HOME
DETAILS
MAL
'നാര്‍കോട്ടിക് ജിഹാദ് ഇല്ല' ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി
backup
September 11 2021 | 04:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരളത്തില്‍ നാര്‍കോട്ടിക് ജിഹാദ് നടക്കുന്നതായുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. 'നാര്‍കോട്ടിക് ജിഹാദ്' എന്ന് ആദ്യമായി കേള്‍ക്കുകയാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ ഇത്തരം പ്രശ്നം കൈകാര്യം ചെയ്യുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മതപരമായ വേര്‍തിരിവ് ഉണ്ടാകാതിരിക്കാനും അനാവശ്യമായ ചേരികള്‍ സൃഷ്ടിക്കാതിരിക്കാനും അങ്ങേയറ്റം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തില്‍ ലൗ ജിഹാദിനൊപ്പം നാര്‍കോട്ടിക് ജിഹാദും നടക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരേ കേരളീയ സമൂഹത്തില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അദ്ദേഹം ഇക്കാര്യം പറയുമ്പോള്‍ എന്താണ് ഉദ്ദേശിച്ചതെന്ന് വ്യക്തമല്ലെന്നും പറയാനിടയായ സാഹചര്യവും മനസിലാകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നാര്‍കോട്ടിക്കിന് ഏതെങ്കിലും ഒരു മതത്തിന്റെ നിറം ഉണ്ടെന്ന് കാണരുതെന്നും അതിന്റെ നിറം സാമൂഹ്യ വിരുദ്ധതയുടേതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മതവും മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. നാര്‍കോട്ടിക് ഒരു പ്രത്യേക മതവിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. അത് സമൂഹത്തെ ആകെ ബാധിക്കുന്നതാണ്. അതിനാല്‍ എല്ലാവരും അതില്‍ ഉത്കണ്ഠാകുലരാണ്. കഴിയാവുന്ന രീതിയിലൊക്കെ അതിനെ തടയാനുള്ള നടപടികള്‍ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. തടയാനാവശ്യമായ നിയമ നടപടികള്‍ ശക്തിപ്പെടുത്തുകയുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൗ ജിഹാദിനൊപ്പം നര്‍കോട്ടിക് ജിഹാദും കേരളത്തിലുണ്ടെന്ന ബിഷപ്പിന്റെ പ്രസ്താവയ്ക്കെതിരേ വലിയ പ്രതിഷേധമാണുയര്‍ന്നിരിക്കുന്നത്. കാതോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ ഗൂഢനീക്കങ്ങള്‍ നടക്കുന്നുണ്ടെന്നുമായിരുന്നു ബിഷപ്പിന്റെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."