സാഹിത്യ നഗരത്തിന്റെ സ്വന്തം ആകാശവാണി
'കുക്കുടക്രോഡാഗാരം' എന്ന പേരില്‍ കോഴി
കൂകിയാല്‍ കേള്‍ക്കുന്ന
ഇടമായിരുന്ന പഴയ
കോഴിക്കോട് മാറി,
പ്രവിശാലമായ കോഴിക്കോട് നിലവില്‍ വന്നു. കൂകിയത് കോഴിയല്ല. ആകാശവാണിയുടെ പ്രക്ഷേപണ
വിദ്യുൽകാന്ത തരംഗങ്ങളായിരുന്നു എന്നു മാത്രം.
ശ്രീധരനുണ്ണി
1950 മെയ് 14
അന്ന് കോഴിക്കോടിന് ഒരു സുദിനമായിരുന്നു. അന്നാണ് ആകാശവാണിയുടെ കോഴിക്കോട് നിലയം ഉദ്ഘാടനം ചെയ്യപ്പെട്ടത്. കോഴിക്കോട് കടപ്പുറത്ത്, ഇന്നത്തെ ആകാശവാണി നിലയത്തിന് തൊട്ടുമുമ്പില്‍ അറബിക്കടല്‍ തിരമാലകളെ സാക്ഷിനിര്‍ത്തി നടന്ന ആ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിച്ചുകൊണ്ട് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍ പറഞ്ഞ വാക്കുകള്‍ ഏറെ അന്വർഥമായിരുന്നു.
'ഈ പ്രക്ഷേപണനിലയം കോഴിക്കോടിന്റെ മാത്രമല്ല, ഉത്തര കേരളത്തിന്റെ മൊത്തം സാംസ്‌കാരികവും സാഹിതീയവുമായ പുരോഗതിക്ക് ഏറെ സംഭാവനകള്‍ ചെയ്യും'.
ആ വാക്കുകള്‍ പൊന്നായി. സ്വതേ സാഹിത്യ സാംസ്‌കാരിക മേഖലയില്‍ ഇടം പിടിച്ച കോഴിക്കോടിന് പുതിയൊരു ഉണര്‍വുണ്ടായി. ആ ഉണര്‍വിന് ആക്കം കൂട്ടിയത് ആകാശവാണിയുടെ കോഴിക്കോട് നിലയമായിരുന്നു. അത്യുത്തര കേരളം മുതല്‍ തെക്ക് തൃശൂര്‍ ജില്ലയുടെ വടക്കെ അതിര്‍ത്തിവരെ കോഴിക്കോട് നിലയത്തിന്റെ പ്രക്ഷേപണത്തണലിലായിരുന്നു. ഈ വിശാലമായ പ്രദേശത്തെ സാഹിതീയ, സാംസ്‌കാരിക, സംഗീതപരമായ കൂട്ടായ്മകള്‍ക്ക് നേതൃത്വം നല്‍കാന്‍ പിന്നീട് ആകാശവാണി എന്ന പഞ്ചാക്ഷരിക്ക് കഴിഞ്ഞു എന്നതില്‍ തീര്‍ച്ചയായും കോഴിക്കോട്ടുകാര്‍ക്ക് അഭിമാനിക്കാം. 'കുക്കുട ക്രോഡാഗാരം' എന്ന പേരില്‍ കോഴി കൂകിയാല്‍ കേള്‍ക്കുന്ന ഇടമായിരുന്ന പഴയ കോഴിക്കോട് മാറി, പ്രവിശാലമായ കോഴിക്കോട് നിലവില്‍ വന്നു. കൂകിയത് കോഴിയല്ല. ആകാശവാണിയുടെ പ്രക്ഷേപണ വിദ്യുല്‍ക്കാന്ത തരംഗങ്ങളായിരുന്നു എന്നു മാത്രം.
കോഴിക്കോടിന്റെ സാഹിത്യ പാരമ്പര്യത്തെ ചികയണമെങ്കില്‍ നൂറ്റാണ്ടുകള്‍ പിേന്നാക്കം പോകേണ്ടിവരും. തളിയില്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന പട്ടത്താന വിദ്വല്‍ സദസുകളില്‍ സാഹിത്യവും മുഖ്യ വിഷയമായിരുന്നു.
