സുഖ് വിന്ദര്‍ സിങ് സുഖു ഹിമാചല്‍ മുഖ്യമന്ത്രിയായി രാവിലെ 11ന് സത്യപ്രതിജ്ഞ ചൊല്ലും; പ്രിയങ്കയും ഖാര്‍ഗെയും പങ്കെടുക്കും
ഷിംല: മുൻ പി.സി.സി അധ്യക്ഷൻ സുഖ്വിന്ദർ സിങ് സുഖു ഹിമാചൽപ്രദേശ് മുഖ്യമന്ത്രിയാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന പ്രതിപക്ഷനേതാവ് മുകേഷ് അഗ്‌നിഹോത്രി ഉപമുഖ്യമന്ത്രിയുമാകും. ഇന്ന് രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞാചടങ്ങ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും ജനറൽ സെക്രട്ടറി പ്രിയങ്കഗാന്ധിയും ചടങ്ങിൽ സംബന്ധിക്കും.
മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാത്രമേ ഇന്ന് സത്യപ്രതിജ്ഞ ചെയ്യൂ. മന്ത്രിമാരെ പിന്നീട് പ്രഖ്യാപിക്കുമെന്ന് ഹിമാചലിന്റെ കോൺഗ്രസ് നിരീക്ഷകനായ ചത്തിസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ അറിയിച്ചു.
സുഖ്വിന്ദറിനും മുകേഷ് അഗ്‌നിഹോത്രിക്കും പുറമെ അന്തരിച്ച മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്ങിന്റെ പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാനെത്തിയ ഭൂപേഷ് ഭാഗലിന്റെ വാഹനം തടഞ്ഞ് പ്രതിഭയുടെ അനുയായികൾ നാടകീയ രംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയുണ്ടായി.
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ വെള്ളിയാഴ്ച ചേർന്ന കോൺഗ്രസ് എം.എൽ.എമാരുടെ യോഗത്തിൽ സുഖ്വിന്ദറിനാണ് കൂടുതൽ പിന്തുണ ലഭിച്ചതെങ്കിലും തീരുമാനം ഹൈക്കമാൻഡിന് വിട്ട് യോഗം പിരിയുകയായിരുന്നു. കോൺഗ്രസിന്റെ 40ൽ 25 എം.എൽ.എമാരും സുഖ്വിന്ദറിനാണ് പിന്തുണ അറിയിച്ചത്. പിന്നാലെ ഇന്നലെ വൈകീട്ടോടെ സുഖ്വിന്ദറിന്റെ പേര് ഹൈക്കമാൻഡ് പ്രഖ്യാപിക്കുകയായിരുന്നു.
ഹിമാചലിലെ ഹാമിർപുരിലെ നദൗനിൽനിന്ന് മൂന്നാം തവണയാണ് 58 കാരനായ സുഖ്വിന്ദർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
നിയമ ബിരുദധാരിയായ സുഖ്വിന്ദർ, കോൺഗ്രസ് വിദ്യാർഥി വിഭാഗമായ എൻ.എസ്.യു(ഐ)വിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. എൻ.എസ്.യു(ഐ)വിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന അധ്യക്ഷനായിരുന്നു.
Sukwinder Singh Sukhu To Take Himachal Chief Minister Oath Today
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."