ജാഗ്രതയോടെ ഉത്തരവാദിത്വ അധ്യയനം സാധ്യമാക്കാം
അരുണ്‍ കരിപ്പാല്‍
കൊവിഡ് ഏറ്റവുമധികം ബാധിച്ചത് വിദ്യാഭ്യാസ, ആരോഗ്യ, സാമ്പത്തിക മേഖലകളിലാണ്. സമൂഹത്തിന്റെ തുടര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും അടിസ്ഥാനമായി വര്‍ത്തിക്കുന്നത് വിദ്യാഭ്യാസമാണ്. ഒരു കുട്ടിയുടെ മാനസിക വളര്‍ച്ചയും സാമൂഹ്യവല്‍ക്കരണവും സാധ്യമാവുന്നതും വിദ്യാഭ്യാസത്തിലൂടെയാണ്. കൊവിഡ് മൂലം നഴ്‌സറി തൊട്ട് ഉന്നതവിദ്യാഭ്യാസം വരെ പ്രതിസന്ധിയിലാവുകയും ലോകം ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന ബദല്‍ രീതിയിലേക്കു മാറുകയും ചെയ്തു. എന്നാല്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ഈയൊരു മാറ്റം ഗുണപ്രദമായിരുന്നില്ലെന്ന് തന്നെയാണ്. ഓണ്‍ലൈന്‍ പഠനം ഒരു താല്‍ക്കാലിക ബദല്‍ മാത്രമാണെന്നും ഇത് തുടരുന്നത് കുട്ടിക്കും സമൂഹത്തിനും ഒരുപോലെ ഗുണകരമല്ലെന്നതുമാണ് വസ്തുത.
ഏറെ വികസിച്ച കേരളത്തില്‍ പോലും ഓണ്‍ലൈന്‍ വിദ്യാഭ്യാസം ആശങ്കകളും സമ്മര്‍ദങ്ങളും വര്‍ധിപ്പിക്കാനാണ് സഹായിച്ചത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അധ്യയനത്തിനായി ഒക്ടോബര്‍ നാലിന് തുറക്കും എന്നത് വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വളരെയധികം ആശ്വാസം നല്‍കുന്നതാണ്. കൊവിഡിനൊപ്പം വിദ്യാഭ്യാസ മേഖലയും സഞ്ചരിക്കുകയെന്നത് തന്നെയാണ് ഇന്നിന്റെ ആവശ്യം. എലിയെ പേടിച്ചു ഇല്ലം ചുടുന്നത് പോലെ കൊവിഡ് വ്യാപനം പേടിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത് ഗുണകരമാകില്ല. പരമാവധി മുന്‍കരുതലോടു കൂടി കൊവിഡ് കാലത്തെ അതിജീവിക്കുക തന്നെയാണ് പോംവഴി. ലോകത്തുള്ള പഠനങ്ങള്‍ സൂചിപ്പിക്കുന്നത് വിദ്യാര്‍ഥികളില്‍ കൊവിഡ് വ്യാപനം കാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്നതാണ്. പല രാജ്യങ്ങളും സ്‌കൂളുകളാണ് ആദ്യം ആരംഭിച്ചത് എന്നതും എടുത്തു പറയേണ്ടതാണ്. കര്‍ണാടക, തമിഴ്‌നാട് പോലുള്ള നമ്മുടെ അയല്‍ സംസ്ഥാനങ്ങള്‍ ഏതാനും ആഴ്ചകള്‍ക്കു മുമ്പ് ക്ലാസുകള്‍ ആരംഭിച്ചെങ്കിലും കേരളം ആ രീതിയിലേക്കു മാറാത്തത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. അവസാന വര്‍ഷ പി.ജി, യു.ജി വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
വഴുതക്കാട് ഗവണ്‍മെന്റ് വനിതാ കോളജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്റര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് വേണ്ടി നടത്തിയ പഠനത്തില്‍ സൂചിപ്പിക്കുന്നത് കേരളത്തില്‍ 99 ശതമാനം പേര്‍ക്കും ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാമഗ്രികള്‍(ബന്ധുക്കളെ ആശ്രയിക്കുന്നതുള്‍പ്പെടെ) ഉണ്ടെങ്കിലും അന്‍പത് ശതമാനം പേര്‍ക്കും കണക്ടിവിറ്റി വിഷയം കാരണം ക്ലാസുകളില്‍ പ്രവേശിക്കാന്‍ കഴിയുന്നില്ല എന്നാണ്. പഠനത്തില്‍ പങ്കാളികളായവരില്‍ അന്‍പത്തി ഏഴു ശതമാനം പേരും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ അതൃപ്തരാണ്. കേവലം ആറര ശതമാനം പേര്‍ മാത്രമാണ് പൂര്‍ണ തൃപ്തരായിട്ടുള്ളത്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ശാരീരിക വൈകല്യമുള്ളവരുടേയുമൊക്കെ വിദ്യാഭ്യാസത്തെ സാരമായി ഓണ്‍ലൈന്‍ പഠനം ബാധിച്ചിട്ടുണ്ട്. പ്രസ്തുത പഠനം സൂചിപ്പിക്കുന്നത് കേരളത്തിലെ അറുപത് ശതമാനം കോളജ് വിദ്യാര്‍ഥികളും വിഷാദത്തിനടിമപ്പെട്ടു എന്നാണ്. വായനക്കും മറ്റും സ്മാര്‍ട്ട് ഫോണുകളെ ആശ്രയിക്കേണ്ടി വന്നതോടെ വിദ്യാര്‍ഥികളില്‍ കാഴ്ച സംബന്ധിയായതും മൈഗ്രേന്‍ ഉള്‍പ്പെടെയുള്ള അസുഖങ്ങളും കൂടി വരികയും ചികിത്സ തേടേണ്ടിയും വന്ന നിരവധി ഉദാഹരണങ്ങളുണ്ട്.
