മേഴ്സിക്കുട്ടിയമ്മ സ്വഭാവംകൊണ്ട് തോറ്റു; ബാലഗോപാലിനെ സി.പി.എം ഒതുക്കാന്‍ നോക്കി
തിരുവനന്തപുരം: സി.പി.ഐയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനെതിരായി ഉന്നയിച്ച കൂടുതല്‍ വിമര്‍ശനങ്ങള്‍ പുറത്ത്. കുണ്ടറയില്‍ മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ തോറ്റത് അവരുടെ സ്വഭാവരീതികൊണ്ടാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കുണ്ടറയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ സ്വഭാവരീതിയെക്കുറിച്ച് വോട്ടര്‍മാര്‍ക്കിടയില്‍ രഹസ്യമായ മുറുമുറുപ്പുണ്ടായിരുന്നു. മണ്ഡലത്തില്‍ വിജയിച്ച യു.ഡി.എഫ് സ്ഥാനാര്‍ഥി പി.സി വിഷ്ണുനാഥിനെ വിനയശീലനെന്നു റിപ്പോര്‍ട്ടില്‍ വിശേഷിപ്പിക്കുന്നുമുണ്ട്.
ധനമന്ത്രി കെ.എം ബാലഗോപാലിനെ കൊട്ടാരക്കരയില്‍ സി.പി.എമ്മുകാര്‍ തന്നെ ഒതുക്കാന്‍ നോക്കിയെന്ന ആരോപണവുമുണ്ട്. 2016ല്‍ കൊട്ടാരക്കരയില്‍ ഐഷാ പോറ്റി നേടിയതിനേക്കാള്‍ 32,000ത്തോളം വോട്ട് ഭൂരിപക്ഷം ബാലഗോപാലിന് കുറഞ്ഞതിനു കാരണം സി.പി.എം നേതാക്കളുടെ ചവിട്ടിപ്പിടുത്തമാണ്. സി.പി.എമ്മിലെ സ്ഥാനാര്‍ഥിമോഹികളായ ചിലര്‍ക്കു സീറ്റ് കിട്ടാതെവന്നതാണ് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.
പാലായില്‍ ജോസ് കെ. മാണി തോറ്റതു സംബന്ധിച്ചും വിമര്‍ശനമുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് ജയിച്ച പാലായില്‍ തുടര്‍ന്ന് വന്നനിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനുള്ള കാരണം കേരള കോണ്‍ഗ്രസും (എം) അവരുടെ നേതാവുമാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ജനകീയത ജോസ് കെ. മാണിക്കില്ലായിരുന്നു. യു.ഡി.എഫിന്റെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസി(എം)നെ ഉള്‍ക്കൊള്ളാന്‍ ഇടതുപക്ഷത്തെ ഒരു വിഭാഗം തയാറായില്ല. തെരഞ്ഞെടുപ്പ് സമയത്ത് കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഒരു നിസ്സംഗതയുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിലെ വിവരങ്ങളാണ് പുറത്തുവന്നത്. റിപ്പോര്‍ട്ടില്‍ സി.പി.എമ്മിനെതിരേ ഉന്നയിച്ച ഏതാനും ചില വിമര്‍ശനങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."