കൃഷ്ണനാട്ടത്തിന്റെ കര്‍ത്താവായ മാനവേദന്‍ ജീവിച്ചതും 1500നും 1600നും ഇടയ്ക്കാണ്. പതിനെട്ടര കവികള്‍ സാമൂതിരി സദസിനെ, അഥവാ അരമനയെ അലങ്കരിച്ചവരാണ്. സാഹിത്യത്തോടുള്ള സാമൂതിരി രാജാക്കന്മാരുടെ ആദരമാണ് പതിനെട്ടരക്കവി എന്ന പ്രയോഗത്തിന്റെ അർഥമെന്ന് പണ്ഡിതന്മാര്‍ പറയുന്നുണ്ട്. അങ്ങനെ പാരമ്പര്യമായി ഒരു സാഹിത്യ മനസ് ഉണ്ടായിരുന്ന കോഴിക്കോടാണ്, ആകാശവാണിയുടെ അന്നത്തെ കോഴിക്കോട്.
അതുകൊണ്ടുതന്നെ അന്നത്തെ കോഴിക്കോട് ആകാശവാണിയുടെ മുഖ്യ ഊന്നല്‍ സാഹിത്യത്തിന് ലഭിച്ചു.
'സംഗീതമപി സാഹിത്യം
സരസ്വത്യാ സത്‌നദ്വയം'
എന്ന സൂക്തമനുസരിച്ച് സംഗീതവും ആ കൂട്ടുകെട്ടില്‍ വന്നു. പരിപാടികളുടെ ആദ്യകാല ഷെഡ്യൂളുകള്‍ നോക്കിയാല്‍ മൂന്നാമത്തെ പ്രാധാന്യം നാടന്‍ പാട്ടുകള്‍ക്ക് ലഭിച്ചു. അപൂർവമായ നാടന്‍ പാട്ടുകളുടെ സമ്പാദനവും പ്രക്ഷേപണവും ആകാശവാണി ഏറ്റെടുത്തു.
സര്‍ക്കാര്‍ നയപരിപാടികള്‍, പഞ്ചവത്സര പദ്ധതി, വികസനം, കൃഷി എന്നിങ്ങനെ പ്രത്യുല്‍പാദനപരമായ മേഖലകള്‍ പ്രക്ഷേപണത്തിന്റെ രൂപരേഖയിലുണ്ടായിരുന്നുവല്ലോ. ഇതിനൊക്കെ ആവശ്യമായ നിലയാംഗങ്ങളും സമുചിതം വിന്യസിക്കപ്പെട്ടു.
പി. ഭാസ്‌കരന്‍, തിക്കോടിയന്‍, ഉറൂബ്, കെ. പത്മനാഭന്‍ നായര്‍, അക്കിത്തം, കെ.എ കൊടുങ്ങല്ലൂര്‍, എന്‍.എന്‍ കക്കാട്, വിനയന്‍ എന്നിവരൊക്കെ ആദ്യമേ തന്നെ നിലയാംഗങ്ങളായി നിയമിതരായി.
യു.എ ഖാദര്‍ ഡപ്യൂട്ടേഷനില്‍ വന്നു. യൂസഫലി കേച്ചേരി താല്‍ക്കാലിക വ്യവസ്ഥയില്‍ ഇടയ്‌ക്കൊക്കെ വന്നുപോയി. ഇ.എം. ജെ വെണ്ണിയൂരും ജി. ഭാര്‍ഗ്ഗവന്‍ പിള്ളയും കോന്നിയൂര്‍ ആര്‍. സുരേന്ദ്രനാഥും മാലി മാധവന്‍ നായരും വന്നു, പോയി. ജഗതി എന്‍.കെ ആചാരി ട്രാന്‍സ്ഫറായി വന്നു, പോയി. ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ സമ്പന്നമായ മനുഷ്യവിഭവശക്തിയാല്‍ അനുഗ്രഹിക്കപ്പെട്ടു കോഴിക്കോട് നിലയം. ഇവരുടെയൊക്കെ തട്ടകം ആകാശവാണി നിലയം മാത്രമായി ഒതുങ്ങിയില്ല. അവര്‍ കോഴിക്കോടിന്റെ ഇതര മേഖലകളിലും കൈവച്ചവരായിരുന്നു. ഉത്തരകേരളത്തിന്റെ സാഹിതീയ സഖ്യത്തിന്റെ ഭാഗമായിരുന്നു. ആകാശവാണി ആസൂത്രണം ചെയ്യുന്ന പരിപാടികളില്‍ പങ്കെടുക്കാന്‍ വന്നവരും ഈ കൂട്ടായ്മയെ സമ്പന്നമാക്കി.
