ഒരു വൃശ്ചികക്കാറ്റു പോലെ...
ഹക്കിം ചോലയില്‍
‘ശെല്‍വനും ദുരൈയും വലിച്ചു പുറത്തിട്ട് പുറംചട്ട വലിച്ചുകീറി കുന്നുകൂട്ടിയ പുസ്തകങ്ങളിലേക്ക് ഒരുവേള നോക്കി. തല കറങ്ങുന്നു. ലോകം കറങ്ങിത്തിരിയുന്നു. മലര്‍ന്നടിച്ചു വീണു, പുസ്തകങ്ങള്‍ക്കുമേല്‍, നഷ്ടമാകുന്ന ബോധത്തിനിടയിലും അറിയുന്നുണ്ടായിരുന്നു, ഒരപൂര്വഗന്ധം ചുറ്റിലും. ആരോ അരികിലുണ്ട്. ആരോ ശിരസില്‍ തലോടുന്നുണ്ട്. പതിയെ ബോധം മറഞ്ഞുമറഞ്ഞുപോയി.....’
ഇക്കഴിഞ്ഞ ഓണക്കാലത്ത്, അവസാനമെഴുതിയ പ്രസിദ്ധീകരിക്കപ്പെട്ട കഥയുടെ ഒടുക്കത്തില്‍ സതീഷ് ബാബു പയ്യന്നൂര്‍ ഇപ്രകാരം എഴുതി. പുസ്തകങ്ങള്‍ക്കു നടുവില്‍ അനാഥമാകുന്ന വാര്ധക്യജീവിതത്തെ ആര്‍ദ്രമായി ആവിഷ്കരിക്കുന്ന കഥയായിരുന്നു ‘അരികിലാരോ’. വായിച്ചുതീരാത്ത പുസ്തകങ്ങളുടെ നടുവില്‍ ഏകാന്തജീവിതം നയിക്കുന്ന ഒരു വൃദ്ധന് ഈ കഥയില്‍ വായനക്കാരുടെ നെഞ്ചകം വേദനിപ്പിച്ചുകൊണ്ട് നിലകൊള്ളുന്നു. അടുത്തിടെ വായനക്കാരെ വളരെയധികം നോവിപ്പിച്ച ഒരു കഥയായിരുന്നു ‘അരികിലാരോ’.
മലയാള ചെറുകഥയിലെ ആര്‍ദ്രതയുടെ മുഖമായിരുന്നു സതീഷ് ബാബു പയ്യന്നൂര്‍. എഴുത്തില്‍ തന്റേതായ മുദ്ര ചാര്‍ത്തുന്ന എഴുത്തുകാരനാണ് അദ്ദേഹം. ജീവിതത്തില്‍ പരിചയപ്പെടുകയും കാണാനിടവരികയും ചെയ്ത കാര്യങ്ങളെക്കുറിച്ച് അദ്ദേഹം കൂടുതല്‍ എഴുതി. കൃത്രിമമായ ജീവിത പരിസരത്തെ അദ്ദേഹം ഒരിക്കലും രചനയില്‍ കൂടെക്കൂട്ടിയതായി കണ്ടിട്ടില്ല. മലയാളിയുടെ ക്രിയാത്മകമായ വായനാചോദനയെ ചോദ്യംചെയ്യുന്ന വിധത്തില്‍ ഒരിക്കലും അദ്ദേഹം രചനകളില്‍ ദുര്‍ഗ്രഹത സ്വയം സൃഷ്ടിക്കാന്‍ ശ്രമിച്ചിരുന്നുമില്ല. എന്നാല്‍, നിലപാടുകള്‍ സൂക്ഷ്മമായി പിന്തുടരാന് അദ്ദേഹത്തിന്റെ മിക്ക കഥകളും ശ്രമിച്ചതായും നമുക്കു കാണാം.
