ചോദ്യങ്ങളുടെ വില
സാമ്പത്തിക മേഖലയിലെ അമേരിക്കന്‍ ഭീമനായ ജെ.പിമോര്‍ഗന്‍ ചേസിന്റെ ലണ്ടനിലെ വൈസ് പ്രസിഡന്റായിരിക്കെ ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്ന പദവിയുപേക്ഷിച്ചാണ് മഹുവ മൊയ്ത്ര 2009ല്‍ രാഷ്ട്രീയത്തിലെത്തുന്നത്. 1974 ഒക്ടോബര്‍ 12ന് അസമിലെ ലബാക്കില്‍ ബംഗാളി കുടുംബത്തില്‍ ജനനം. കൊല്‍ക്കത്തയില്‍ സ്‌കൂള്‍ വിദ്യാഭ്യാസം. ഇക്കണോമിക്‌സ് ആന്‍ഡ് മാത്തമാറ്റിക്‌സില്‍ ബിരുദമെടുത്തത് മസാച്ചുസെറ്റ്‌സ് സൗത്ത് ഹെഡ്‌ലിയിലെ മൗണ്ട് ഹോളിയോ കോളജിലേക്ക്. പിന്നാലെ അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ജെ.പിമോര്‍ഗന്‍ ചേസില്‍ ന്യൂയോര്‍ക്കില്‍ ജോലി. ഉടനെ ലണ്ടനിലെ ഓഫിസിലേക്ക് വൈസ് പ്രസിഡന്റായി സ്ഥലംമാറ്റം. അവിടെ നിന്ന് ജോലിയുപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍. ഈ മഹുവയെക്കുറിച്ചാണ് അദാനിക്കെതിരേ പാര്‍ലമെന്റില്‍ ചോദ്യമുന്നയിക്കാന്‍ വ്യവസായി ഹിരാനന്ദനിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന പരിഹാസ്യമായ ആരോപണവുമായി ബി.ജെ.പി എത്തിയിരിക്കുന്നത്.
അമേരിക്കന്‍ ജീവിതം വാഗ്ദാനം ചെയ്തതിനെക്കാള്‍ ഉയര്‍ന്ന പദവിയും ജീവിതവും വെള്ളിവെളിച്ചവുമൊന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിലില്ല. എന്തുകൊണ്ട് ഇന്ത്യന്‍ രാഷ്ട്രീയം തെരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് മഹുവ തനിക്ക് തെരഞ്ഞെടുക്കേണ്ടി വന്ന രണ്ടു റോഡുകളിലൊന്നിനെക്കുറിച്ച് പറയുന്നുണ്ട്. സുഗമമായൊന്നിന് പകരം ഏറെ പേരൊന്നും യാത്ര ചെയ്തിട്ടില്ലാത്ത വഴി തെരഞ്ഞെടുക്കാനാണ് എക്കാലത്തും താനിഷ്ട്ടപ്പെട്ടതെന്ന് മഹുവ പറഞ്ഞു. കൊല്‍ക്കത്തില്‍ തുടര്‍ന്ന് പഠിക്കുന്നതിന് പകരം മസാച്ചുസെറ്റ്‌സ് തെരഞ്ഞെടുത്തതും അതുകൊണ്ടായിരുന്നു. മൗണ്ട് ഹോളിയോക്കില്‍ ലോക രാജ്യങ്ങളില്‍ നിന്നെത്തിയ ഏറ്റവും മിടുക്കരായിരുന്നു തന്റെ സഹപാഠികളെന്ന് മഹുവ ഓര്‍ക്കുന്നുണ്ട്. സൂപ്പര്‍ സ്റ്റാറുകള്‍ എന്നാണ് അവരെ മഹുവ വിശേഷിപ്പിച്ചത്.
തന്നെക്കാള്‍ മിടുക്കരായവരാണ് തനിക്ക് ചുറ്റുമിരിക്കുന്നത്. അവര്‍ക്കിടയില്‍ വിഡ്ഢിയായിരിക്കാന്‍ കഴിയില്ല. ആദ്യ ദിവസങ്ങള്‍ കാഠിന്യത്തിന്റെതായിരുന്നു. എന്നാല്‍, ചെറിയ കുളത്തിലെ വലിയ മത്സ്യമായിരിക്കുകയല്ല, വലിയ കുളത്തിലെ ചെറിയ മത്സ്യമായിരിക്കുന്നതിലായിരുന്നു കാര്യം. അതിലൂടെയായിരിക്കും നിങ്ങളുടെ കഴിവുകളെ നിങ്ങള്‍ക്ക് പുറത്തെടുക്കാന്‍ കഴിയുക. രാഷ്ട്രീയത്തിലെത്തിയ ശേഷവും ഈ കാഠിന്യത്തിന്റെ പാഠങ്ങള്‍ പ്രതിസന്ധികളെ മറികടക്കാന്‍ മഹുവയെ സഹായിച്ചിട്ടുണ്ട്. ജെ.പിമോര്‍ഗനിലെ ആദ്യവര്‍ഷങ്ങളും കടുത്തതായിരുന്നു മഹുവയ്ക്ക്. വസ്ത്രമലയ്ക്കാന്‍ സമയം കിട്ടാത്തതിനാല്‍ ദിവസങ്ങള്‍ തുടര്‍ച്ചയായി അന്നിടാനുള്ള വെളുത്ത ഷര്‍ട്ട് വാങ്ങേണ്ട സാഹചര്യമുണ്ടായിരുന്നതായി മഹുവ പറഞ്ഞിട്ടുണ്ട്.
