്താന്‍ സഹായിച്ചത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് രണ്ട് നഗരങ്ങള്‍ മാത്രമാണ് ആദ്യ പത്തിലുള്ളത്.
താങ്ങാനാവുന്ന ജീവിത ചെലവും സൗഹൃദ അന്തരീക്ഷവുമാണ് മൂന്നാം സ്ഥാനത്തെത്തിയ മെക്‌സിക്കോ സിറ്റിയുടെ പ്രത്യേകത. എന്നാല്‍ നഗരം സുരക്ഷിതമല്ല എന്നും ജനങ്ങള്‍ അഭിപ്രായപ്പെടുന്നു.
50 രാജ്യങ്ങളുടെ പട്ടികയില്‍ ദക്ഷിണാഫ്രിക്കന്‍ നഗരമായ ജോഹന്നസ്ബര്‍ഗ് ആണ് ഏറ്റവും താഴെ. ജീവിത ചെലവ് താങ്ങാനാവുന്നതല്ലെന്നും സുരക്ഷിതമല്ലെന്നും സര്‍വേ മുദ്രകുത്തി. ജര്‍മനിയുടെ ഫ്രാങ്ക്ഫര്‍ട്ടും ഫ്രഞ്ച് തലസ്ഥാനമായ പാരീസും ഏറ്റവും പിന്നിലാവാന്‍ കാരണം ഉയര്‍ന്ന താമസ ചെലവാണ്.
വടക്കേ അമേരിക്കയില്‍ മിയാമി (12ാം സ്ഥാനം), ന്യൂയോര്‍ക്ക് (16ാം സ്ഥാനം) ടൊറന്റോ (19ാം സ്ഥാനം) നഗരങ്ങളാണ് മുന്നില്‍. 40ാം സ്ഥാനത്തുള്ള ലണ്ടനാണ് യു.കെയിലെ മികച്ച നഗരം. ഏഷ്യയിലെ മറ്റിടങ്ങളില്‍, കുറഞ്ഞ ജീവിതച്ചെലവ് കാരണം ബാങ്കോക്ക് ആറാം സ്ഥാനത്തെത്തിയപ്പോള്‍ തൊഴില്‍-ജീവിത സാഹചര്യങ്ങളിലെ സന്തുലിതത്വം കൊണ്ട് ആസ്‌ത്രേലിയയിലെ മെല്‍ബണ്‍ എട്ടാം സ്ഥാനം നേടി. സിംഗപ്പൂരിനാണ് പത്താംസ്ഥാനം. മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, ലളിതമായ ഭരണനടപടികള്‍, തൃപ്തികരമായ സാമ്പത്തിക നയങ്ങള്‍ എന്നിവയാണ് സിങ്കപ്പൂരിന്റെ സവിശേഷതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."