ചരിത്രത്തിലേക്കൊരു ലാന്‍ഡിങ്; ഹൈവേയില്‍ പറന്നിറങ്ങി വ്യോമസേനാവിമാനം
അടിയന്തര ലാന്‍ഡിങ് സൗകര്യം ഉദ്ഘാടനം ചെയ്തു, ഇനി അടിയന്തര ഘട്ടത്തില്‍ യുദ്ധവിമാനം റോഡിലുമിറക്കാം
ന്യൂഡല്‍ഹി: വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് വിമാനം രാജസ്ഥാനിലെ ദേശീയ പാതയിലേക്ക് പറന്നിറങ്ങിയത് ചരിത്രത്തിലേക്കായിരുന്നു. അടിയന്തര ഘട്ടങ്ങളില്‍ ഹൈവേകളില്‍ യുദ്ധവിമാനങ്ങള്‍ ലാന്‍ഡ് ചെയ്യാനും പറന്നുയരാനുമുള്ള ശേഷിയാണ് വ്യോമസേന പ്രകടമാക്കിയത്.
രാജസ്ഥാനിലെ ജാലോറിലാണ് വ്യോമസേനയുടെ എമര്‍ജന്‍സി ലാന്‍ഡിങിന്റെ ഉദ്ഘാടനം നടന്നത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, വ്യോമസേനാ മേധാവി ആര്‍.കെ.എസ് ബദൗരിയ എന്നിവരെയും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ സി-130 ജെ സൂപ്പര്‍ ഹെര്‍ക്കുലീസ് യാത്രാ വിമാനമാണ് ദേശീയ പാത 925 എയില്‍ ഇറക്കിയത്.
19 മാസം കൊണ്ട് ഈ സൗകര്യമൊരുക്കിയ കമ്പനിയെയും ദേശീയ പാതാ അതോറിറ്റിയെയും വ്യോമസേനയെയും പ്രതിരോധമന്ത്രി അഭിനന്ദിച്ചു. ഇത് ഇന്ത്യയുടെ ശക്തിയാണ്. 1971ലെ യുദ്ധത്തിന് സാക്ഷിയായ പ്രദേശമാണിത്. അന്താരാഷ്ട്ര അതിര്‍ത്തി അടുത്താണ്. ഇത്തരമൊരു അടിന്തര ലാന്‍ഡിങ് സൗകര്യം നമ്മുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ എപ്പോഴും സജ്ജരാണെന്ന് തെളിയിക്കുക കൂടിയാണിത്. അതിര്‍ത്തി പ്രദേശങ്ങളുടെ വികസനം സര്‍ക്കാരിന്റെ മുന്‍ഗണനകളിലൊന്നാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
രാജ്യത്തെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് ഈ സൗകര്യം വ്യാപിപ്പിക്കുമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. തമിഴ്‌നാട്ടില്‍ ചെന്നൈ, പുതുച്ചേരി റോഡ്, ആന്ധ്രയില്‍ നെല്ലൂര്‍-ഓങ്കോള്‍ റോഡ്, ഓങ്കോള്‍-ചിലകാലുരിപെട്ട് റോഡ് തുടങ്ങി 19 സ്ഥലങ്ങളില്‍ ഈ സൗകര്യമൊരുക്കും. രാജ്യത്ത് ലോകോത്തര ദേശീയപാതയുടെ നിര്‍മാണം റെക്കോഡ് വേഗത്തിലാണ് നടക്കുന്നത്. ഇപ്പോള്‍ നമ്മുടെ ദേശീയപാതകള്‍ സൈന്യത്തിന് ഉപയോഗപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."