ജെ.പിമോര്‍ഗനിലെ വെള്ളിവെളിച്ചത്തില്‍ നിന്ന് മഹുവയെത്തിയത് ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്കാണ്. കോണ്‍ഗ്രസിലായിരുന്നു ആദ്യം. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തരായ യുവനേതാക്കളില്‍ ഒരാളായി. 2010ല്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മാറി. ലണ്ടനിലെ ആഢംബരത്തില്‍ നിന്നെത്തി താന്‍ ആദ്യമായി എം.എല്‍.എ ആയ കരിംപൂര്‍ മണ്ഡലത്തില്‍ വോട്ടര്‍മാര്‍ക്ക് ശുചിമുറികള്‍ പോലുമുണ്ടായിരുന്നില്ലെന്ന് ഒരിക്കല്‍ മഹുവ പറഞ്ഞിട്ടുണ്ട്. 30ാമത്തെ വയസിലാണ് ഇന്ത്യയിലേക്ക് തിരിച്ചെത്താനും രാഷ്ട്രീയത്തില്‍ സജീവമാകാനും മഹുവ തീരുമാനിക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് മഹുവയ്ക്ക് ഒന്നുമറിയുമായിരുന്നില്ല. സ്രാവുകള്‍ക്കിടയിലേക്കാണ് ഇറങ്ങാന്‍ പോകുന്നതെന്ന് അന്ന് പലരും മുന്നറിയിപ്പ് നല്‍കി. ഇന്ത്യന്‍ രാഷ്ട്രീയം വൃത്തികെട്ടതാണ്. കരുത്തും പണവുമുള്ളവര്‍ക്കാണ് അതില്‍ പിടിച്ചു നില്‍ക്കാനാവുകയെന്നും പലരും ഉപദേശിച്ചു.
എന്നാല്‍, അതൊന്നും ചെവികൊണ്ടില്ല. ബാങ്കില്‍ മേഖലയില്‍ നിന്നെത്തിയൊരാള്‍ എങ്ങനെയാണ് രാഷ്ട്രീയത്തില്‍ പിടിച്ചു നിന്നതെന്ന് എന്നോടു പലരും ചോദിച്ചു. തനിക്ക് ചുറ്റുമുള്ളതൊന്നും തന്റെ ജീവിതത്തിലെ തെരഞ്ഞെടുപ്പുകളെ ഇല്ലാതാക്കും വിധം സ്വാധീനിക്കാറില്ലെന്നായിരുന്നു മഹുവയുടെ മറുപടി. 2019ല്‍ ലോക്‌സഭയിലെത്തുന്നതോടെയാണ് മഹുവ ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട് ഡെറക് ഒബ്രയാനാണെങ്കില്‍ ലോക്‌സഭയിലത് മഹുവയായി. വെറുപ്പിന്റെ രാഷ്ട്രീയവും തീവ്രദേശീയതയും രാജ്യത്തെ പിടിമുറുക്കിയ കാലത്ത് മഹുവയില്‍ നിന്ന് വിവേകത്തിന്റെ വാക്കുകളുയര്‍ന്നുവെന്ന് മാത്രമല്ല, രാജ്യം മുഴുവന്‍ അത് പടരുകയും ചെയ്തു. ജനാധിപത്യം സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്നര്‍ മഹുവയുടെ വാക്കുകളെ പ്രതീക്ഷയോടെ കേട്ടു. ഡാനിഷ് ഫിനാന്‍സര്‍ ലാര്‍സ് ബ്രോര്‍സണായിരുന്നു മഹുവയുടെ ആദ്യഭര്‍ത്താവ്. പിന്നീട് വേര്‍പിരിഞ്ഞു.
പിന്നീട് സുപ്രിംകോടതി അഭിഭാഷകന്‍ ആനന്ദ് ദേഹാദ്‌റായ് ആയിരുന്നു പങ്കാളി. അവര്‍ വേര്‍പിരിഞ്ഞ ശേഷം ദേഹാദ്‌റായ് ആണ് മഹുവയ്‌ക്കെതിരേ കോഴ ആരോപണമുന്നയിക്കുന്നത്. അസന്തുഷ്ട വ്യക്തിബന്ധത്തിന്റെ ഫലമായുണ്ടായ വിവാദമാണ് ഇതെന്നായിരുന്നു മഹുവയുടെ മറുപടി. വിഷലിപ്ത സൗഹൃദങ്ങള്‍ ജീവിതം മാത്രമല്ല, രാഷ്ട്രീയ ഭാവിയും പ്രതിസന്ധിയിലാക്കും. അതില്‍ നിന്ന് ചിലര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാനുള്ള വെള്ളവും വളവും കണ്ടെത്തുമ്പോള്‍ ഇരയാകുന്നയാളുടെ വ്യക്തിജീവിതവും ആക്രമിക്കപ്പെടും. സംഘ്പരിവാറിന് പേടിയാണ് മഹുവയെ. അവരുടെ വാക്കുകള്‍ക്ക് മൂര്‍ച്ചയുണ്ട്. മഹുവയെ ഇല്ലാതാക്കാന്‍ അവരെന്തും ചെയ്യും. മഹുവ അതിന് വഴങ്ങിക്കൊടുക്കുമോയെന്നത് മാത്രമായിരിക്കും ചോദ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."