ബന്ധം ഊഷ്മളമാക്കി യു.എ.ഇയും ഖത്തറും, ഉപരോധത്തിന് ശേഷം ആദ്യ സന്ദർശനം; മടങ്ങിയ ശൈഖ് മുഹമ്മദിനെ യാത്രയയക്കാൻ ഖത്തർ അമീർ വിമാനത്താവളത്തിൽ എത്തി
ദുബൈ: ബന്ധം കൂടുതൽ ഊഷ്മളമാക്കി ഖത്തറും യു.എ.ഇയും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ ദോഹ സന്ദർശിച്ചു. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ക്ഷണം സ്വീകരിച്ചാണ് യു.എ.ഇ പ്രസിഡന്റ് ഖത്തറിലെത്തിയതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു.
യു.എ.ഇയും സൗദി അറേബ്യയും ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഖത്തറിന് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ച ശേഷം ആദ്യമായാണ് യു.എ.ഇ പ്രസിഡന്റ് ഖത്തറിലെത്തുന്നത്. ഇന്നലെ രാവിലെ ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ വന്നിറങ്ങിയ ശൈഖ് മുഹമ്മദ് ബിൻ സായിദിനെ സ്വീകരിക്കാൻ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി വിമാനത്താവളത്തിലെത്തിയിരുന്നു. അമീറിന്റെ പേഴ്‌സണൽ പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് അൽതാനി, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽതാനി, അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ അൽതാനി തുടങ്ങിയവരും നിരവധി പ്രമുഖരും വിമാനത്താവളത്തിൽ എത്തിയിരുന്നു. രണ്ട് രാഷ്ട്രത്തലവന്മാരും ചർച്ചകൾ നടത്തി. സന്ദർശനം പൂർത്തിയാക്കി മടങ്ങിയ ശൈഖ് മുഹമ്മദിനെ യാത്രയയക്കാനും ഖത്തർ അമീർ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."