HOME
DETAILS

പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍:  സുഹൃത്തും സഹപാഠിയും

  
backup
September 12 2021 | 18:09 PM

65153461-2021
 
പാണക്കാട് സയ്യിദ് ഹൈദരലി 
ശിഹാബ് തങ്ങള്‍
 
1960 കളിലാണ് ഞാന്‍ പൊന്നാനി മഊനത്തില്‍ വിദ്യാര്‍ഥിയായി എത്തുന്നത്. കരുവാരകുണ്ട് കെ.കെ അബ്ദുല്ല മുസ്‌ലിയാരായിരുന്നു അന്നവിടെ പ്രധാനാധ്യാപകന്‍. ഉപ്പ പൂക്കോയ തങ്ങളുടെ നിര്‍ദേശ പ്രകാരമാണ് ഞാന്‍ പൊന്നാനിയിലെത്തിയത്. ഉപ്പയായിരുന്നു അന്ന് സഭയുടെ പ്രസിഡന്റ്. ഉസ്താദിനു കീഴില്‍ പ്രമുഖരായ പലരും പഠിച്ചിരുന്ന കാലം. നാട്ടിക മൂസ മുസ്‌ലിയാര്‍, സമസ്ത വൈസ് പ്രസിഡന്റായിരുന്ന മിത്തബൈല്‍ ജബ്ബാര്‍ മുസ്‌ലിയാര്‍, കിഴിശ്ശേരി ബീരാന്‍ കുട്ടി ഹാജി, ഇന്നലെ വിടപറഞ്ഞ പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ തുടങ്ങിയ പലരും അക്കൂട്ടത്തിലുണ്ടായിരുന്നു. അന്നു മുതല്‍ പുറങ്ങ് അബ്ദുല്ല മുസ്‌ലിയാരുമായി അടുത്ത വ്യക്തി ബന്ധമുണ്ട്. നാട്ടിക മൂസ മുസ്‌ലിയാരെ പോലെ കെ.കെ ഉസ്താദിന്റെ പ്രിയപ്പെട്ട ശിഷ്യരില്‍ ഒരാളായിരുന്നു പുറങ്ങ്. പഠന കാലത്തുതന്നെ സമാജങ്ങളിലും പൊതുപ്രവര്‍ത്തനങ്ങളിലും സജീവ തല്‍പരനായിരുന്നു അദ്ദേഹം. ഞാന്‍ പ്രസിഡന്റും പുറങ്ങ് വൈസ് പ്രസിഡന്റും നാട്ടിക മൂസ മുസ്‌ലിയാര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിരുന്ന സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസംഘാടകന്‍ പുറങ്ങ് തന്നെയായിരുന്നു. എന്തിനും സന്നദ്ധനായി ഇറങ്ങുന്ന സ്വഭാവം അദ്ദേഹം പഠന കാലത്തു തന്നെ പ്രകടിപ്പിച്ചിരുന്നു. ജീവിതത്തില്‍ പൊന്നാനിക്കാലം വലിയ ഓര്‍മകളാണിന്നും. കെ.കെ ഉസ്താദിന്റെ കണിശവും ജാഗ്രതയും നിറഞ്ഞ തര്‍ബിയ്യത്ത്, ഹാജി ഉസ്താദ്, അച്ചിപ്ര ഉസ്താദ്, മുഹമ്മദലി ഉസ്താദ്, എം.എം ഉസ്താദ് തുടങ്ങിയവരുടെ മികവുറ്റ ദര്‍സുകള്‍, പുറങ്ങ്, നാട്ടിക പോലെയുള്ളവരുമായുള്ള സൗഹൃദം- ഇതെല്ലാം നല്ല ഓര്‍മകളും പരിചയവുമാണ് പില്‍കാല ജീവിതത്തിനു നല്‍കിയത്. 
 
പൊന്നാനി പഠനത്തിനുശേഷം ഞാന്‍ പട്ടിക്കാട് ജാമിഅ: നൂരിയ്യയിലേക്കും മൂസ മുസ്‌ലിയാരും അബ്ദുല്ല മുസ്‌ലിയാരും ബാഖിയാത്തിലേക്കുമാണ് പോയത്. പക്ഷേ, രണ്ടു പേര്‍ക്കും ബാഖിയാത്ത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. ചില അസുഖങ്ങള്‍ കാരണം പിന്നീട് കെ.കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം ദയൂബന്ദ് ദാറുല്‍ ഉലൂമിലേക്കാണ് രണ്ടുപേരും പോയത്. പൊന്നാനിയില്‍ നിന്നു പിരിഞ്ഞശേഷവും ഞങ്ങള്‍ക്കിടയിലെ വ്യക്തി ബന്ധത്തിന് ഒരു വിടവും വന്നില്ല. അബ്ദുല്ല മുസ്‌ലിയാരുടെ ദേശം നരിപ്പറമ്പായിരുന്നു. പഠന കാലത്തും പിന്നീടും അദ്ദേഹത്തെ ഞങ്ങള്‍ അഭിസംബോധന ചെയ്തിരുന്നത് നരിപ്പറമ്പ് അബ്ദുല്ല മുസ്‌ലിയാരെന്നായിരുന്നു. പിന്നീടാണ് അദ്ദേഹം പുറങ്ങില്‍ ജോലി ഏറ്റെടുക്കുന്നതും പുറങ്ങുകാരനാകുന്നതും.
 
