പൊലിസിനെതിരേ മാക്‌സി ധരിച്ച് പ്രതിഷേധിച്ച യഹിയ അന്തരിച്ചു
അഞ്ചല്‍ (കൊല്ലം): വേറിട്ട പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ മാക്‌സി മാമ എന്നറിയപ്പെടുന്ന കടയ്ക്കല്‍ കുമ്മിള്‍ മുക്കുന്നം ആര്‍.എം.എസ് തട്ടുകട ഉടമ പുതുക്കോട് റുക്‌സാന മന്‍സിലില്‍ യഹിയ(80) അന്തരിച്ചു. ലുങ്കി മടക്കിക്കുത്തിയത് അഴിച്ചിടാത്തതിനെ തുടര്‍ന്ന് പൊലിസുകാരന്‍ മുഖത്ത് അടിച്ചതില്‍ മാക്‌സി ധരിച്ച് പ്രതിഷേധിച്ചയാളാണ് യഹിയ. നീണ്ടനാളത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ തിരിച്ചെത്തിയ യഹിയ ചായക്കട നടത്തുന്നതിനിടെയാണ് പൊലിസുകാരുമായി തര്‍ക്കമുണ്ടാകുന്നത്. സ്ഥലം എസ്.ഐയുടെ മുന്നില്‍ മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ചില്ലെന്ന കാരണത്താലായിരുന്നു തര്‍ക്കം. തര്‍ക്കത്തിനിടെ പൊലിസുകാരിലൊരാള്‍ യഹിയയുടെ കരണത്ത് അടിച്ചു. അതിലുള്ള പ്രതിഷേധത്താല്‍ മടക്കിക്കുത്ത് അഴിക്കേണ്ടാത്ത ഒരു വസ്ത്രം എന്ന നിലയില്‍ മാക്‌സി സ്ഥിരം വേഷമാക്കുകയായിരുന്നു.
മരിക്കുന്നതുവരെയും യഹിയ മാക്‌സിയാണ് ധരിച്ചത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയതില്‍ പ്രതിഷേധിച്ച് തന്റെ സമ്പാദ്യമായുണ്ടായിരുന്ന നോട്ടുകള്‍ ചായക്കടയിലെ അടുപ്പിലിട്ട് കത്തിച്ചും പ്രതിഷേധമറിയിച്ചിരുന്നു. 23,000 രൂപയുടെ നോട്ടുകളാണ് കത്തിച്ചത്. കൂടാതെ പകുതി മീശയും മുടിയുടെ പകുതിയും വടിച്ചുകളഞ്ഞും യഹിയ പ്രതിഷേധിച്ചു. ഈ പ്രതിഷേധം അന്തര്‍ദേശീയതലത്തില്‍ ചര്‍ച്ചയാവുകയും ചെയ്തു. യഹിയയുടെ ജീവിതം ആസ്പദമാക്കി അധ്യാപകനും മാധ്യമപ്രവര്‍ത്തകനുമായ സനു കുമ്മിള്‍ സംവിധാനം ചെയ്ത 'ഒരു ചായക്കടക്കാരന്റെ മന്‍കി ബാത്' എന്ന ഡോക്യുമെന്ററി കേരള അന്താരാഷ്ട്ര ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഹ്രസ്വ ഡോക്യുമെന്ററിക്കുള്ള അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. മാസങ്ങളായി രോഗശയ്യയിലായിരുന്നു യഹിയ. പരേതയായ സുഹ്‌റാ ബീവിയാണ് യഹിയയുടെ ഭാര്യ. മക്കള്‍: സബീന, സീന. മരുമക്കള്‍: സലീം, സദീര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."