വിഴിഞ്ഞം സംഘര്‍ഷം; എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി,സമവായ ചര്‍ച്ച അഞ്ചുമണിക്ക്
തിരുവനന്തപുരം; വിഴിഞ്ഞം സംഘര്‍ഷത്തില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും ഇപ്പോള്‍ എന്‍.ഐ.എ അന്വേഷണം ആവശ്യമില്ലെന്നുമുള്ള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹൈക്കോടതി നടപടി.സംഘര്‍ഷങ്ങളില്‍ എന്‍.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് വിഴിഞ്ഞം സ്വദേശിയായ റിട്ടയഡ് ഡി.വൈ.എസ്.പി സമര്‍പ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്. സംഘര്‍ഷത്തിനു പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ട് വരണം. പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലെ പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശം നല്‍കണം, കേസ് അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറണം തുടങ്ങീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ഹരജി.
അതേസമയം,വിഴിഞ്ഞം സമരത്തില്‍ സമവായ നീക്കത്തിന് സര്‍ക്കാര്‍ ശ്രമം ഊര്‍ജ്ജിതമായി. വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരുടെ യോഗം വിളിച്ചു. വൈകീട്ട് അഞ്ചുമണിക്കാണ് ചേരുന്ന യോഗത്തില്‍ വിഴിഞ്ഞം വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തിയ മന്ത്രിമാരെയാണ് യോഗത്തിന് ക്ഷണിച്ചിരിക്കുന്നത്. മന്ത്രി ആന്റണി രാജു കര്‍ദിനാള്‍ മാര്‍ ക്ലിമീസ് കാതോലിക്കബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ ക്ലിമ്മീസ് കാതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ചില അനുരഞ്ജന ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതില്‍ ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ, മോണ്‍സിഞ്ഞോര്‍ യൂജിന്‍ പെരേര തുടങ്ങിയവരും പങ്കെടുത്തിരുന്നു.വീട് ഒഴിഞ്ഞതിനെത്തുടര്‍ന്ന് വാടക വീട്ടില്‍ താമസിക്കുന്നവര്‍ക്ക് 5500 രൂപ വാടക നല്‍കാമെന്നാണ് സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന വാഗ്ദാനം. ഇത് പോരാ, 2500 രൂപ കൂടി കൂട്ടി നല്‍കണമെന്നാണ് ഉയര്‍ന്നു വന്നിട്ടുള്ള ഒരു ആവശ്യം. അദാനി ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ഈ തുക സര്‍ക്കാര്‍ വാങ്ങി തൊഴിലാളികള്‍ക്ക് നല്‍കുക എന്ന നിര്‍ദേശമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. വിഴിഞ്ഞം സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."