'ഗസ്സയിലേത് ആസൂത്രിത വംശഹത്യ; ഇസ്റാഈലിനെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പെടുത്തണം' രൂക്ഷവിമര്‍ശനവുമായി സ്പാനിഷ് മന്ത്രി
'ഗസ്സയിലേത് ആസൂത്രിത വംശഹത്യ; ഇസ്റാഈലിനെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പെടുത്തണം' രൂക്ഷവിമര്‍ശനവുമായി സ്പാനിഷ് മന്ത്രി
ഗസ്സ: ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പാനിഷ് മന്ത്രി ലെണ് ബെലാറ. ഗസ്സയില്‍ ഇസ്റാഈല്‍ നടത്തുന്ന ആസൂത്രിത വംശഹത്യയാണെന്ന് അവര്‍ തുറന്നടിച്ചു. ഇസ്റാഈലിനെതിരെ അന്താരാഷ്ട്ര ഉപരോധം ഏര്‍പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. അല്‍ ജസീറക്ക് നല്കിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം.
ലോകനേതാക്കളുടെ ഇരട്ടത്താപ്പിനെതിരെ അവര്‍ തുറന്നടിച്ചു. ഉക്രെയ്നിലെ മനുഷ്യാവകാശ ലംഘനങ്ങളെ അപലപിക്കുന്നവര്‍ ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന മനുഷ്യക്കുരുതിയില്‍ കാതടപ്പിക്കുന്ന നിശബ്ദത പാലിക്കുകയാണ്- അവര്‍ തുറന്നടിച്ചു. ഇസ്റാഈല്‍ ഫലസ്തീന് ജനതക്കു മേല്‍ നടത്തുന്ന ആസൂത്രിത വംശഹത്യ അവസാനിപ്പിക്കണം- അവര്‍ ആവശ്യപ്പെട്ടു.
ലോകത്ത് നടക്കുന്ന മറ്റു സംഘര്‍ഷങ്ങളില്‍ സമാധാനമോതുന്നവര്ക്ക് എങ്ങിനെയാണ് ഫലസ്തീനില്‍ ഇസ്റാഈല്‍ നടത്തുന്ന മനുഷ്യക്കുരുതി നോക്കിനില്ക്കാന് കഴിയുന്നത്- അവര്‍ ചോദിച്ചു. ആയിരക്കണക്കിന് കുട്ടികളുടെ മരണം. സ്വന്തം കുഞ്ഞുങ്ങളുടെ മരണത്തിന് സാക്ഷിയാകേണ്ടി വന്ന ഉമ്മമാരുടെ ആര്‍ത്തനാദം- അവര്‍ ചൂണ്ടിക്കാട്ടി.
യൂറോപ്യന്‍ യൂനിയന്‍ ഉള്‍പെടെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ കഴിയുന്ന ലോകരാജ്യങ്ങളും ലോക നേതാക്കളും നിശബ്ദതയിലാണ്. എനിക്ക് കൃത്യമായി അറിയാവുന്ന കാര്യങ്ങളെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. യൂറോപ്യന്‍ യൂനിയന്റെ കാപട്യമാണ് ഇത് കാണിക്കുന്നത്. ഇതംഗീകരിക്കാനാവില്ല- അവര്‍ ആഞ്ഞടിച്ചു.
ഗസ്സക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സ്പെയിനും മറ്റ് രാജ്യങ്ങളും ഇസ്റാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്നും അവര്‍ ഊന്നിപ്പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."