പാലാ ബിഷപ്പും കേരളത്തിന്റെ മതേതര സാമൂഹികാവസ്ഥയും
കെ.എ ഷാജി
കേരളത്തില്‍ ലൗ ജിഹാദ് നിലനില്‍ക്കുന്നുണ്ടോ എന്ന വിഷയത്തില്‍ സിറോ മലബാര്‍ സഭ ആവശ്യപ്പെടുകയും ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ ഉത്തരവിടുകയും ചെയ്ത പൊലിസ് അന്വേഷണം പൂര്‍ത്തിയായത് 2020 ഫെബ്രുവരി പത്തിനായിരുന്നു. സംസ്ഥാനത്ത് ലൗ ജിഹാദ് എന്നൊരു പ്രതിഭാസം നിലനില്‍ക്കുന്നില്ലെന്നാണ് പൊലിസ് റിപ്പോര്‍ട്ട്. ഇസ്‌ലാം മതസ്ഥരായ യുവാക്കള്‍ വിവാഹം കഴിച്ച ഇതര മതക്കാരായ സ്ത്രീകള്‍ എല്ലാം സ്വതന്ത്രമായി തീരുമാനമെടുത്തവരാണെന്നും ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദങ്ങള്‍ക്ക് അവര്‍ വിധേയരായില്ലെന്നുമായിരുന്നു തെളിവുകള്‍ നിരത്തി പൊലിസ് പറഞ്ഞത്. വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ എന്നാണ് വിശുദ്ധ ബൈബിള്‍ പറയുന്നത്. എന്നാല്‍ ലൗ ജിഹാദ് സംബന്ധിച്ച് സംസ്ഥാന പൊലിസ് മാത്രമല്ല, കേന്ദ്ര ആഭ്യന്തരവകുപ്പ്, ദേശീയ അന്വേഷണ ഏജന്‍സി, ദേശീയ വനിതാ കമ്മിഷന്‍, ന്യൂനപക്ഷ കമ്മിഷന്‍, മനുഷ്യാവകാശ കമ്മിഷന്‍ എന്നിവയൊന്നും പറഞ്ഞത് വായിക്കാനോ ഗ്രഹിക്കാനോ സിറോ മലബാര്‍ സഭയുടെ കേരളത്തിലെ നേതൃത്വം നാളിതുവരെ തയാറായിട്ടില്ലെന്ന് വേണം മനസ്സിലാക്കാന്‍.
എന്നാല്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടും അദ്ദേഹത്തിന് പിന്തുണ നല്‍കുന്ന കേരളത്തിലെ ബി.ജെ.പി നേതൃത്വവും ഒരു സ്‌റ്റെപ്പ് കൂടി മുന്നോട്ടുപോയി കേരളത്തില്‍ ലൗ ജിഹാദ് മാത്രമല്ല നര്‍ക്കോട്ടിക് ജിഹാദുകൂടിയുണ്ടെന്നാണ് പറഞ്ഞുവയ്ക്കുന്നത്. ബിഷപ്പിനെയും അദ്ദേഹം കണ്ടുപിടിച്ച നര്‍ക്കോട്ടിക് ജിഹാദിനെയും തെളിവുകള്‍ ഒന്നുമില്ലെങ്കിലും അതിശക്തമായി പ്രതിരോധിച്ചുകൊണ്ട് കേരളാ കത്തോലിക്കാ മെത്രാന്‍ കൗണ്‍സിലും ദീപിക ദിനപ്പത്രവും മുന്നോട്ട് വന്നിട്ടുണ്ട്. സ്വാഭാവികമായും കേരളത്തിലെ മുന്നണികള്‍ക്കതീതമായി കേരളത്തിലെ മതനിരപേക്ഷതയിലും ബഹുസ്വരതയിലും സാമൂഹിക സൗഹാര്‍ദത്തിലും വിശ്വസിക്കുന്നവര്‍ ബിഷപ്പിനെയും അനുയായികളെയും പരസ്യമായി വിമര്‍ശിച്ചു രംഗത്ത് വന്നു.
