ആലപ്പുഴ മെഡിക്കല്‍ കോളജില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവം; പൊലിസ് കേസെടുത്തു
അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ പൊലിസ് കേസെടുത്തു. കൈനകരി കുട്ടമംഗലം കായിത്തറ ശ്യാംജിത്തിന്റെ ഭാര്യ അപര്‍ണ(21) ഉം പെണ്‍കുഞ്ഞുമാണ് മരിച്ചത്. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കിയിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് അപര്‍ണയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ടോട് കൂടി ലേബര്‍ റൂമിലേക്ക് മാറ്റി. പ്രസവം വൈകിയതിനെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തുകയായിരുന്നു. പിന്നാലെ കുഞ്ഞ് മരിച്ചു. പൊക്കിള്‍ക്കൊടി കഴുത്തില്‍ ചുറ്റിയതാണെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ വലിയ പ്രതിഷേധമാണ് അപര്‍ണയുടെ ബന്ധുക്കള്‍ ഉയര്‍ത്തിയത്.
കുഞ്ഞിന്റെ മരണം അറിയിക്കാന്‍ വൈകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. പുലര്‍ച്ചെ അഞ്ച് മണിയോട് കൂടി അപര്‍ണയും മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ചതിന് ശേഷം അപര്‍ണയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഗുരുതരമായ ചികിത്സാ പിഴവ് ഉണ്ടായിട്ടുണ്ടെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
സംഭവത്തില്‍ കൃത്യമായ നടപടിയുണ്ടായതിന് ശേഷം മാത്രമേ മൃതദേഹങ്ങള്‍ വീട്ടിലേക്ക് കൊണ്ടുപോകൂ എന്ന നിലപാടിലാണ് അപര്‍ണയുടെ ബന്ധുക്കള്‍. അതേസമയം, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മാത്രമേ മരണകാരണം അടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ചികിത്സാ പിഴവ് നടന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു മെഡിക്കല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."