കോളജുകള്‍ ആരംഭിക്കുന്നതോടെ വിദ്യാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും ആശങ്കള്‍ ഒരു വലിയ അളവോളം പരിഹരിക്കാന്‍ കഴിയും. അധ്യാപകനും വിദ്യാര്‍ഥിയും നേര്‍ക്കുനേരെയുള്ള ബോധനപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍ പഠനം അതിന്റെ സൂക്ഷ്മമായ അര്‍ഥത്തില്‍ വിനിമയം ചെയ്യപ്പെടുന്നു. അതുപോലെ, ലൈബ്രറികള്‍ തുറക്കുന്നതോടു കൂടി ബന്ധപ്പെട്ട വിഷയത്തിലുള്ള പുസ്തകങ്ങള്‍ എടുക്കാനും അത് വായിക്കാനുമുള്ള അവസരം വിദ്യാര്‍ഥികള്‍ക്ക് ഒരുങ്ങുകയാണ്. ഓണ്‍ലൈന്‍ പഠനത്തില്‍ പല മിടുക്കരായ വിദ്യാര്‍ഥികളും പി.ഡി.എഫുകളും മറ്റും സ്‌ട്രെയിന്‍ എടുത്ത് വായിച്ചു അസുഖബാധിതരായി മാറിയിട്ടുണ്ട്. പല കുട്ടികളുടെയും സ്മാര്‍ട്ട് ഫോണുകളിലെ സ്റ്റോറേജ് കപ്പാസിറ്റി കുറവ് പഠന മെറ്റീരിയലുകള്‍ സൂക്ഷിക്കുന്നതിനും തടസമായിട്ടുണ്ട്. അവസാന സെമസ്റ്ററുകളിലെ പ്രൊജക്റ്റ് ഡെസേര്‍ട്ടഷന്‍ തയാറാക്കുന്നതുമായി ബന്ധപ്പെട്ടും ലൈബ്രറി ഒരു അനിവാര്യതയാണ്. അതുപോലെ, സയന്‍സ് വിദ്യാര്‍ഥികള്‍ക്കു ലാബിലുള്ള പഠനങ്ങളും അനിവാര്യമാണ്. കോളജ് തുറക്കുന്നതോടു കൂടി ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കപെടുമെന്നത് ചെറിയ കാര്യമല്ല.
