അരിവാള്‍ കൊക്കന് മാവൂരില്‍ അപൂര്‍വ പ്രജനനം
മാവൂര്‍: വംശനാശഭീഷണി നേരിടുന്ന അരിവാള്‍ കൊക്കന്‍ (ഓറിയന്റല്‍ ബ്ലാക്ക് ഐബിസ്) മാവൂരില്‍ പ്രജനനത്തിനെത്തി. സംസ്ഥാനത്ത് അപൂര്‍വമായി പ്രജനനത്തിനെത്തുന്ന ദേശാടനപ്പക്ഷിയാണ് അരിവാള്‍കൊക്കന്‍.
ദേശാടനക്കിളികള്‍ ധാരാളം എത്തുന്ന മാവൂരിലെ തെങ്ങിലക്കടവ്-പള്ളിയോള്‍ നീര്‍ത്തടത്തിന് നടുവിലുള്ള മരങ്ങളിലാണ് അരിവാള്‍കൊക്കന്‍ കൂടുകൂട്ടി മുട്ടയിട്ടത്. വിരിഞ്ഞിറങ്ങിയ കുഞ്ഞുങ്ങളെ അമ്മക്കിളികള്‍ പരിപാലിക്കുന്നത് കൗതുകവും വാത്സല്യവും പകരുന്ന കാഴ്ചയാണ്. രണ്ട് കൂടുകളിലാണ് കുഞ്ഞുങ്ങളുള്ളത്. കേരളത്തില്‍ നേരത്തെ രണ്ടിടങ്ങളില്‍മാത്രമാണ് ഇവ പ്രജനനം നടത്തിയിരുന്നത്. വയനാട്ടിലെ പനമരത്തും കോട്ടയം കുമരകത്തും.
മഴക്കാലത്താണ് ഇവ സാധാരണ കൂടുകൂട്ടി പ്രജനനം നടത്തുന്നത്. അരിവാള്‍കൊക്കന്‍ ഇനത്തില്‍പെട്ട നൂറുകണക്കിന് പക്ഷികള്‍ ഇത്തവണ മാവൂരിലെ നീര്‍ത്തടത്തില്‍ എത്തിയിട്ടുണ്ട്.
പ്രജനനം നടത്തുന്ന മരങ്ങള്‍ ഉള്‍പ്പെടുന്നതിനെ കൊറ്റില്ലങ്ങള്‍ എന്നാണ് പറയുന്നത്. ഇത്തരത്തില്‍ നിരവധി കൊറ്റില്ലങ്ങളാണ് ഇവിടെയുള്ളത്.
ഇണചേരലും കൂടുകൂട്ടലുമായി തിരക്കിലാണ് പക്ഷികള്‍. ചേരക്കോഴി, ഛായമുണ്ടി എന്നിവ കഴിഞ്ഞ മാസങ്ങളില്‍ ഇവിടെ പ്രജനനം നടത്തിയിരുന്നു. നീര്‍കാക്കയെയും പാതിരാക്കൊക്കിനെയും കൊറ്റില്ലത്തില്‍ കാണാറുണ്ട്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയില്‍ ജന്തുശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്ന സി.ടി.ശിഫയാണ് ഇവയുടെ പ്രജനനം കണ്ടെത്തിയത്.
സൗദി അറേബ്യയിലെ കിങ് ഫഹദ് യൂനിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സിലെ സയന്റിസ്റ്റ് ഡോ. കെ.എം. ആരിഫിന്റെയും കോടഞ്ചേരി ഗവ. കോളജ് അസി. പ്രഫസര്‍ ഡോ. ജോബിരാജിന്റെയും കീഴിലാണ് ശിഫ ഗവേഷണം നടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."