ലോകകപ്പ്: ഏഷ്യയുടെ ഭാവി ഇന്നറിയാം
ഖത്തര്‍ ലോകകപ്പ് ഫുട്ബോളില്‍ ഏഷ്യയുടെ ഭാവി ഇന്നറിയാം. ഏഷ്യ ആതിഥ്യമരുളുന്ന വിശ്വകായിക മേളയില്‍ ഇത്തവണ ചരിത്രത്തിലാദ്യമായി മൂന്ന് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് അംഗരാജ്യങ്ങള്‍ പ്രീക്വാര്‍ട്ടറില്‍ കടന്നിരുന്നു. ആസ്ത്രേലിയ പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയോട് തോറ്റതോടെ ഇനി ജപ്പാനും ദക്ഷിണ കൊറിയയുമാണ് ശേഷിക്കുന്നത്. ഇരു ടീമുകളും ഇന്ന് പ്രീ ക്വാര്‍ട്ടറില്‍ ശക്തരായ എതിരാളികളെ നേരിടുകയാണ്.
ജപ്പാന്-ക്രോയേഷ്യ മല്‍സരം ഇന്ത്യന്‍ സമയം രാത്രി 8.30നും കൊറിയ-ബ്രസീല്‍ മല്‍സരം രാത്രി 12.30നുമാണ്. കാമറൂണിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ബ്രസീല്‍ ഇന്ന് കൊറിയയെ നിസ്സാരമായി കാണില്ലെന്ന് ഉറപ്പാണ്. തോല്‍വി പുറത്തേക്കുള്ള വഴിയാണ് എന്നതിനാല്‍ ക്രോയേഷ്യയും ആവനാഴിയിലെ മുഴുവന്‍ അസ്ത്രങ്ങളും പ്രയോഗിച്ചേക്കും. പരിക്ക് മാറി നെയ്മര്‍ തിരിച്ചെത്തുന്നുവെന്നത് ബ്രസീലിനെ കൂടുതല്‍ ശക്തമാക്കുന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ ഇന്‍ജുറി ടൈം ഗോളിലൂടെ തകര്‍ത്ത കൊറിയ തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
സ്പെയിന്, ജര്‍മനി എന്നിവരുള്‍പ്പെട്ട ഇ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ഒന്നാംസ്ഥാനക്കാരായി തല ഉയര്‍ത്തിയാണ് ജപ്പാന് ഇന്ന് കളത്തിലിറങ്ങുന്നത്. സ്പെയിനിനെ 2-1നാണ് സാമുറായികള്‍ ഞെട്ടിച്ചത്. ഇതേ മാര്‍ജിനില്‍ ജര്‍മനിയെ അട്ടിമറിക്കാനും മുന്‍ ലോകചാംപ്യന്മാര്ക്ക് ഖത്തറില്‍ നിന്ന് മടക്കടിക്കറ്റ് നല്‍കാനും ജപ്പാന് സാധിച്ചു. ഇന്ന് വിജയിച്ചാല്‍ ചരിത്രത്തിലാദ്യമായി ലോകകപ്പ് ക്വാര്‍ട്ടറില്‍ കളിക്കാന്‍ ജപ്പാന് അവസരം ലഭിക്കും.
കരുത്തരായ ഉറുഗ്വേയോട് ഗോള്‍രഹിത സമനില പാലിച്ചാണ് കൊറിയയുടെ ഖത്തര്‍ ലോകകപ്പിലെ പ്രയാണം തുടങ്ങുന്നത്. ഘാനയോട് 3-2ന്റെ തോല്‍വി നേരിട്ട ശേഷം നിര്‍ണായക മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ 2-1ന് കീഴടക്കിയതോടെയാണ് കൊറിയക്ക് അവസാന 16ല്‍ ഇടംലഭിച്ചത്. ഏഷ്യന്‍ പ്രതിനിധികളായ സഊദിയും ഇറാനും മികച്ച പ്രകടനം നടത്തിയാണ് ഈ ലോകകപ്പില്‍ നിന്ന് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."