എ.ആര്‍ നഗര്‍ വിവാദം: ജലീല്‍- ലീഗ് പോര് മുറുകുന്നു
തീയണയ്ക്കാന്‍ തിരൂരങ്ങാടിയിലെ ഫയര്‍ എന്‍ജിന്‍ മതിയാവില്ലെന്ന് ജലീല്‍
ഊതിയാല്‍ കെട്ടുപോകുന്ന തീയെന്ന് പി.എം.എ സലാം
മലപ്പുറം: എ.ആര്‍ നഗര്‍ സഹകരണ ബാങ്ക് വിവാദവുമായി ബന്ധപ്പെട്ട് കെ.ടി ജലീലും മുസ്‌ലിം ലീഗും തമ്മില്‍ പോര് മുറുകുന്നു. വിഷയത്തില്‍ ഇ.ഡി ഇടപെടുന്നതില്‍ ജലീലിനെ മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും മന്ത്രി വാസവനും തള്ളിപ്പറഞ്ഞതില്‍ ജലീലിനെ പരിഹസിച്ച് ലീഗ് സംസ്ഥാന ആക്ടിങ് ജനറല്‍ സെക്രട്ടറി പി.എം.എ സലാം രംഗത്തുവന്നതോടെയാണ് പോര് മുറുകിയത്. 'എ.ആര്‍ നഗര്‍ പൂരം: ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ നിന്നുളള ഇടപെടലിനാല്‍ വളാഞ്ചേരി നിലയത്തില്‍ നിന്നുളള വെടിക്കെട്ടുകള്‍ താല്‍കാലികമായി നിര്‍ത്തി വച്ചിരിക്കുന്നു' എന്നാണ് സലാം ഫേസ്ബുക്കില്‍ കുറിച്ചത്.
ഇതിനു മറുപടിയായാണ് ഇന്നലെ മുഖ്യമന്ത്രിയെ കണ്ടശേഷം ജലീല്‍ പോസ്റ്റിട്ടത്. 'ഇന്ന് രാവിലെ മുഖ്യമന്ത്രിയെ കണ്ടു. വിശദമായി കാര്യങ്ങള്‍ സംസാരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ, ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ചമുറുക്കിയുടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021ലും പോരാട്ടം ലക്ഷ്യം കാണും.
ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാംദേഹികള്‍ പോലും സവാരി ചെയ്‌തേനേ എന്ന വരികള്‍ എത്ര പ്രസക്തം. ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ. എ.ആര്‍ നഗര്‍ പൂരത്തിന്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയണയ്ക്കാന്‍ തിരൂരങ്ങാടിയിലെ 'ഫയര്‍ എന്‍ജിന്‍' മതിയാകാതെ വരും' എന്ന മറുപടിയാണ് ജലീല്‍ നല്‍കിയത്. ഇതിനൊപ്പം സലാമിന്റെ ഫേസ്ബുക്ക് പേജിന്റെ സ്‌ക്രീന്‍ ഷോട്ടും ജലീല്‍ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനെതിരേ എ സലാം വീണ്ടും രംഗത്തെത്തി. 'ഊതിയാല്‍ കെട്ടുപോകുന്ന തീയണയ്ക്കാന്‍ ആരെങ്കിലും ഫയര്‍ എന്‍ജിന്‍ വിളിക്കാറുണ്ടോ? ഇതുംകൂടി സ്‌ക്രീന്‍ ഷോട്ട് എടുത്തുവച്ചോളൂ. ആവശ്യം വന്നേക്കു'മെന്നായിരുന്നു സലാമിന്റെ മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."