പിന്‍വാതില്‍ നിയമനം; അടിയന്തര പ്രമേയ നോട്ടിസ് നല്‍കി പ്രതിപക്ഷം; വിവാദം എഴുതാത്ത കത്തിനെക്കുറിച്ചെന്ന് മന്ത്രി
തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷത്തിന്റെ നോട്ടിസ്. പി.എസ്.സിയെ നോക്കുകുത്തിയാക്കുന്നത് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. പി.സി വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയത്.
എന്നാല്‍ നിയമങ്ങളെ കുറിച്ച് നടക്കുന്നത് വ്യാജ പ്രചാരണമാണെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നിയമനങ്ങളെ കുറിച്ച് ആസൂത്രിത നുണ പ്രചരണം നടക്കുന്നു. എഴുതാത്ത കത്തിന്റെ പേരിലാണ് വിവാദം. ഉദ്യോഗാര്‍ത്ഥികളോട് അനീതി ചെയ്‌തെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ഇത് ജനം മുഖവിലക്കെടുക്കില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ കാലം മുതല്‍ തന്നെ ഇത്തരം പ്രചാരണം നടക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് നേതാക്കള്‍ ജോലിക്കായി നിര്‍ദേശിച്ച കത്തുകളും എം ബി രാജേഷ് സഭയില്‍ വായിച്ചു.
താല്‍ക്കാലിക നിയമനങ്ങള്‍ ഉള്‍പ്പെടെ എല്ലാം ഓഡിറ്റിങിന് വിധേയമാക്കും. യു.ഡി.എഫിനേക്കാള്‍ അധികമായി 18000 പേര്‍ക്ക് എല്‍.ഡി.എഫ് സര്‍ക്കാര്‍ നിയമനം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
ബോര്‍ഡും കോര്‍പറേഷനും അടക്കം 55 സ്ഥാപനങളിലെ നിയമനം കൂടി പിഎസ് സിക്ക് വിട്ടു. കൊവിഡ് കാലത്ത് എല്ലാം അടഞ്ഞ് കിടന്നപ്പോഴും പിഎസ് സി തുറന്ന് പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാനത്ത് പുതിയതായി 181 ഐടി കമ്പനികള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയെന്നും മന്ത്രി സഭയെ അറിയിച്ചു.
ഇതിന് മറുപടി നല്‍കിയ പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥ്, 30 ലക്ഷത്തോളം പേര്‍ തൊഴിലിന് കാത്ത് നില്‍ക്കുന്നതായി സഭയെ അറിയിച്ചു. പിന്‍വാതില്‍ നിയമനത്തിന് പ്രത്യേക റിക്രൂട്ടിങ് കമ്മിറ്റി ഉണ്ടാക്കിയെന്നും വിഷ്ണുനാഥ് ആരോപിച്ചു. മേയരുടെ കത്ത് വ്യാജമാണെന്ന് മന്ത്രി എങ്ങനെ പറയുന്നുവെന്ന ചോദ്യവും എംഎല്‍എ ഉയര്‍ത്തി. വ്യാജ കത്താണെന്ന് ആരോപണവിധേയയായ മേയര്‍ പോലും പറഞ്ഞിട്ടില്ല. പിന്നെങ്ങനെ മന്ത്രി വ്യാജ കത്തെന്ന് പറയും. എഴുതിയ ആള്‍ എഴുതിയിട്ടുണ്ടെന്ന് സമ്മതിച്ച കത്ത് വേറെയുമുണ്ടെന്നും ഡിആര്‍ അനിലിന്റെ കത്ത് സൂചിപ്പിച്ച് വിഷ്ണുനാഥ് പറഞ്ഞു.
പിന്‍വാതില്‍ നിയമനത്തില്‍ യുഡിഎഫ് അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."