ആദ്യമേ തന്നെ പറയട്ടെ, ഇവിടെ രോഗം ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അല്ല. അദ്ദേഹം കേവലം രോഗലക്ഷണം മാത്രമാണ്. രോഗബാധിതമായിരിക്കുന്നത് കേരളത്തിലെ കത്തോലിക്കാ മതനേതൃത്വത്തിലെ ഒരുപിടി ബിഷപ്പുമാരുടെയും ഇതര പുരോഹിതരുടെയും സാമൂഹിക, രാഷ്ട്രീയ നിലപാടുകളാണ്. ഇന്നലെകളില്‍ എന്നതുപോലെ എന്നും പ്രതിലോമപരമാണ് അവരുടെ നിലപാടുകളെങ്കിലും സമീപകാലത്തായി അവര്‍ തങ്ങളില്‍ തന്നെ വളര്‍ത്തിയെടുക്കുന്ന സംഘ്പരിവാര്‍ ദാസ്യം വലിയ അപകടത്തിലേക്കാണ് കേരള സമൂഹത്തെ മൊത്തത്തിലും ക്രൈസ്തവ വിശ്വാസികളെ പ്രത്യേകമായും കൊണ്ടുപോവുന്നത്.
കേരളത്തില്‍ മദ്യത്തിനും മയക്കുമരുന്നുകള്‍ക്കും എതിരെ എക്കാലത്തും പൊതുനിലപാടുകള്‍ എടുത്തിട്ടുള്ളവരാണ് ക്രൈസ്തവ, ഇസ്‌ലാം മതങ്ങളും അവയുടെ നേതാക്കളും. കലാകാലങ്ങളിലെ സംസ്ഥാന സര്‍ക്കാരുകളുടെ അബ്കാരി നയങ്ങള്‍ പോലും അവയുടെ നിശിതമായ വിമര്‍ശനവും പ്രതിഷേധവും നേരിട്ടിട്ടുണ്ട്. എന്നിട്ടും മയക്കുമരുന്ന് നല്‍കി സംസ്ഥാനത്തെ മുസ്‌ലിം യുവാക്കള്‍ ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതം മാറ്റുന്നുവെന്നും നര്‍ക്കോട്ടിക് ജിഹാദ് എന്നത് യാഥാര്‍ഥ്യമാണെന്നും ബിഷപ്പ് പറയുമ്പോള്‍ മാനിഷാദ എന്ന് പറയാന്‍ വളരെ കുറച്ചു ആളുകള്‍ മാത്രമേ തയാറാകുന്നുള്ളൂ. ആശ്വാസകരമെന്നു പറയട്ടെ, മതസൗഹാര്‍ദവും സാമൂഹിക സുസ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യംവച്ചുള്ള ഇത്തരം പ്രസ്താവനയ്‌ക്കെതിരേ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് തന്നെ വലിയ അളവിലുള്ള അഭിപ്രായ രൂപീകരണം നടക്കുന്നുണ്ട് എന്നത് ചെറിയ കാര്യമല്ല.
ക്രിസ്ത്യന്‍ യുവതികളെ പ്രണയം നടിച്ചും മയക്കുമരുന്നുകള്‍ നല്‍കിയും മതം മാറ്റി ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ഭീകരപ്രവര്‍ത്തനങ്ങളുടെ ഭാഗമാക്കാന്‍ സിറിയയിലേക്കും മറ്റും കടത്തിക്കൊണ്ടു പോകുന്നു എന്നതാണ് വ്യാജ ആരോപണത്തിന്റെ കാതല്‍. പുറം സമൂഹത്തിന് ബിഷപ്പിന്റെ പ്രസംഗം വലിയ ഷോക്കായെങ്കിലും സഭയ്ക്കകത്ത് പ്രവര്‍ത്തിക്കുന്ന പല മതേതരരായ വിശ്വാസികള്‍ക്കും അതില്‍വലിയ അത്ഭുതം ഒന്നും തോന്നിയില്ല. കഴിഞ്ഞ ഒരു ദശകത്തിലധികമായി സഭ കുഞ്ഞാടുകളുടെ മേല്‍ കുത്തിവച്ചുകൊണ്ടിരിക്കുന്ന കടുത്ത മുസ്‌ലിം വിരോധത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമായിരുന്നു അത്.
