ആദിവാസി ഊരുകളില്‍ ഇന്റര്‍നെറ്റ് സംവിധാനം: മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം
തിരുവനന്തപുരം: ഉള്‍പ്രദേശങ്ങളിലെ ആദിവാസി മേഖലകളില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ടെലികോം ടവര്‍ സ്ഥാപിക്കുന്നതിന് സര്‍ക്കാര്‍ വകുപ്പുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ കൈവശമുള്ള ഭൂമി, പരമാവധി 5 സെന്റ് വരെ പാട്ടത്തിന് നല്‍കും. ഇതിനുള്ള അധികാരം സ്ഥാപനത്തിന്റെ മേധാവിയില്‍ നിക്ഷിപ്തമാക്കും.
കണക്ടിവിറ്റി നല്‍കുന്നതിന് ഒപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായി റോഡുകള്‍ കുഴിക്കുന്നതിന് മണ്‍സൂണ്‍ കാലയളവിലും അനുമതി നല്‍കും. സര്‍ക്കാര്‍ ഭൂമിയിലോ, കെട്ടിടത്തിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കുന്നതിന്റെയും കേബിളുകള്‍ വലിക്കുന്നതിന്റെയും ഭാഗമായി വനംവകുപ്പിന്റെ അനുമതി വേണ്ടിവന്നാല്‍ പരിശോധിച്ച് മൂന്നു ദിവസത്തിനകം നല്‍കും.
കേബിളുകള്‍ മുഖേനയോ വയര്‍ലെസ്സ് സംവിധാനം മുഖേനയോ കണക്ടിവിറ്റി നല്‍കുവാന്‍ കഴിയാത്ത ഇടങ്ങളില്‍ ബദല്‍ സംവിധാനമായി വി.എസ്.എ.ടി. സാങ്കേതികവിദ്യ ഉപയോഗിക്കും.
ആദിവാസി കോളനികള്‍ക്ക് ഇന്റര്‍നെറ്റ് കണക്ടിവിറ്റി നല്‍കാന്‍ വൈദ്യുതി വകുപ്പ് തദ്ദേശപൊതുമരാമത്ത് വകുപ്പുകളുടെ ഉടമസ്ഥതയിലുള്ള പോളുകളിലൂടെ കേബിള്‍ വലിക്കുന്നതിന് മൂലധനമായോ വാടകയായോ തുക ഈടാക്കില്ല.
മൊബൈല്‍ ടവറുകള്‍ സ്ഥാപിക്കുന്നതിനും ഭൂമിക്കടിയിലൂടെയും അല്ലാതെയും കേബിളുകള്‍ വലിക്കുന്നതിനും തദ്ദേശസ്വയംഭരണം / പൊതുമരാമത്ത്/ബന്ധപ്പെട്ട അധികാരികള്‍ എന്നിവയില്‍ നിന്നും ലഭിക്കേണ്ട അനുമതികള്‍ നിശ്ചിത കാലാവധി കഴിയുമ്പോള്‍ കല്‍പിത അനുമതികളായി കണക്കാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."