സന്തോഷം അളക്കാന്‍ യന്ത്രമെത്തി!
സ്വന്തം ലേഖകന്‍
കൊച്ചി: സന്തോഷത്തിന്റെ തോത് അളക്കാന്‍ ഒരവസരമുണ്ടായാല്‍ ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ? അത്തരത്തിലൊരു യന്ത്രം കണ്ടുപിടിച്ചിരിക്കുകയാണ് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല(കുസാറ്റ്)യിലെ ഗവേഷക ഡോ. ശാലിനിമേനോന്‍. 'ഡോപാമീറ്റര്‍' എന്നാണ് ശാലിനി കണ്ടുപിടിച്ച ഉപകരണത്തിന്റെ പേര്.
നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമായ ഡോപമൈന്‍ ആണ് സന്തോഷമുള്‍പ്പെടെയുള്ള മനുഷ്യവികാരങ്ങള്‍ നിര്‍ണയിക്കുന്നത്. ഡോപമൈനിന്റെ അഭാവം പാര്‍ക്കിന്‍സണ്‍സ്, അല്‍ഷിമേഴ്‌സ്, സ്‌കീസോഫ്രീനിയ, വിഷാദം തുടങ്ങിയ ഗുരുതര ന്യൂറോളജിക്കല്‍ രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം. ഡോപമൈനിന്റെ അളവ് നിര്‍ണയിക്കാന്‍ കഴിയുന്ന ഉപകരണമുണ്ടെങ്കില്‍ നാഡീചികിത്സാ രംഗത്ത് കൂടുതല്‍ മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്ന ചിന്തയാണ് കുസാറ്റ് അപ്ലൈഡ് കെമിസ്ട്രി വകുപ്പ് സെന്‍സര്‍ റിസേര്‍ച്ച് ഗ്രൂപ്പിലെ സി.എസ്.ഐ.ആര്‍ ഗവേഷകയായ ശാലിനിയെ പുതിയ കണ്ടുപിടുത്തത്തിലേക്കു നയിച്ചത്. സയന്‍സ് ഫാക്കല്‍റ്റി ഡീന്‍ ഡോ. കെ.ഗിരീഷ്‌കുമാറിന്റെ മാര്‍ഗനിര്‍ദേശത്തില്‍ കോഴിക്കോട്ടെ 'പ്രോച്ചിപ് ടെക്‌നോളജി' എന്ന സ്റ്റാര്‍ട്ടപ്പ് സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് ഡോപോമീറ്റര്‍ കണ്ടുപിടിച്ചത്. പ്രോഗ്രാം ചെയ്യാവുന്ന ഈ ഉപകരണത്തിലെ ഡിസ്‌പോസിബിള്‍ ഇലക്ട്രോഡ് മാറിമാറി ഉപയോഗിച്ച് നിരവധി രോഗാവസ്ഥകള്‍ നിര്‍ണയിക്കാന്‍ കഴിയുമെന്നതാണ് പ്രധാന ഗുണം. ചെലവുകുറഞ്ഞതും ഉപയോഗിക്കാന്‍ എളുപ്പമായതും കൊണ്ടുനടക്കാവുന്നതുമായ 'ഡോപാമീറ്റര്‍' പോയിന്റ് ഓഫ് കെയര്‍ രോഗനിര്‍ണയ ആപ്ലിക്കേഷനുകള്‍ക്ക് ഉപയോഗിക്കാം. പരിശോധനയ്ക്കായി സാംപിളിന്റെ ഒരു തുള്ളി മാത്രമാണ് ആവശ്യമായി വരുന്നത്. വളരെ പെട്ടെന്നുതന്നെ ഫലം നല്‍കാനും ഈ ഉപകരണത്തിന് സാധിക്കും. 'ഡോപമീറ്ററി'ന്റെ പേറ്റന്റിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ അംഗീകാരമുള്ള സ്റ്റാര്‍ട്ടപ്പ് സംരഭമായ കെംസെന്‍സറിന്റെ സ്ഥാപക കൂടിയാണ് ഡോ. ശാലിനി മേനോന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."