'നഷ്ടപ്പെട്ടത് തിരികെ ലഭിക്കില്ലല്ലോ'; കഴിഞ്ഞതൊന്നും വിശ്വസിക്കാനാകാതെ ഹാഷിമിന്റെ ഉമ്മ
സ്വന്തം ലേഖിക
കോഴിക്കോട്: ഏറെ നാളത്തെ പ്രാര്‍ഥനകള്‍ക്കു ശേഷം കിട്ടിയ പൊന്നുമോന്‍ അകാലത്തില്‍ വിട്ടുപിരിഞ്ഞപ്പോള്‍ തനിക്കു ചുറ്റും സംഭവിച്ചത് എന്താണെന്നുപോലും തിരിച്ചറിയാന്‍ വാഹിദയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. മകനില്‍നിന്ന് വൈറസ് മറ്റാരിലേക്കും പകര്‍ന്നില്ലല്ലോ എന്നത് ആശ്വാസം. എങ്കിലും അവനില്‍ അവസാന നാളുകളില്‍ സംഭവിച്ചതൊന്നും വിശ്വസിക്കാന്‍ ഈ ഉമ്മമനസിനായിട്ടില്ല.
കഴിഞ്ഞ ശനിയാഴ്ച രാത്രിയോടെയാണ് ചാത്തമംഗലം പാഴൂര്‍ സ്വദേശിയായ അബൂബക്കറിന്റെയും വാഹിദയുടെയും ഏക മകന്‍ മുഹമ്മദ് ഹാഷിമിന് നിപാ സ്ഥിരീകരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയോടെ കുട്ടി മരിച്ചു.
' കാര്യമായ അസുഖങ്ങളൊന്നും ബാധിക്കാറില്ലായിരുന്നു ഹാഷിമിന്. പനി കുറയാത്തതിനാല്‍ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് പോകുമ്പോള്‍തന്നെ അവന്‍ വല്ലാതെ ഭയക്കുന്നുണ്ടായിരുന്നു. ഓട്ടോയില്‍ വരാനായിരുന്നു തങ്ങളുടെ തീരുമാനമെങ്കിലും കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.
ആംബുലന്‍സില്‍ കൊണ്ടുവരുമ്പോള്‍ അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍ പോലെ കാണിച്ചു. പനി കൂടിയതിനാലാവാം എന്നാണു കരുതിയത്. ഓമശ്ശേരിയിലെ ആശുപത്രിയില്‍നിന്നു തൂക്കം നോക്കുമ്പോഴൊക്കെ അവന്‍ വീല്‍ചെയറില്‍നിന്ന് ഇറങ്ങി നടന്നിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴും ബോധമുണ്ടായിരുന്നു. ഡോക്ടര്‍ പേരു ചോദിച്ച പ്പോള്‍ നല്ല ദേഷ്യത്തോടെയായിരുന്നു മറുപടി പറഞ്ഞത്.
പിന്നീട് മെഡിക്കല്‍ കോളജില്‍നിന്നു ഡോക്ടറുടെ നിര്‍ദേശപ്രകാരം ഒരു ഇഞ്ചക്ഷന്‍ നല്‍കി. അതിനുശേഷം എന്താണ് സംഭവിച്ചതെന്നറിയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ വായില്‍നിന്നു പത വന്നു. നാവും പുറത്തേക്കു തള്ളിവന്നു. പിന്നെ അവന്‍ സംസാരിച്ചിട്ടില്ല. ആംബുലന്‍സും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സ്‌ട്രെച്ചറും എല്ലാം അവനെ വല്ലാതെ ഭയപ്പെടുത്തുന്നതു പോലെ തോന്നിയിരുന്നു.
എന്തുകൊണ്ടോ, വിധിയായിരിക്കാം, എന്തിനാണ് ഇങ്ങനെ പേടിക്കുന്നതെന്ന് ചോദിക്കാന്‍ എനിക്കുതോന്നിയില്ല. സമൂഹമാധ്യമങ്ങളിലും ചില ചാനലുകളിലും മരണത്തില്‍ ദുരൂഹതയുണ്ടെന്ന വാര്‍ത്തകള്‍ വരുന്ന കാര്യം ചിലര്‍ പറഞ്ഞിരുന്നു. തങ്ങള്‍ക്ക് മകനെ നഷ്ടപ്പെട്ടില്ലേ, ഇനി തിരിച്ചു ലഭിക്കില്ലല്ലോ? ' - വാഹിദയുടെ ശബ്ദമിടറുന്നു.
മെഡിക്കല്‍ കോളജില്‍ വെന്റിലേറ്റര്‍ സൗകര്യം ലഭിക്കാതിരുന്നതിലാണ് കുടുംബം കുട്ടിയെ മിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.
മെഡിക്കല്‍ കോളജില്‍നിന്നു തന്നെ കുട്ടിയെ ഇന്‍ട്യുബേറ്റ് ചെയ്തിരുന്നു. അതു രോഗം മറ്റുള്ളവരിലേക്കു പകരുന്നതു തടയാന്‍ വലിയ അളവില്‍ സഹായിച്ചതായും മിംസ് അധികൃതര്‍ വ്യക്തമാക്കുന്നു. കുട്ടിക്ക് മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കുന്നതില്‍ വീഴ്ച പറ്റിയോ എന്നതു സംബന്ധിച്ച അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."