2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട കേരളത്തിലെ ചില പ്രധാന ബിഷപ്പുമാരുടെ ആവശ്യം തന്നെ ലൗ ജിഹാദിനെതിരായ നിയമനടപടികളായിരുന്നു. ആ ഒരര്‍ത്ഥത്തില്‍ കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക അന്തരീക്ഷങ്ങളില്‍ ബി.ജെ.പി, ആര്‍.എസ്.എസ് കടന്നുകയറ്റം ഉണ്ടാകുന്നതായി ആരോപിക്കപ്പെട്ടാലും തങ്ങള്‍ അത് കാര്യമാക്കില്ലെന്ന് സഭാ നേതാക്കള്‍ വ്യക്തമാക്കുകയും ചെയ്തു. ആഗോളതലത്തില്‍ തന്നെ മുസ്‌ലിം ജനസാമാന്യത്തെ തങ്ങളുടെ സാമുദായിക അജന്‍ഡയുടെ മുഖ്യഎതിരാളികളായി കാണുന്ന കത്തോലിക്കാ സഭ ഇവിടെ കടുത്ത ഫാസിസ്റ്റു പ്രവണതകളുള്ള ഹിന്ദുത്വ ഭരണത്തിന് കീഴിലും തങ്ങളുടെ ശത്രുക്കള്‍ക്കു മാറ്റമില്ലെന്ന് വ്യക്തമാക്കുകയാണ്. അതിനായി അവര്‍ വാര്‍ത്തകളെ വളച്ചൊടിക്കുകയും കെട്ടുകഥകള്‍ സൃഷ്ടിക്കുകയും നുണ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നു.
എന്നാല്‍, കത്തോലിക്കരിലും ഇതര ക്രൈസ്തവ വിഭാഗങ്ങളിലും നല്ലൊരു പങ്ക് മനുഷ്യര്‍ ഇത്തരം വ്യാജോക്തികളുടെ യഥാര്‍ഥ ഉദ്ദേശ്യം തിരിച്ചറിയുകയും വലിയ തോതില്‍ അകലം പാലിക്കുകയും ചെയ്യുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം. വര്‍ഗീയത പറഞ്ഞ ബിഷപ്പിനെതിരേ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവരുന്ന നല്ലൊരുപങ്ക് ക്രിസ്ത്യാനി അഭിപ്രായങ്ങളും ശുഭ സൂചകങ്ങളാണ്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പാലാ ബിഷപ്പിനോട് പറഞ്ഞത് ഇത്തരം വെറുപ്പിന്റെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്‌നേഹബലി അര്‍പ്പിക്കുന്ന അള്‍ത്താരകള്‍ ഉപയോഗിക്കരുത് എന്നാണ്. ഇത്തരം നിരുത്തരവാദിത്വപരമായ പ്രസ്താവനകള്‍ ഗുണം ചെയ്യുക വര്‍ഗീയ ശക്തികള്‍ക്ക് മാത്രമായിരിക്കും എന്നും മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നത് രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മുന്നേറ്റത്തിന് ഭീഷണിയാകുമെന്നും കൂറിലോസ് പറയുന്നത് നൂറുശതമാനം ശരിയാണ്.