 കുത്തിപറമ്പെന്ന പ്രദേശത്തേക്ക് ഖതീബായി അബ്ദുല്ല മുസ്‌ലിയാരെ ക്ഷണിക്കാന്‍ പിതാവ് പൂക്കോയ തങ്ങള്‍ എന്നെ ഏല്‍പിച്ചിരുന്നു. പിതാവിന്റെ നിര്‍ദേശ പ്രകാരം ഞാന്‍ അദ്ദേഹവുമായി ബന്ധപ്പെട്ട് അവിടെ ജോലി ഏല്‍പ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ ഉമ്മയുടെ അസുഖം കാരണം നാടിന്റെ അടുത്തേക്ക് ജോലിക്കു മാറേണ്ടിവന്നു. ഉപ്പയുമായി വളരെ അടുത്ത ബന്ധമായിരുന്നു അബ്ദുല്ല മുസ്‌ലിയാര്‍ക്ക്. ഇടയ്ക്കിടെ ഉപ്പയെ സന്ദര്‍ശിക്കാനും ഉപദേശം തേടാനും പാണക്കാട്ടെത്തിയിരുന്നു. 
 
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി വലിയ ത്യാഗം സഹിച്ച പണ്ഡിതനായിരുന്നു പുറങ്ങ്. 1990 ല്‍ പ്രവാസിയാകുന്നതു വരെയും അതിനു മുമ്പും ശേഷവും മുഴുസമയ സംഘാടകനായ അബ്ദുല്ല മുസ്‌ലിയാരെയാണ് നമുക്ക് കാണാന്‍ സാധിക്കുക. എടപ്പാള്‍, പൊന്നാനി പ്രദേശത്ത് നേരത്തെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങിയ പണ്ഡിതനായിരുന്നു അദ്ദേഹം. കൂറ്റനാട് കെ.വി മുഹമ്മദ് മുസ്‌ലിയാരുടെ കൂടെ സംഘടനാ രംഗത്ത് നിഴലായി പുറങ്ങുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ എടപ്പാള്‍ ദാറുല്‍ ഹിദായ സ്ഥാപിക്കുന്നതിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിലും അദ്ദേഹം വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സമസ്ത മലപ്പുറം ജില്ല കമ്മിറ്റി അംഗം, സമസ്ത പൊന്നാനി താലൂക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ്, പൊന്നാനി മണ്ഡലം പ്രസിഡന്റ്, എടപ്പാള്‍ ദാറുല്‍ ഹിദായ എക്‌സിക്യൂട്ടീവ് അംഗം, പുറങ്ങ് ദാറുല്‍ ഖുര്‍ആന്‍ ഇസ്‌ലാമിക് അക്കാദമി വര്‍ക്കിങ് പ്രസിഡന്റ് തുടങ്ങിയ നിലകളിലെല്ലാം അദ്ദേഹം സേവനം ചെയ്തു. 
 
എന്നാല്‍, നാട്ടിലെ സേവന പ്രവര്‍ത്തനങ്ങളെക്കാള്‍ പ്രവാസ ലോകത്താണ് അദ്ദേഹത്തിന്റെ ഇടപെടല്‍ സമസ്തക്കും സമുദായത്തിനും വലിയ മുതല്‍ക്കൂട്ടായത്. നീണ്ട കാലത്തെ മസ്‌കത്ത് വാസത്തിനിടെ ഒമാനില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് പേരും പെരുമയുമുണ്ടാക്കിയത് പുറങ്ങായിരുന്നു. സ്ഥാപിത കാലം മുതല്‍ ദീര്‍ഘകാലം മസ്‌കത്ത് സുന്നി സെന്ററിന്റെ അമരത്ത് അബ്ദുല്ല മുസ്‌ലിയാര്‍ തന്നെയായിരുന്നു. അവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന സുന്നി സെന്ററിന്റെ വിവിധ പദ്ധതികളുടെ ഭാഗമായി സമസ്തയ്ക്കും കീഴ്ഘടകങ്ങള്‍ക്കും വലിയ സാമ്പത്തിക സഹായം സ്വരൂപിക്കാനും നാട്ടിലെത്തിക്കാനും എന്നും മുന്നില്‍ നിന്നു. ഒമാനില്‍ സമസ്തയുടെ മദ്‌റസകള്‍ സ്ഥാപിക്കാനും നടത്തി കൊണ്ടുപോകാനും നടത്തിയ ശ്രമങ്ങള്‍ വിലമതിക്കാനാവാത്തതാണ്. പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയിട്ടും മസ്‌കത്ത് സുന്നി സെന്ററിന്റെ ഉപദേശക സമിതി ചെയര്‍മാനായി അദ്ദേഹം തുടര്‍ന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മേല്‍നോട്ടത്തില്‍ സുപ്രഭാതം പത്രം സാക്ഷാത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ ഡയരക്ടറായും അദ്ദേഹം സേവനം ചെയ്തു. സമസ്ത നടത്തിയ സമ്മേളനങ്ങള്‍ക്കും സമസ്തക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം സംഘടിപ്പിക്കുന്നതില്‍ മസ്‌കത്ത് സുന്നി സെന്ററും പുറങ്ങ് അബ്ദുല്ല മുസ്‌ലിയാരും പറഞ്ഞറിയിക്കാനാവാത്ത സേവന പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. എസ്.കെ.എസ്.എസ്.എഫിനു കീഴില്‍ വളരെ വിജയകരമായി മുന്നോട്ടു പോയ ഹയര്‍ എജ്യുക്കേഷന്‍ പ്രോഗ്രാം(ഒ.ഋ.ജ) ന് മസ്‌കത്ത് സുന്നി സെന്ററിന്റെ സാമ്പത്തിക സഹായം എല്ലാ കാലത്തും ഓര്‍മിക്കപ്പെടേണ്ടതാണ്. സുന്നി സെന്റര്‍ ഭാരവാഹി മാന്നാര്‍ ഇസ്മാഈല്‍ കുഞ്ഞ് ഹാജിയുടെ സേവനവും ഇവിടെ ചേര്‍ത്തുവായിക്കണം.
 