ഉത്തര കേരളത്തില്‍നിന്ന് പി. കുഞ്ഞിരാമന്‍ നായര്‍, ടി. ഉബൈദ്, സുബ്രഹ്‌മണ്യന്‍ തിരുമുമ്പ്, ചിറയ്ക്കല്‍ ടി. ബാലകൃഷ്ണന്‍ നായര്‍, ടി.പി സുകുമാരന്‍, കടത്തനാട്ട് മാധവി അമ്മ, പി.ടി അബ്ദുറഹിമാന്‍, സി.പി അബൂബക്കര്‍, ഒ.കെ മുന്‍ഷി, എം.വി വിഷ്ണു നമ്പൂതിരി, സി.എം.എസ് ചന്തേര തുടങ്ങി എത്രയെത്ര പേരുകള്‍. സുകുമാരന്‍ അഴീക്കോട് പിന്നീട് കോഴിക്കോട്ട് താമസമാക്കി. ടി. പത്മനാഭന്‍ പലപ്പോഴും ആകാശവാണി പരിപാടികള്‍ സമ്പന്നമാക്കി. ടി. പത്മനാഭനും പല പരിപാടികളും സമ്പന്നമാക്കി. കോഴിക്കോട്ടെ കൂട്ടായ്മയുടെ വലിപ്പം കൂടി എന്നും പറയാം. പലരും കവിസമ്മേളനങ്ങള്‍ക്കോ സാഹിത്യചര്‍ച്ചകള്‍ക്കോ ആണ് വരുന്നതെങ്കിലും അവരെയാരെയും വരുത്തരായി കണ്ടില്ല. അവരുടെ സാഹിത്യ സുഹൃത്തുക്കള്‍ സ്റ്റുഡിയോവില്‍ ഉണ്ടായിരുന്നുവല്ലോ. വരുന്നവരെപ്പോലെ തന്നെ ഉന്നതര്‍. എം.ടി വാസുദേവന്‍ നായരും വി.കെ. എന്നും വൈക്കം മുഹമ്മദ് ബഷീറും എസ്.കെ പൊറ്റെക്കാട്ടും മുണ്ടശ്ശേരിയും കുട്ടികൃഷ്ണമാരാരുമൊക്കെ സാഹിത്യപരിപാടികളെ സമ്പന്നമാക്കിയവരാണ്.
അവരുടെ ഓരോ വരവും ഓരോ എഴുന്നള്ളത്താണ്. ഈയൊരു മഹിത സൗഹാർദത്തെ കൂട്ടിയിണക്കിയ മറ്റൊരു കണ്ണി തുഞ്ചന്‍ പറമ്പിലെ കവിസമ്മേളനങ്ങളും സെമിനാറുകളും മറ്റുമായിരുന്നു.
കേരളത്തിലെ വിവിധ പ്രദേശങ്ങളെ പ്രതിനിധീകരിച്ച് പ്രശസ്തരായ കവികളെത്തും. കെ.പി കേശവമേനോനായിരുന്നു അന്നത്തെ തുഞ്ചന്‍പറമ്പ് സാരഥി. എം.ടിയുടെ നേതൃത്വത്തില്‍ ഇപ്പോഴും അത് തുടരുന്നു.
അന്ന് ആകാശവാണിയുടെ പ്രൊഡ്യൂസര്‍ എമരിറ്റസ് മഹാകവി ജി. ശങ്കരക്കുറുപ്പ് ആയിരുന്നു. അദ്ദേഹവും വരും. ആ വരവറിഞ്ഞ് എസ്.കെയും എം.ടിയും സമശിരസ്‌കരായ പലരും വരും. പിന്നെ സ്റ്റുഡിയോ വിസിറ്റിങ് റൂമിലിരുന്നു വര്‍ത്തമാനം. തികഞ്ഞ സാഹിത്യചര്‍ച്ച. അതുപോലെ അക്കിത്തത്തെയും ഉറൂബിനെയും കാണാനെത്തുന്ന ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. പതിവായി കഥ വായിക്കാനെത്തുന്ന എന്‍.പി മുഹമ്മദ്. എന്‍.പി അക്കാലത്ത് കോഴിക്കോട്ട് താമസമാക്കിയിരുന്നു. റിക്കാര്‍ഡിങ്ങിന്നായി പല പ്രമുഖരും നിലയത്തില്‍ വരും.
കെ.പി കേശവമേനോന്‍, കേളപ്പജി, വി.ടി ഭട്ടതിരിപ്പാട് തുടങ്ങിയവരെ ഓര്‍ക്കാതിരിക്കാന്‍ പറ്റില്ല. സാമൂഹ്യ സന്നദ്ധസംഘടനകളുമായി ബന്ധപ്പെട്ട അനേകം പേര്‍ വേറെയും.