സിറോ മലബാര്‍ സഭയെ സംബന്ധിച്ചിടത്തോളം വത്തിക്കാന് തുല്യം പ്രധാനപ്പെട്ടതാണ് പാലാ രൂപത. ഇന്ത്യയിലെ സഭയുടെ വത്തിക്കാനെന്നും പറയാം. അവിടുത്തെ ബിഷപ്പ് തന്നെ കേരളത്തിലെ സാമുദായിക, സാമൂഹിക സൗഹാര്‍ദങ്ങളുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്നു എന്ന് പറയുന്നത് അത്യന്തം ഭീതിദമാണ്. കത്തോലിക്കാ സഭയിലെ ഏറ്റവും വലിയ ഉള്‍പ്പിരിവുകളില്‍ ഒന്നാണ് സിറോ മലബാര്‍ സഭ എന്നതും ഇവിടെ ചേര്‍ത്തുവായിക്കണം. അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് ആര്‍.എസ്.എസ് നേതാക്കളെ അരമനയില്‍ വിളിച്ചുവരുത്തി പണം സംഭാവന നല്‍കിയത് വര്‍ത്തയാക്കിയ ഇതേ ബിഷപ്പ് നിര്‍മാണത്തിന്റെ വരും ഘട്ടങ്ങളിലും തന്റെ സംഭാവനകള്‍ ഉണ്ടാകുമെന്ന് ഉറപ്പുകൊടുത്തിടത്ത് തന്നെ കാര്യങ്ങളുടെ പോക്ക് വ്യക്തമാണ്. ബി.ജെ.പിയും ആര്‍.എസ്.എസും മാത്രമല്ല ബാബരി മസ്ജിദ് തകര്‍ത്തതിലും അവിടെ രാമക്ഷേത്രം ഉയര്‍ത്തുന്നതിനായി നടത്തിയ ന്യൂനപക്ഷ വേട്ടകളിലും മുന്നില്‍നിന്ന ഇതര കാവി സംഘടനകളും തങ്ങള്‍ക്കു ഇനിമേലില്‍ അസ്പൃശ്യരല്ലെന്ന് ബിഷപ്പ് അന്ന് അവിടെ പറയാതെ പറയുകയായിരുന്നു. യാതൊരു തെളിവുമില്ലാതെ നര്‍ക്കോട്ടിക് ജിഹാദെന്ന ആരോപണം ഉന്നയിച്ച ബിഷപ്പിനെ അതിശക്തമായി പിന്തുണച്ചുകൊണ്ട് ബി.ജെ.പി നേതാക്കളായ വി. മുരളീധരനും കെ. സുരേന്ദ്രനും രംഗത്തുവന്നതും യാദൃച്ഛികമല്ല
ഇതേ പാലാ ബിഷപ്പ് തന്നെയാണ് നാലിലധികം കുട്ടികളുള്ള ദമ്പതികള്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുകൊണ്ടുള്ള സര്‍ക്കുലര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ പുറത്തിറക്കിയത്. ദേശീയ ജനസംഖ്യാ നയത്തെയും രാജ്യത്തെ ആരോഗ്യ, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങളെയും പരസ്യമായി വെല്ലുവിളിക്കുന്ന നയമായിട്ടും അതിനെതിരേ ഒരു ബി.ജെ.പി നേതാവും അഭിപ്രായം പറയാതിരുന്നത് ബിഷപ്പിനെ അവര്‍ തങ്ങളില്‍ നിന്നു വേറിട്ട് കാണുന്നില്ലെന്നത് കൊണ്ടാണ്. ദേശീയ കുടുംബാസൂത്രണ നയം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുന്ന ദമ്പതികളുടെ കുട്ടികള്‍ക്ക് സഭ വക സ്ഥാപനങ്ങളില്‍ പഠനവും കുട്ടികളുടെ പ്രസവത്തിന് ആശുപത്രികളില്‍ സൗജന്യ സൗകര്യവുമെല്ലാം വാഗ്ദാനം ചെയ്തപ്പോള്‍ കേന്ദ്ര സര്‍ക്കാരും ഭരണകക്ഷിയും മിണ്ടാതിരുന്നത് സഭയെ സ്വന്തം പക്ഷത്തേക്ക് കൊണ്ടുവരികയെന്ന നിലപാടിന്റെ ഭാഗമായാണ്.
