എറണാകുളം പറവൂരില്‍ കുടുംബത്തിലെ 3 പേര്‍ മരിച്ച നിലയില്‍
പറവൂര്‍: എറണാകുളം പറവൂരില്‍ യുവ ദമ്പതികളെയും കുട്ടിയെയും വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം മില്‍സ് റോഡില്‍ വട്ടപ്പറമ്പ് വീട്ടില്‍ സുനില്‍ (38), ഭാര്യ കൃഷ്‌ണേന്ദു (30) മകന്‍ ആരവ് കൃഷ്ണ (മൂന്നര) എന്നിവരാണു മരിച്ചത്. പരേതനായ മുരളീധരന്റെയും ലതയുടെയും മകനാണ് സുനില്‍.കുട്ടിയെ കൊലപ്പെടുത്തിയശേഷം ഇരുവരും തൂങ്ങി മരിച്ചെന്നാണു പൊലിസിന്റെ പ്രാഥമിക നിഗമനം. വീട്ടിലെ രണ്ടു മുറികളിലായി ഫാനില്‍ കെട്ടി തൂങ്ങിയ നിലയിലാണു സുനിലിന്റെയും കൃഷ്‌ണേന്ദുവിന്റെയും മൃതദേഹങ്ങള്‍ കണ്ടത്. ആരവ് കൃഷ്ണ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം താമസിക്കുന്ന അമ്മ ലതയെ ചെറിയപല്ലംതുരുത്തിലെ തറവാട് വീട്ടിലാക്കിയ ശേഷം സുനിലും കുടുംബവും കഴിഞ്ഞ വ്യാഴാഴ്ച കൃഷ്‌ണേന്ദുവിന്റെ പച്ചാളത്തെ വീട്ടില്‍ പോയിരുന്നു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു മടങ്ങിയെത്തിയത്. ഈ വിവരം തറവാട്ടില്‍ അറിയിക്കുകയും ഇന്ന് രാവിലെ തറവാട്ടിലെത്തി അമ്മയെ കൊണ്ടുവരാമെന്നു പറയുകയും ചെയ്തിരുന്നു.എന്നാല്‍ ഇന്ന് സുനില്‍ തറവാട്ടില്‍ എത്തിയില്ല. ഇരുവരുടെയും ഫോണില്‍ തുടരെ വിളിച്ചിട്ടും ആരും എടുത്തില്ല. അമ്മയുടെ സഹോദരനും നടനുമായ കെ.പി.എ.സി സജീവ് വൈകിട്ടു നാലരയോടെ പറവൂരിലെ വീട്ടിലെത്തി. ഗേറ്റ് തുറന്നു കോളിങ് ബെല്‍ അടിച്ചെങ്കിലും ആരും വാതില്‍ തുറന്നില്ല. മുന്‍വശത്തെ വാതില്‍ അടച്ചിരുന്നെങ്കിലും അകത്തു നിന്നു കുറ്റി ഇട്ടിരുന്നില്ല. വാതില്‍ തുറന്ന സജീവ് കണ്ടത് സുനില്‍ തൂങ്ങി നില്‍ക്കുന്നതാണ്. ഉടനെ പുറത്തിറങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. സംഭവമറിഞ്ഞു പൊലിസും നാട്ടുകാരും സ്ഥലത്തെത്തി.
അബുദാബിയില്‍ ലിഫ്റ്റ് ടെക്‌നീഷ്യന്‍ ആയിരുന്നു സുനില്‍. കൊവിഡിനെ തുടര്‍ന്നു നാട്ടിലെത്തിയ ശേഷം തിരിച്ചുപോകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഉടന്‍ തന്നെ തിരിച്ചുപോകാനുള്ള തയാറെടുപ്പിലായിരുന്നു. കൃഷ്‌ണേന്ദു വീട്ടമ്മയാണ്.
സാമ്പത്തികമായും കുടുംബപരമായും ഇവര്‍ക്കു മറ്റു പ്രശ്‌നങ്ങള്‍ ഇല്ലെന്നാണു ബന്ധുക്കളും നാട്ടുകാരും പറയുന്നത്. ആത്മഹത്യ ചെയ്യാനുള്ള യഥാര്‍ഥ കാരണം പൊലിസിനും വ്യക്തമല്ല. കുട്ടിയുടെ കഴുത്തില്‍ കരിവാളിച്ച പാട് ഉണ്ട്.
വിരലടയാള വിദഗ്ധരും, ഫോറന്‍സിക് വിദഗ്ദ്ധരും പരിശോധന നടത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും. ഏക സഹോദരന്‍ മിഥുന്‍ വിദേശത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."