സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ കോഴ: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് നോട്ടിസ്
കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന കേസില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് ചോദ്യംചെയ്യലിന് ഹാജരാകാന്‍ നോട്ടിസ്. കാസര്‍കോട് ജില്ലാ ക്രൈംബ്രാഞ്ച് ആണ് നോട്ടിസ് നല്‍കിയത്. ചോദ്യം ചെയ്യലിന് നാളെ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടിസില്‍ ആവശ്യപ്പെടുന്നത്.
കോഴ ആരോപണത്തില്‍ ബദിയടുക്ക പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്നു മാസത്തിന് ശേഷമാണ് കെ. സുരേന്ദ്രന് നോട്ടിസ് നല്‍കിയിട്ടുള്ളത്. അതേസമയം, ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പില്‍ നാളെ സുരേന്ദ്രന് ഹാജരാകാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം. ശനിയാഴ്ചക്കുള്ളില്‍ ഹാജരാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
കേസിലെ മുഖ്യപ്രതിയാണ് കെ. സുരേന്ദ്രന്. കേസില്‍ ബി.ജെ.പി മുന്‍ ജില്ല പ്രസിഡന്റ്് അഡ്വ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുനില്‍ നായിക്, സുരേഷ് നായിക്, കെ. മണികണ്ഠ റൈ, മുരളീധര യാദവ്, ലോകേഷ് നന്ദ എന്നിവരെ നേരത്തെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു.
ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയെ രണ്ടര ലക്ഷംരൂപ നല്കി പത്രിക പിന്‍വലിപ്പിച്ചുവെന്നാണ് കേസ്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി.വി. രമേശന് നല്കിയ പരാതിയില്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ അനുമതിയോടെയാണ് കെ. സുരേന്ദ്രനും രണ്ട് ബി.ജെ.പി പ്രാദേശിക നേതാക്കള്‍ക്കുമെതിരെ കേസെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."