ഹിമാചല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും
ഷിംല: ഹിമാചല്‍പ്രദേശില്‍ ബി.ജെ.പിയില്‍നിന്ന് ഭരണം തിരിച്ചുപിടിച്ച കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഇന്ന് ഷിംലയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനം. നേരത്തെ ഉച്ചയ്ക്കാണ് യോഗം തീരുമാനിച്ചതെങ്കിലും എം.എല്‍.എമാര്‍ എത്താന്‍ വൈകിയതിനാലാണ് യോഗം നീണ്ടത്. യോഗത്തില്‍ 40 എം.എല്‍.എമാരും പങ്കെടുത്തു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയ്ക്കാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ മേല്‍നോട്ട ചുമതല.
മുഖ്യമന്ത്രിയെ ചൊല്ലി കനത്ത തര്‍ക്കമാണ് കോണ്‍ഗ്രസില്‍ നിലനില്‍ക്കുന്നത്. പാര്‍ട്ടി പ്രചാരണ കമ്മിറ്റി അധ്യക്ഷനും ദീര്‍ഘകാലം സംസ്ഥാന അധ്യക്ഷനുമായിരുന്ന സുഖ്വിന്ദര് സിങ് സുഖു, മുന്‍മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയും സംസ്ഥാന അധ്യക്ഷയുമായ പ്രതിഭാ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്.
പ്രചാരണ വേളയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തിക്കാട്ടിയിരുന്നില്ല. നിലവില്‍ സുഖ്വീന്ദര് സിങ് സുഖുവിനാണ് കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണ. മുഖ്യമന്ത്രി പദവിക്കായി പ്രതിഭയുടെ അനുയായികളും വീരഭദ്ര സിങ്ങിന്റെ കുടുംബവും ശക്തമായ സമ്മര്‍ദവുമായി രംഗത്തുണ്ട്.
ചര്‍ച്ചയ്ക്കായി സംസ്ഥാനത്തെത്തിയ ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വാഹനം പ്രതിഭയുടെ അനുയായികള്‍ തടഞ്ഞത് പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കി. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ ഹൈക്കമാന്‍ഡാണ് ബാഗല് ഉള്‍പ്പെടെയുള്ളവരെ ഹിമാചലിലേക്ക് അയച്ചത്. നിലവില്‍ എം.പിയായ പ്രതിഭ നിയമസഭയിലേക്ക് മത്സരിച്ചിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."