സ്‌കൂള്‍ നടത്തിപ്പില്‍ ക്രമക്കേട്: ആലപ്പുഴ സി.പി.എമ്മില്‍ സുധാകരപക്ഷക്കാര്‍ക്കെതിരേ നടപടി
സ്വന്തം ലേഖകന്‍
ആലപ്പുഴ: സമ്മേളനങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടുകളില്‍ നടപടി സ്വീകരിച്ചു സി.പി.എം. ആലപ്പുഴ ജില്ലയില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള പടനിലം ഹയര്‍സെക്കന്‍ഡറി സ്‌കൂളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുടെ പേരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിച്ചു. ജി.സുധാകരന്‍ പക്ഷത്തെ പ്രമുഖനായ കെ.രാഘവനെ ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്ന് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ചാരുംമൂട് മുന്‍ ഏരിയാ സെക്രട്ടറിയും സ്‌കൂളിന്റെ മാനേജരുമായ കെ.മനോഹരനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.
സി.പി.എം നിയന്ത്രണത്തിലുള്ള ഭരണസമിതിക്ക് കീഴിലുള്ള പടനിലം സ്‌കൂളുമായി ബന്ധപ്പെട്ട നിയമനങ്ങളിലും നിര്‍മാണപ്രവര്‍ത്തനങ്ങളിലുമായി 1.63 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.എച്ച് ബാബുജാന്‍, എ.മഹീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളായ അന്വേഷണകമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറി എ.വിജയരാഘവന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് നടപടി. ഇതുസംബന്ധിച്ച ആരോപണങ്ങള്‍ ജില്ലാകമ്മിറ്റിയില്‍ നേരത്തെ ഉയര്‍ന്നതോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കെ.രാഘവന്‍, സ്‌കൂള്‍ മാനേജര്‍ മനോഹരന്‍, ചാരുംമൂട് ഏരിയാകമ്മിറ്റിയംഗം രഘു എന്നിവര്‍ സാമ്പത്തിക ക്രമക്കേടുകളില്‍ കുറ്റക്കാരാണെന്ന് അന്വേഷണകമ്മിഷന്‍ കണ്ടെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."