ഹം ലോഗ്
ഇന്ത്യയിലെ സ്വതന്ത്ര പത്രപ്രവർത്തനത്തിന്റെ അവസാന പ്രതീക്ഷയും മോദി സൈന്യം കൈയേറിയെന്ന് ലോകം വിളിച്ചുപറയുന്നത് എൻ.ഡി.ടി.വിയിലെ ഓഹരി ഗൗതം അദാനി കൈവശപ്പെടുത്തിയപ്പോഴാണ്. സീനിയർ എക്‌സിക്യൂട്ടീവ് എഡിറ്ററും ജനശ്രദ്ധയാകർഷിച്ച നിരവധി പരിപാടികളുടെ അവതാരകനുമായ രവീഷ് കുമാർ, ചാനൽ വിടുന്നതോടെ അത് ശരിവയ്ക്കുകയും ചെയ്യുന്നു. രാജിവച്ചതായി അദ്ദേഹം പ്രഖ്യാപിക്കുന്നത് യു ട്യൂബ് ചാനലിലൂടെയാണ്. ആ ചാനലിന് ഇതിനകം 20 ലക്ഷം പ്രേക്ഷകരുണ്ടായി. പരശ്ശതം വരിക്കാരുമുണ്ടായെന്നത് പ്രതീക്ഷനൽകുകയും ചെയ്യുന്നു. ഇനി മാധ്യമപ്രവർത്തനം സാമൂഹ്യമാധ്യമങ്ങൾ വഴിയായിരിക്കുമെന്നും അദ്ദേഹം കുറിച്ചു. സാമൂഹ്യമാധ്യമങ്ങളെയും മോദി വിഴുങ്ങുന്ന കാലം വിദൂരമല്ല.
ഇന്ത്യയിലെ സ്വതന്ത്ര മാധ്യമരംഗം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ 2019ൽ രമൺ മെഗ്‌സാസെ പുരസ്‌കാരം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ രവീഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇന്ത്യൻ മാധ്യമങ്ങളുടെ പ്രതിസന്ധി പെട്ടെന്ന് സംഭവിച്ചതോ യാദൃച്ഛികമോ അല്ല. കൃത്യമായി രൂപപ്പെടുത്തിയതുതന്നെയാണെന്ന് അദ്ദേഹം അന്നു പറഞ്ഞത് ഇന്ന് യാഥാർഥ്യമായിരിക്കുന്നു. എൻ.ഡി.ടി.വി സ്ഥാപകരായ പ്രണോയ് റോയും രാധിക റോയും ഡയരക്ടർ സ്ഥാനം വിട്ടതിന്റെ പിറ്റേന്നാണ് 1994 മുതൽ പ്രവർത്തിക്കുന്ന ന്യൂഡൽഹി ടെലിവിഷൻ നെറ്റ്‌വർക്കിൽനിന്ന് രവീഷ് കുമാർ പാണ്ഡേ പടിയിറങ്ങുന്നത്.
ബ്രാഹ്മണ കുടുംബത്തിൽ ബിഹാറിലെ ഈസ്റ്റ് ചമ്പാരനിൽ പിറന്ന രവീഷിന് നാളെ (ഡിസംബർ 5ന്) 48 വയസ് പൂർത്തിയാകും. ഈ കാലയളവിൽ ജനസ്വാധീനമുള്ള നൂറു ഇന്ത്യക്കാരിലൊരാളായി നരേന്ദ്രമോദിക്കൊപ്പം സ്ഥലം പിടിച്ചിട്ടുണ്ട്. ഡൽഹി യൂനിവേഴ്‌സിറ്റിക്ക് കീഴിലെ ദേശബന്ധു കോളജിൽ നിന്ന് ബിരുദവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷനിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ രവീഷ് കുമാർ എൻ.ഡി.ടി.വിയുടെ മുഖമായി മാറാൻ അധികകാലം വേണ്ടിവന്നില്ല.
ചാനലിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള ഹംലോക്, രവീഷ് കീ റിപ്പോർട്ട്, ദേശ്കി ബാത് തുടങ്ങിയ പരിപാടികളുടെ അവതാരകൻ രവീഷിനെ തേടി പുരസ്‌കാരങ്ങളും വന്നു. മികച്ച മാധ്യമപ്രവർത്തകനുള്ള രാംനാഥ് ഗോയങ്കെ എക്‌സലൻസ് പുരസ്‌കാരം രണ്ടു തവണ ലഭിച്ചു. ആദ്യത്തെ ഗൗരി ലങ്കേഷ് പുരസ്‌കാരവും കുൽദീപ് നയ്യർ പുരസ്‌കാരവും ഗണേഷ് ശങ്കർ പുരസ്‌കാരവും രവീഷിന്റെ പ്രാധാന്യം വ്യക്തമാക്കി. ആദരവുകൾ മാത്രമല്ല കല്ലേറുകളും വന്നു. കൊല്ലുമെന്നുതന്നെ ഭീഷണി. പല തവണ. വീട്ടിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പോലും ഫോണിൽ വിളിച്ചുപറയുന്നു. ഡൽഹി പൊലിസിൽ പരാതികൾ നൽകിയിട്ടു ഫലമില്ലാതായപ്പോൾ പ്രധാനമന്ത്രി മോദിയെ തന്നെ പരാതിയുമായി ചെന്നുകണ്ടു. പൊലിസ് അനങ്ങിയില്ല. കാരണം ഫോണിൽ വിളിച്ച് കൊല്ലുമെന്ന് പറയുന്നവർക്ക് കൃത്യമായ പേരും മേൽവിലാസവുമുണ്ട്. ഗൗരി ലങ്കേഷിന്റെ വിധി വരുമെന്നുതന്നെ അവർ വ്യക്തമാക്കി. രവീഷിന്റെ മികവിനെക്കുറിച്ച് പറയാനാവുന്നത് ഇതാണ്: രവീഷിനെ സ്‌നേഹിക്കാം, വെറുക്കാം, പക്ഷേ അവഗണിക്കാനാവില്ല.