പുറങ്ങ് അബ്ദുല്ല മുസ്‌ലിയാര്‍ വിടപറയുമ്പോള്‍ നിഷ്‌കളങ്കനായ ഒരു പണ്ഡിതനെ കൂടി നമുക്ക് നഷ്ടമായിരിക്കുകയാണ്. എനിക്ക് ദീര്‍ഘകാലത്തെ സുഹൃത്തിനെയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പൂര്‍വ കാല നേതാക്കളായിരുന്ന സി.എച്ച് ഹൈദ്രോസ് മുസ്‌ലിയാര്‍, എം.എം ബഷീര്‍ മുസ്‌ലിയാര്‍ തുടങ്ങിയവരുമായി അടുത്തിടപഴകിയിരുന്ന അദ്ദേഹം മികച്ച വിദ്യാഭ്യാസ പ്രചാരകനും കറകളഞ്ഞ സംഘാടക പ്രതിഭയുമായിരുന്നു. ശംസുല്‍ ഉലമയും കണ്ണിയ്യത്തുസ്താദും കാണിച്ച വഴിയായിരുന്നു എന്നും  സംഘാടന വഴി. മുസ്‌ലിം ലീഗ് രാഷ്ട്രീയത്തോട് അനുഭാവം പുലര്‍ത്തിയ അദ്ദേഹം എന്നും സമുദായത്തിന്റെ പുരോയാനത്തിനായി തനിക്കെന്തു ചെയ്യാന്‍ കഴിയുമെന്ന് ചിന്തിച്ച ആദരണീയ വ്യക്തിത്വത്തിനുടമയായിരുന്നു. 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-15-11-2024

PSC/UPSC
  •  a month ago
No Image

രാജ്യതലസ്ഥാനത്ത് 900 കോടിയുടെ വൻ ലഹരിവേട്ട

National
  •  a month ago
No Image

വിദേശത്ത് ജോലി വാഗ്ദാനം നൽകി തട്ടിയത് ലക്ഷങ്ങൾ; അമ്മയും മകളും അടക്കം 3 പിടിയിൽ

Kerala
  •  a month ago
No Image

യുഎഇയില്‍ മത്സ്യവില കുത്തനെ കുറഞ്ഞു 

uae
  •  a month ago
No Image

നിങ്ങൾ ഡയറ്റിലാണോ എങ്കിൽ ആന്‍റിഓക്സിഡന്‍റുകള്‍ ലഭിക്കാന്‍ ഈ പഴങ്ങള്‍ ഭക്ഷണത്തിൽ ഉൾപ്പെടുത്തു

Health
  •  a month ago
No Image

മലപ്പുറത്ത് കനത്ത മഴ, നിലമ്പൂരിൽ 4 മണിക്കൂറിൽ പെയ്തത് 99 എംഎം മഴ,ജില്ലയിൽ വരും മണിക്കൂറിലും മഴ തുടരും

Kerala
  •  a month ago
No Image

ഹരിദ്വാറിൽ വിവാഹ സംഘം സ‍ഞ്ചരിച്ചിരുന്ന വാഹനം ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞു; നാല് മരണം

National
  •  a month ago
No Image

മുപ്പതാം ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബര്‍ 6ന് ആരംഭിക്കും

uae
  •  a month ago
No Image

പാലക്കാട് കോങ്ങാടിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a month ago
No Image

സ്കൂട്ടറിൽ കറങ്ങി നടന്ന് അനധികൃതമായി മദ്യ വിൽപ്പന; യുവാവ് എക്സൈസിന്‍റെ പിടിയിൽ

Kerala
  •  a month ago