'ഉത്തരവാദിത്വത്തോടെയുള്ള അധ്യയനം' എന്നതായിരിക്കണം കോളജുകള്‍ വീണ്ടും തുറക്കുമ്പോള്‍ ഉയരേണ്ടതും പിന്തുടരേണ്ടതുമായ മുദ്രാവാക്യം. അസുഖത്തിന്റെ വ്യാപനത്തെ ചെറുക്കാന്‍ ഒരു നിരന്തര ജാഗ്രത ആവശ്യമാണ്. കാംപസുകളുടെ പ്രത്യേകത അതിരുകളില്ലാത്ത സൗഹൃദങ്ങളാണ്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം കാംപസിലേക്ക് വിദ്യാര്‍ഥികള്‍ കടന്നുവരുമ്പോള്‍, സെല്‍ഫികളും മരത്തണലിലുള്ള ഇരിപ്പും ഭക്ഷണം പങ്കിടലുമെല്ലാം സര്‍വസാധാരണമാകാനുള്ള സാഹചര്യം രൂപപ്പെടാന്‍ സാധ്യതകളേറെയാണ്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ കോളജ് അധികൃതര്‍ക്ക് ഉത്തരവാദിത്വമുണ്ട്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും ബന്ധപ്പെട്ട സര്‍വകലാശാലകളുടെയും നിര്‍ദേശങ്ങള്‍ പാലിക്കുന്നതോടൊപ്പവും ഓരോ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും അവരവരുടെ സാഹചര്യവും സൗകര്യങ്ങളും പരിഗണിച്ചു വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണം. വാടക കെട്ടിടത്തില്‍ പോലും പ്രവര്‍ത്തിക്കുന്ന പരിമിത സൗകര്യങ്ങളോടു കൂടിയ സര്‍ക്കാര്‍ കോളജുകള്‍ പോലും കേരളത്തിലുണ്ട്. അതിനാല്‍ ഓരോ സ്ഥാപന മേധാവികള്‍ക്കും ആസൂത്രണം ചെയ്യാവുന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷനല്‍ സ്വാതന്ത്ര്യം നല്‍കുന്നത് നല്ലതാകും. ഹോസ്റ്റലുകളിലെ മെസ് ടൈമിന്റെ സമയം വര്‍ധിപ്പിച്ചു, ഓരോ കുട്ടിക്കും ഭക്ഷണത്തിനുള്ള സമയം നിശ്ചയിച്ചു നല്‍കുന്നത് പോലുള്ള കാര്യങ്ങള്‍ ആലോചിക്കാവുന്നതാണ്. കൊവിഡ് കാലത്തെ അധ്യയനം എങ്ങനെയാവണമെന്ന് കഴിഞ്ഞ വര്‍ഷം തന്നെ യു.ജി.സി മാര്‍ഗ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഉറപ്പുവരുത്തിയാല്‍ തന്നെ അധ്യയനം കൃത്യമായ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കും. പരിസര ശുചിത്വം പാലിച്ചും ക്ലാസുകളും ടോയ്‌ലറ്റുകളും നിരന്തരം അണുവിമുക്തമാക്കേണ്ടതുണ്ട്.
ശക്തമായ പൊതുജനാരോഗ്യ ശൃംഖലയും മികവുറ്റ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമുള്ള ഒരു സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ ഓരോ ഉന്നതവിദ്യാഭ്യാസ സ്ഥാപനവും തൊട്ടടുത്ത ആരോഗ്യപ്രവര്‍ത്തകരുടെ സേവനങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായങ്ങളും ഉറപ്പുവരുത്തുന്നത് നല്ലതാണ്. വിദ്യാര്‍ഥികള്‍ക്ക് മാത്രമല്ല, സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ സ്ഥിര, താല്‍ക്കാലിക അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ഒരു ഡോസ് വാക്‌സിന്‍ ലഭ്യത സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ടതുണ്ട്.
ഓണ്‍ലൈന്‍ പഠന കാലത്തു തങ്ങളുടേതല്ലാത്ത കാരണത്താല്‍ ക്ലാസുകള്‍ നഷ്ടമായ വലിയ വിഭാഗം വിദ്യാര്‍ഥികള്‍ ഓരോ കോളേജിലുമുണ്ട്. അവര്‍ക്കു നഷ്ടമായ ക്ലാസുകള്‍ ഉറപ്പുവരുത്തുന്ന ഒരു ഉത്തരവാദിത്വ അധ്യാപനം ഉണ്ടാവേണ്ടതുണ്ട്. ഇല്ലെങ്കില്‍ കോളജുകളുടെ റിസള്‍ട്ടിനെ ബാധിക്കുമെന്നതിനപ്പുറം, ഒരുവിഭാഗം കുട്ടികള്‍ക്കു ഉന്നത വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരും. കോളജുകളില്‍ നിലവിലുള്ള റെമഡിയാല്‍ ടീച്ചിങ് എന്ന രീതി കൊവിഡ് കാലത്തു ക്ലാസുകള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്കായി പുനര്‍നിര്‍വചിക്കുകയും പ്രവൃത്തിപദത്തില്‍ കൊണ്ടുവരികയും വേണം. തങ്ങളുടെ ഡിഗ്രി പഠനം എന്താകുമെന്ന് മാനസിക സമ്മര്‍ദത്തിലകപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് അതാശ്വാസമാകും.
പല കുട്ടികള്‍ക്കും അവരുടെ വീടുകളില്‍ ഏല്‍ക്കേണ്ടി വരുന്ന ശാരീരികവും മാനസികവുമായ പീഡനങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗമായിരുന്നു റെഗുലര്‍ ക്ലാസും ഹോസ്റ്റലുമൊക്കെ. ഓണ്‍ലൈന്‍ പഠന കാലത്തു കുട്ടികള്‍ക്കുണ്ടായ പലവിധ സമ്മര്‍ദങ്ങള്‍ അകറ്റാന്‍ തുടക്കത്തില്‍ തന്നെ ഓരോ സ്ഥാപനങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകളും മനഃശാസ്ത്ര വിദഗ്ധന്റെ സേവനവും ഉറപ്പുവരുത്തുന്നത് നല്ലതാണ്.
