മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും; കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങും
മൃതദേഹം മാറിയ സംഭവം; ശോശാമ്മയുടെ ചിതാഭസ്മം പള്ളിയില്‍ സംസ്‌കരിക്കും; കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങും
കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ മൃതദേഹം മാറി നല്‍കിയ സംഭവത്തിലുണ്ടായ തര്‍ക്കത്തിന് പരിഹാരമായി. ശോശാമ്മയുടെ മൃതദേഹം ദഹിപ്പിച്ച സ്ഥലത്ത് നിന്ന് ചിതാഭസ്മം ശേഖരിച്ച് പള്ളിയിലെ കല്ലറയില്‍ സംസ്‌കരിക്കാനും കമലാക്ഷിയമ്മയുടെ മൃതദേഹം മക്കള്‍ ഏറ്റുവാങ്ങാനുമാണ് തീരുമാനമായത്. കാഞ്ഞിരപ്പള്ളി ഡി.വൈ.എസ്.പിയുടേയും തഹസില്‍ദാരുടേയും ജനപ്രതിനിധികളുടയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്.
കാഞ്ഞിരപ്പള്ളി മേരി ക്വിന്‍സ് ആശുപത്രിയ്‌ക്കെതിരെയാണ് പരാതി ഉയര്‍ന്നത്. ചോറ്റി സ്വദേശി ശോശാമ്മയുടെ മൃതദേഹത്തിന് പകരം ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമായിരുന്നു ബന്ധുക്കള്‍ക്ക് നല്‍കിയത്. മോര്‍ച്ചറിയില്‍ അടുത്തടുത്ത അറകളിലാണ് ഇരുവരുടെയും മൃതദേഹം സൂക്ഷിച്ചിരുന്നത്. വിശദീകരണം തേടിയപ്പോള്‍ ശോശാമ്മയുടെ മൃതദേഹം ആളുമാറി ദഹിപ്പിച്ചെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് ശോശാമ്മ ജോണ്‍ മരിച്ചത്. വിദേശത്തുള്ള ബന്ധുക്കള്‍ എത്തുന്നതിനായി മൃതദേഹം ഈ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങാനെത്തിയപ്പോഴാണ് ആശുപത്രി അധികൃതര്‍ നല്‍കിയ മൃതദേഹം ശോശാമ്മയുടെതല്ലെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞത്. ചിറക്കടവ് സ്വദേശി കമലാക്ഷിയുടെ മൃതദേഹമാണ് മോര്‍ച്ചറിയിലുണ്ടായിരുന്നത്. അന്വേഷിച്ചപ്പോള്‍ കമലാക്ഷിയ്ക്കു പകരം ചിറക്കടവ് സ്വദേശികള്‍ക്ക് ശോശാമ്മയുടെ മൃതദേഹം മാറി നല്‍കിയെന്നും അവര്‍ സംസ്‌കരിച്ചുമെന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി.
ഇതോടെ ആശുപത്രി പരിസരത്ത് ബന്ധുക്കള്‍ ബഹളം വച്ചു. പൊലീസെത്തി പ്രശ്‌ന പരിഹാര ചര്‍ച്ചകള്‍ നടത്തി. വീഴ്ച്ച സംഭവിച്ചതിന് ആശുപത്രി മാനേജ്‌മെന്റ് മാപ്പു പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."