കടുത്ത ഇസ്‌ലാമോഫോബിയയാണ് സിറോ മലബാര്‍ സഭയിലെ നേതൃസ്ഥാനത്തുള്ള പലരെയും ഇപ്പോള്‍ നയിക്കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസിന്റെ അധികാര കുത്തക അവസാനിച്ചതോടെയാണ് ഇവരില്‍ പലരും ബി.ജെ.പിയെ പ്രീണിപ്പിക്കാന്‍ ആരംഭിച്ചത്. ഏറ്റുമുട്ടലല്ല ഒത്തുപോകലാണ് നല്ലതെന്ന് രാജ്യവ്യാപകമായി ക്രിസ്ത്യാനികള്‍ സംഘ്പരിവാറിനാല്‍ ആക്രമിക്കപ്പെടുമ്പോഴും ഇവര്‍ പറയുന്നു. കേരളത്തിലെ സിറോ മലബാര്‍, സിറോ മലങ്കര, ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ, യാക്കോബായ സഭകളുടെ എക്കാലത്തെയും അവകാശവാദം തങ്ങള്‍ സവര്‍ണര്‍ മതം മാറി വന്നവരാണ് എന്നതാണ്. ആ സവര്‍ണ ബോധമാണ് സംഘ്പരിവാറുമായി അവരെ അടുപ്പിക്കുന്ന ഒരു പ്രധാന ഘടകം. എക്കാലത്തും ഭരിക്കുന്നവരോട് ഒട്ടിനിന്നിരുന്നു എന്നതും സഭയുടെ ഒരു പ്രത്യേകതയാണ്. ബ്രിട്ടീഷുകാര്‍ ഭരിക്കുമ്പോള്‍ അവര്‍ക്കൊപ്പവും കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ അവര്‍ക്കൊപ്പവുമായിരുന്ന സഭ ഇപ്പോള്‍ ബി.ജെ.പിയുമായി ദേശീയ തലത്തില്‍ അടുക്കുന്നു. ഇടതുപക്ഷം ഭരണത്തുടര്‍ച്ച നേടിയതോടെ ഇടതു മുന്നണിയിലേക്ക് ജോസ് കെ. മാണി വഴി പാലമിടുന്നു. സ്വന്തം കാര്യങ്ങള്‍ക്ക് മുട്ടുണ്ടാകരുത്. രണ്ടാം ലോകമഹായുദ്ധത്തില്‍ ഹിറ്റ്‌ലര്‍ ജയിക്കുകയും ലോകത്തിന്റെ പ്രധാനമന്ത്രിയാവുകയും ചെയ്യുമെന്ന് കരുതുകയും അദ്ദേഹത്തിന് കീഴില്‍ ഉയര്‍ന്ന പദവികള്‍ കരസ്ഥമാക്കാന്‍ ജര്‍മ്മന്‍ ഭാഷ പഠിക്കുകയും ചെയ്ത കല്‍പാത്തിയിലെ ചില ബ്രാഹ്മണരുടെ നടപടികളെയാണ് സഭ ഇപ്പോള്‍ അനുസ്മരിപ്പിക്കുന്നത്.
