HOME
DETAILS
MAL
മക്കോക്ക മോഡല്‍ നിയമം: നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ സമിതി
backup
September 11 2021 | 04:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യം തടയാന്‍ പ്രത്യേക നിയമം കൊണ്ടുവരാനുള്ള തുടര്‍നടപടികളുമായി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ലഭിച്ച നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിച്ചു.
ചീഫ് സെക്രട്ടറി ചെയര്‍മാനും ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, മുന്‍ അഡീഷണല്‍ എ.ജി അഡ്വ. കെ.കെ രവീന്ദ്രനാഥ് എന്നിവര്‍ അംഗങ്ങളും നിയമ വകുപ്പ് സെകട്ടറി കണ്‍വീനറുമായ സമിതിയാണ് നിര്‍ദേശങ്ങള്‍ പരിശോധിക്കുന്നത്. നിര്‍ദേശങ്ങള്‍ പരിശോധിച്ച് നിയമത്തിന്റെ രൂപരേഖ തയാറാക്കുകയാണ് സമിതിയുടെ ചുമതല.
രാമനാട്ടുകരയിലെ വാഹനാപകടത്തില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളുടെ പങ്ക് പുറത്തുവന്നതിനു പിന്നാലെയാണ് കള്ളക്കടത്തുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഘടിത കുറ്റകൃത്യം തടയാന്‍ നിയമം നിര്‍മിക്കുകയെന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ മക്കോക്ക മോഡല്‍ നിയമത്തിനു ശുപാര്‍ശ നല്‍കിയെന്ന് വിരമിക്കുന്നതിനു മുമ്പ് ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ മുന്‍ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയും വ്യക്തമാക്കിയിരുന്നു.
ഭീകരപ്രവര്‍ത്തനങ്ങളും സംഘടിത കുറ്റകൃത്യങ്ങളും തടയാന്‍ 1999ല്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പകൊണ്ടുവന്ന മഹാരാഷ്ട്ര കണ്‍ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ടിനു (മക്കോക്ക) സമാനമായ നിയമം കൊണ്ടുവരുന്നത് മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിടയാക്കുമെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നിലവിലുള്ള നിയമം ഫലപ്രദമായി നടപ്പാക്കിയാല്‍ മതിയാകുമെന്നും നിയമവിദഗ്ധര്‍ പറയുന്നു.
അതേസമയം നിയമനിര്‍മാണവുമായി ബന്ധപ്പെട്ട് നിലവില്‍ പ്രത്യേക ഫയലുകളൊന്നുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഭരണഘടന അനുശാസിക്കുന്ന പൗരാവകാശങ്ങള്‍ക്കു മേല്‍ ഒരു തരത്തിലുള്ള ഇടപെടലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും അത്തരത്തില്‍ ഒരു നിര്‍ദേശവും അംഗീകരിക്കുകയില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."