എണ്‍പതുകളില്‍ ആധുനിക കവിത നടത്തിയ കുതിപ്പുകള്ക്കൊപ്പംതന്നെ സമാനമായ മുന്നേറ്റം കഥാസാഹിത്യത്തിലും നടന്നിട്ടുണ്ടായിരുന്നു. ഉത്തരാധുനിക എഴുത്തുകാര്‍ നടത്തിയ ഈ മുന്നേറ്റങ്ങള്‍ക്കൊപ്പം സതീഷ് ബാബു പയ്യന്നൂരിന്റെ കഥകളും പുതിയ ഭാവുകത്വം പകര്‍ന്നതായി കാണാം. സമകാലികരായ അംബികാസുതന്‍ മാങ്ങാട്, ടി.വി കൊച്ചുബാവ, അശോകന് ചരുവില്‍, പി. സുരേന്ദ്രന്, ശിഹാബുദ്ദീന് പൊയ്ത്തുംകടവ്, ജോര്‍ജ് ജോസഫ് കെ തുടങ്ങിയവര്‍ക്കൊപ്പം എഴുത്തില്‍ ശ്രദ്ധേയമായ സാന്നിധ്യം സതീഷ് ബാബുവിനും മലയാള സാഹിത്യത്തില്‍ ലഭിച്ചിരുന്നു.
ആധുനിക സാഹിത്യത്തിന്റെ തളര്‍ച്ചയ്ക്കു ശേഷം കൂടുതല്‍ റിയലിസ്റ്റിക്കായി ചരിത്രത്തെ അടയാളപ്പെടുത്തിയ കഥകള്‍ക്കിടയില്‍ വര്‍ത്തമാന, സമകാലികമായ വാക്കുകള്‍കൊണ്ട് വളരെ മുന്നില്‍നില്‍ക്കുന്ന രചനകള്‍ നടത്തിയിട്ടുള്ള എഴുത്തുകാരനായി സതീഷ് ബാബു പയ്യന്നൂര്‍ മാറി. മലയാള വായനയുടെ ഭാവുകത്വ പരിണാമങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടപെടുന്ന കഥകളായിരുന്നു അദ്ദേഹത്തിന്റെ ‘പേരമരം, ഒരു തൂവലിന്റെ സ്പര്‍ശം, സരോജം വന്നു’ തുടങ്ങിയ കഥകള്‍. ആര്‍ദ്രമായ താളത്തില്‍ മനുഷ്യമനസിന്റെ അതിസങ്കീര്‍ണമായ ഭാവങ്ങളെ അയത്നലളിതമായി സതീഷ് ബാബു ആവിഷ്കരിച്ചു. കാല് നൂറ്റാണ്ടുകാലത്തെ മലയാളിജീവിതം ഏല്‍പ്പിച്ച മുറിവുകളും വര്‍ത്തമാനകാലത്ത് മനുഷ്യര്‍ക്ക് സ്വയം നടത്തേണ്ടിവന്ന കലഹങ്ങളും ഏറ്റുമുട്ടലുകളും ഒത്തുതീര്‍പ്പുകളും കീഴടങ്ങലുമെല്ലാം അദ്ദേഹത്തിന്റെ കഥളില്‍ പ്രമേയമായി നിറയുന്നു. പല എഴുത്തുകാരും ജീവിതാനുഭവങ്ങളാണ് കഥയ്ക്ക് അസംസ്കൃതവിഭവമാക്കിയിട്ടുള്ളത്. ആ അര്‍ഥത്തില്‍ തന്റെ ജീവിതത്തില്‍നിന്ന് വളരെ സൂക്ഷ്മമായി കണ്ടെടുത്തിട്ടുള്ള ജീവിതങ്ങളെത്തന്നെയാണ് ലളിതമായി സതീഷ്ബാബു കഥകളില്‍ ആവിഷ്കരിച്ചതെന്നും പറയാം.
1963ല്‍ പാലക്കാട് ജില്ലയിലെ പത്തിരിപ്പാലയിലാണ് ജനനം. കാഞ്ഞങ്ങാട് നെഹ്റു കോളജിലും പയ്യന്നൂരിലെ കോളജിലും പഠിച്ചു. വിദ്യാഭ്യാസത്തിനു ശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലിയില്‍ പ്രവേശിച്ചു. അക്കാലം മുതലെ സാഹിത്യത്തില്‍ അതീവ തല്പരനായിരുന്ന സതീഷ് ബാബു, ആനുകാലികങ്ങളില്‍ കഥ എഴുതിത്തുടങ്ങിയിരുന്നു. പേരമരം, വൃശ്ചികം വന്നു വിളിച്ചു. മണ്ണ്, സീന്‍ ഓവര്‍, ചില സിലിക്കന്‍ നിനവുകള്‍, കുടമണികള്‍ കിലുങ്ങിയ രാവില്‍, ഏകാന്ത രാത്രികള്‍, ഉള്‍ഖനനങ്ങള്‍, കലികാല്‍, വിലാപവൃക്ഷത്തിലെ കാറ്റ്, കമലഹാസന് അഭിനയിക്കാതെപോയ ഒരു സിനിമ തുടങ്ങിയവയാണ് പ്രധാന രചനകള്‍. ഈയാഴ്ച എന്ന വാരികയുടെ എഡിറ്ററായി കുറച്ചുകാലം പ്രവര്‍ത്തിച്ചു. 2001ല്‍ ബാങ്കുജോലി ഉപേക്ഷിച്ച് ദൃശ്യമാധ്യമലോകത്തേക്ക് കടന്നു. പനോരമ എന്ന സ്വന്തം സ്ഥാപനത്തിലൂടെ ടെലിവിഷന്‍ ഷോകള്‍ നിര്‍മിച്ച് അവതരിപ്പിച്ചു. കേരള സാംസ്കാരിക ഭവന്റെ സെക്രട്ടറിയായും കുറച്ചുകാലം പ്രവര്‍ത്തിച്ചു.