സഭയെ വിറളിപിടിപ്പിക്കുന്ന മറ്റൊരു ഘടകം ജനസംഖ്യയാണ്. കഴിഞ്ഞ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യ മുപ്പത്തിമൂന്നു മില്യനാണ്. അതില്‍ 54.73 ശതമാനം ഹിന്ദുക്കളും 26.56 ശതമാനം മുസ്‌ലിംകളും 18.38 ശതമാനം ക്രിസ്ത്യാനികളുമാണ്. ഇവരില്‍ മുസ്‌ലിം ജനസംഖ്യ മാത്രമാണ് കൂടുന്നതെന്നും മറ്റുള്ളവര്‍ കുറയുകയാണെന്നുമാണ് സഭയുടെ വ്യാഖ്യാനം. വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും മുസ്‌ലിം സമൂഹം നേടുന്ന വളര്‍ച്ചയും സഭയെ ആശങ്കപ്പെടുത്തുന്നു. സഭയിലെ യുവജനങ്ങളില്‍ നല്ലൊരുപങ്ക് തൊഴില്‍പരമായും വിദ്യാഭ്യാസപരമായും സംസ്ഥാനത്തിന് വെളിയിലാണ്. സഭയുടെ പ്രവര്‍ത്തനങ്ങളിലും ആരാധനാ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നത് വൃദ്ധ സമൂഹം മാത്രമാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ രണ്ടായിരത്തി അമ്പതോടെ സഭയിലെ യുവാക്കളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടാവുകയും അമറ്റൊന്ന്, സഭയുടെ നേതൃത്വം നിലവില്‍ നേരിടുന്ന സാമ്പത്തികാഴിമതിയുടെയും ക്രമക്കേടുകളുടെയും ആരോപണങ്ങളാണ്. സഭയിലെ ഒരു വിഭാഗം വൈദികരും വിശ്വാസികളും തന്നെ അവയ്‌ക്കെതിരായി രംഗത്ത് വന്നിട്ടുണ്ട്. ഇത്തരം വിഷയങ്ങളില്‍ നിന്നു പൊതുശ്രദ്ധ അകറ്റി നിര്‍ത്താന്‍ നര്‍ക്കോട്ടിക് ജിഹാദ് പോലുള്ള ആരോപണങ്ങള്‍ കൊണ്ട് കഴിഞ്ഞേക്കും. എന്‍ഫോഴ്‌സ്‌മെന്റും ആദായനികുതി വകുപ്പും എന്‍.ഐ.എയും പോലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അനിവാര്യമാക്കുന്ന നിരവധി ആരോപണങ്ങള്‍ സഭയിലെ ഒരു വിഭാഗം പുരോഹിതര്‍ നേരിടുന്നുണ്ട്. അങ്ങനെ വന്നാല്‍ സഭയുടെ സ്വത്തുക്കളും ആസ്തികളും ബാങ്ക് ബാലന്‍സുകളും എല്ലാം സംബന്ധിച്ച് ഉറവിടങ്ങള്‍ വ്യക്തമാക്കേണ്ടി വരും. ഏറ്റുമുട്ടല്‍ മനോഭാവം സ്വീകരിച്ചാല്‍ ബി.ജെ.പിയുടെ കേന്ദ്ര സര്‍ക്കാര്‍ സ്വന്തം ഏജന്‍സികളിലൂടെ സഭയെ ശക്തമായി ആക്രമിച്ചെന്നിരിക്കും. ഇതിന്റെയെല്ലാം വെളിച്ചത്തിലുള്ള വലിയ തോതിലുള്ള സംഘ്പരിവാര്‍ പ്രീണനങ്ങളുടെ വിളംബരഘോഷം മാത്രമാണ് പാലാ ബിഷപ്പിന്റെ നര്‍ക്കോട്ടിക്‌സ് ജിഹാദ് ആരോപണം. സഭയെ കാവി പുതപ്പിക്കുന്ന ശ്രമങ്ങള്‍ ഇനിയും ആസൂത്രിതമായി തന്നെ നടക്കും. വിലകൊടുക്കേണ്ടി വരിക ബഹുസ്വരതയും മതനിരപേക്ഷതയും സ്വന്തം മുഖമുദ്രയായി കണ്ട് അഭിമാനിക്കുന്ന കേരള സമൂഹം മാത്രമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."