കൊവിഡ് പോസിറ്റീവായവര്‍, ക്വാറന്റൈനിലുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര ആരോഗ്യപ്രശ്‌നമുള്ളവര്‍ തുടങ്ങിയവര്‍ക്ക് പ്രത്യേക പരീക്ഷ എഴുതാന്‍ ഇതുവരെയായി സൗകര്യമുണ്ടായിരുന്നു. അതിനായി കാലിക്കറ്റ് സര്‍വകലാശാല പ്രത്യേക അപേക്ഷയും ക്ഷണിച്ചിരുന്നു. എന്നാല്‍ 11 -08 -2021 നു കാലിക്കറ്റ് സര്‍വകലാശാല പരീക്ഷാ കണ്‍ട്രോളര്‍ ഇറക്കിയ പുതിയ ഉത്തരവ് പ്രകാരം പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇനി മുതല്‍ പ്രത്യേക പരീക്ഷ ഉണ്ടാകില്ലെന്ന് അറിയിച്ചിരിക്കുകയാണ്. ഇത് കാലിക്കറ്റ് സര്‍വകലശാലയുടേത് മാത്രമായി ചുരുക്കി കാണുവാന്‍ സാധിക്കുകയില്ല. സമാന ഉത്തരവുകള്‍ മറ്റിടങ്ങളില്‍ നിന്നും പ്രതീക്ഷിക്കാം. പുതിയ ഉത്തരവിനുശേഷം നടക്കുന്ന പരീക്ഷകള്‍ക്ക് കൊവിഡ് പോസിറ്റീവായവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഹാജരാകണമെന്ന വിചിത്ര ഓര്‍ഡറാണ് പുറത്തുവന്നിരിക്കുന്നത്. ആരോഗ്യനില മോശമായ വിദ്യാര്‍ഥികള്‍ എങ്ങനെയാണ് മാനസികമായി പരീക്ഷയ്ക്ക് തയാറെടുക്കുവാനും എഴുതുവാനും കഴിയുകയെന്ന് മനസിലാവുന്നില്ല. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ പൊതുഗതാഗതത്തെ ആശ്രയിച്ചാണ് പരീക്ഷ സെന്ററിലേക്ക് എത്തേണ്ടത്. കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും വാഹന സൗകര്യം മറ്റൊരു പ്രശ്‌നമാണ്. പരീക്ഷാ കേന്ദ്രങ്ങളില്‍ ഇത്തരം വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കാന്‍ മാത്രമുള്ള അടിസ്ഥാന സൗകര്യവും പല കലാലയങ്ങളിലും ഇല്ല എന്നതും യാഥാര്‍ഥ്യമാണ്.
സെപ്റ്റംബര്‍ 20 മുതല്‍ കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷകള്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിക്കാനിരിക്കുകയാണ്. അരലക്ഷത്തിലധികം പേര്‍ എഴുതുന്ന പരീക്ഷ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സമയത്താണ് നടക്കാന്‍ പോകുന്നത്. ഈ സാഹചര്യത്തില്‍ രോഗം പിടിപെടുന്ന വിദ്യാര്‍ഥികളോടും പരീക്ഷ എഴുതാന്‍ പറയുന്നത് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. എഴുതാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് അവരുടേതായ കാരണത്താല്‍ ഒരു വര്‍ഷം തന്നെ നഷ്ടപ്പെടാം. ഇത്തരം ഓര്‍ഡറുകള്‍ പൊതുവെ മാനസിക സമ്മര്‍ദത്തിലായ വിദ്യാര്‍ഥികളെ കൂടുതല്‍ മാനസിക പ്രശ്‌നങ്ങളിലേക്ക് തള്ളിവിടാന്‍ മാത്രമേ ഉപകരിക്കൂ. അതുകൊണ്ടുതന്നെ, കൊവിഡ് സാഹചര്യം പരിഗണിച്ചു അവസരം നഷ്ടപ്പെട്ട വിദ്യാര്‍ഥിക്കള്‍ക്കു പ്രത്യേക പരീക്ഷ എന്നത് തുടരണം. അതുറപ്പ് വരുത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കുകയും സര്‍വകലാശാലകള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. സ്‌കൂളുകളും തുറക്കണം. തുടര്‍നടപടികള്‍ എന്നോണം അതുകൂടി സാധ്യമാകുമെന്ന് പ്രത്യാശിക്കാം. ഉത്തരവാദിത്വബോധത്തോടു കൂടി കോളജുകളിലെ നേരിട്ടുള്ള അധ്യയനത്തെ വീണ്ടും വരവേല്‍ക്കാം. കൊവിഡ് മഹാമാരിയെ കരുതലും നിതാന്ത ജാഗ്രതയോടും കൂടി അതിജീവിക്കാം.
(കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗമാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."