ഇന്ത്യയിലേത് ലക്ഷണമൊത്ത ഫാസിസമാണ്. സത്യം വിളിച്ചുപറയുന്ന മാധ്യമങ്ങളെ അതിന് പൊറുപ്പിക്കാനാവില്ല. ഫാസിസ്റ്റ് ഭരണകൂടം പാലൂട്ടി വളർത്തുന്ന മൂലധനശക്തികൾ എല്ലാത്തിനെയും പണം കൊടുത്ത് വാങ്ങുകയോ വശീകരിക്കുകയോ ചെയ്യുന്നു. വഴങ്ങാത്തവയെ ഉന്മൂലനം ചെയ്യുന്നു. പ്രതിപക്ഷ രാഷ്ട്രീയ സംഘടനാപ്രവർത്തകരെയും വിലകൊടുത്തു വാങ്ങുകയാണ്. അതിനു നിന്നുകൊടുത്തില്ലെങ്കിലും കാര്യമില്ലെന്നിരിക്കെ വഴങ്ങുകയാണ് കരണീയമെന്ന് കരുതുന്നവരെ കുറ്റപ്പെടുത്താനാവുമോ? എൻ.ഡി.ടി.വിയിലും സംഭവിക്കുന്നത് വ്യത്യസ്തമല്ല.
2016ൽ പത്താൻകോട്ട് സൈനികത്താവളത്തിന് നേരെ ആക്രമണമുണ്ടായപ്പോൾ നൽകിയ റിപ്പോർട്ടിനെ തുടർന്ന് എൻ.ഡി.ടി.വിയുടെ സംപ്രേഷണം 24 മണക്കൂർ നേരത്തേക്കാണെങ്കിൽ പോലും തടഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിന്റെ സൂചികയിൽ രാജ്യം 180ൽ 140ന് മുകളിലാണെപ്പോഴുമെന്നത് ഭരണകൂടത്തെ തെല്ലും അലോസരപ്പെടുത്തുന്നില്ല. അവിടെയാണ് രവീഷ് കുമാർ സധൈര്യം രാജിവയ്ക്കുക മാത്രമല്ല സ്വന്തം യു ട്യൂബ് ചാനലിലൂടെ പ്രവർത്തനം തുടരുമെന്ന് പ്രഖ്യാപിക്കുന്നത്.
വളഞ്ഞ വഴിയിലൂടെ അദാനി എൻ.ഡി.ടി.വിയെ കൈക്കലാക്കുകയായിരുന്നു. ചാനൽ സ്ഥാപകരായ പ്രണോയ് റോയിയും രാധിക റോയിയും വി.പി.സി.എൽ എന്ന കമ്പനിയിൽ നിന്ന് 400 കോടി രൂപ പലിശ രഹിത വായ്പ വാങ്ങിയപ്പോൾ ഈട് നൽകിയത് എൻ.ഡി.ടി.വിയുടെ ഓഹരി. വി.പി.സി.എൽ കമ്പനിയെ സ്വന്തമാക്കിയപ്പോൾ ഈ ഓഹരിയും അദാനിക്ക് സ്വന്തം. ഈ ഓഹരി വാങ്ങാൻ പ്രണോയ് റോയിക്കും രാധികക്കും കഴിയുമായിരുന്നു. പക്ഷേ, അദാനി നിർദേശിച്ചത്രയും പണം ഇവരുടെ വശമില്ല.
ഇനി സത്യം വിളിച്ചുപറയാൻ അധികം പേരില്ല. കശ്മിരിൽ ഇന്റർനെറ്റ് വിലക്കി വിവരങ്ങളെ മുഴുവൻ തടഞ്ഞപ്പോൾ ഒന്നുറക്കെ കരയാൻ പോലും ആരും എഴുന്നേറ്റു നിന്നില്ല. ഫാസിസം ഇങ്ങനെയാണ് സാമാന്യ ധാരണകളെ അട്ടിമറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."