2012ലെ ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം പേരമരം എന്ന ചെറുകഥാസമാഹാരത്തിലൂടെ നേടി. കാരൂര്‍ പുരസ്കാരം. മലയാറ്റൂര്‍ അവാര്‍ഡ്, എസ്.ബി.ടി കഥാ അവാര്‍ഡ്, അബൂദബി ശക്തി അവാര്‍ഡ്, അറ്റ്ലസ് കൈരളി സാഹിത്യ പുരസ്കാരം, ടെലിവിഷന്‍ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ടി.എന്‍ സുവര്‍ണമുദ്ര എന്നീ അംഗീകാരങ്ങള്‍ ലഭിച്ചു. അകാലത്തിലുള്ള സതീഷ് ബാബുവിന്റെ വിയോഗം, ഒേട്ടറ കഥകളെ മലയാളി വായനക്കാര്‍ക്ക് നഷ്ടപ്പെടുത്തി. വലിയ വിടവു സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
കഥകള്‍ മനുഷ്യനോട് സംവദിക്കേണ്ടത് ബൗദ്ധികമായല്ലെന്നും അതു ഹൃദയത്തോട് ഹൃദയം ചേര്ത്തുവയ്ക്കലാണെന്നും സതീഷ്ബാബു കഥയിലൂടെ പറയുന്നു. അതുകൊണ്ടാണ് പച്ചമണ്ണിന്റെ കഥകള്‍ പറയാന്‍ ഏതുകാലത്തും സതീഷ് ബാബു ഊറ്റംകൊണ്ടത്. കാലാകാലങ്ങളില്‍ മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ തന്റെ കഥകളിലൂടെ ആവിഷ്കരിക്കുവാന്‍ എന്നും അദ്ദേഹം സൂക്ഷ്മമായ തലങ്ങളിലൂടെ കഥകളില്‍ ശ്രദ്ധിച്ചിരുന്നു. അതില്‍ മാനവികതയുടെ ഒരു തൂവല്‍സ്പര്‍ശം എന്നും അനുവാചകന് അനുഭവപ്പെടുകയും ചെയ്തു. അതിനാല്‍ മനുഷ്യപക്ഷത്തു നില്ക്കുന്ന കഥകളായിരുന്നു സതീഷ് ബാബുവിനു എന്നും ഇഷ്ടം.
ഒരു പുസ്തകം വായിക്കാനെടുക്കുമ്പോള്‍ എഴുത്തുകാരന്റെ അദൃശ്യമായ സാമീപ്യം അനുഭവിക്കുന്ന കഥാപാത്രത്തെയാണ് ‘അരികിലാരോ’ എന്ന കഥയില്‍ സതീഷ് ബാബു പയ്യന്നൂര്‍ സൃഷ്ടിച്ചത്. ഒരു സ്വപ്നംപോലെ ഈ ലോകത്തുനിന്ന് കടന്നുപോയ അദ്ദേഹത്തെ വായിക്കുമ്പോള്‍, ആ നനുത്ത സാമീപ്യം നാം തിരിച്ചറിയുന്നു. ഒരിളം മഞ്ഞുപോലെ, ഒരു വൃശ്ചികക്കാറ്റുപോലെ അദ്ദേഹം വായനക്കാരുടെ മനസിലേക്ക് നൈര്‍മല്യത്തോടെ കടന്നുവരുന്നു.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."