ഓണം, ക്രിസ്മസ്, പെരുന്നാള്‍ തുടങ്ങിയ വിശേഷാവസരങ്ങളില്‍ അന്നൊക്കെ പുറത്തുള്ള വേദികളില്‍ നാടകം, നൃത്തം, കവി സമ്മേളനം പോലെയുള്ള പരിപാടികള്‍ നടത്താറുണ്ടായിരുന്നു ആകാശവാണി.
മിക്കവാറും കോഴിക്കോട് നഗരത്തിലോ പ്രാന്തപ്രദേശങ്ങളിലോ ആവും. അതും ജനങ്ങളെ ഏറെ ആകര്‍ഷിച്ച പരിപാടിയായിരുന്നു. സ്റ്റുഡിയോവില്‍ നടത്തുന്ന നാടകോത്സവങ്ങളും ധാരാളം പേര്‍ കേട്ടാസ്വദിച്ചു. തിക്കോടിയനും കെ.എ കൊടുങ്ങല്ലൂരിനുമായിരുന്നു നാടക വിഭാഗത്തിന്റെ ചുമതല.
ഉറൂബും പി. ഭാസ്‌കരനും കെ. രാഘവനും ചേര്‍ന്നൊരുക്കിയ 'നീലക്കുയില്‍' ചലച്ചിത്ര രംഗത്ത് ഒരു വഴിത്തിരിവായിരുന്നുവല്ലോ. ഏറെ താമസിയാതെ ഭാസ്‌കരന്‍ മാഷ് ആകാശവാണി വിട്ടു. സിനിമയിലെ തിരക്കു കാരണം. കെ. രാഘവന്‍ ആകാശവാണിയില്‍ത്തന്നെ തുടര്‍ന്നു.
റേഡിയോ നാടകോത്സവങ്ങളെ സമ്പന്നമാക്കിയ നാടകാചാര്യന്‍ കെ.ടി മുഹമ്മദ് അന്ന് കോഴിക്കോട്ട് സ്ഥിരതാമസമായിരുന്നു. കെ.ടിയുടെ സ്‌റ്റേജ് നാടകങ്ങളുടെ റേഡിയോ രൂപാന്തരം ആകാശവാണി പ്രക്ഷേപണം ചെയ്തു. നാടകങ്ങളിലൂടെയും സിനിമയിലൂടെയും പ്രശസ്തരായ പലരും അന്ന് കോഴിക്കോട്ട് ഉണ്ടായിരുന്നു. നെല്ലിക്കോട് ഭാസ്‌കരന്‍, കുഞ്ഞാണ്ടി, കുതിരവട്ടം പപ്പു, ശാന്താദേവി, ബാലന്‍. കെ. നായര്‍, കുഞ്ഞാവ, മാമുക്കോയ തുടങ്ങിയവരൊക്കെ റേഡിയോ നാടകങ്ങളെയും സമ്പന്നമാക്കി.
ദേശപോഷിണി വായനശാലയുമായി കൂട്ടുചേര്‍ന്നൊരുക്കിയ നാടക പരിപാടികള്‍ ഏറെ ശ്രദ്ധേയമായിരുന്നു. കോഴിക്കോടന്‍ വേദികളിലവതരിപ്പിച്ച യുവശക്തി, മഹിളാലയം, ബാലലോകം, ശിശുലോകം തുടങ്ങിയവ ഇവിടുത്തെ ജനങ്ങളില്‍ കലാസാഹിത്യബോധം ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു.
ബാലേട്ടനായി ശബ്ദം നല്‍കിയ കരുമല ബാലകൃഷ്ണന്‍, വി. നാരായണന്‍, അഹമ്മദ്‌കോയ, കാപ്പില്‍ വി. സുകുമാരന്‍ മുതല്‍ നിരവധിപേര്‍ നിലയാംഗങ്ങളായിരുന്നു. അഹമ്മദ് കോയയും രാജന്‍ കെ. നായരും ആകാശവാണിയിലെ നാടകശബ്ദ ആര്‍ട്ടിസ്റ്റുമാരായിരുന്നു. എ.പി മെഹറലിയും പി.പി രത്‌നമ്മയും രത്‌നാഭായിയും ജനസമ്മതരായ നിലയാംഗങ്ങളായിരുന്നു. യുവവാണിയെ ലഹരിയാക്കിയവരായിരുന്നു മെഹറലിയും ഖാന്‍കാവിലും രത്‌നമ്മയും എന്ന് ഒരിക്കല്‍കൂടി പറയട്ടെ.
സാഹിത്യ നഗരപ്രഖ്യാപനത്തിന്റെ സാഹചര്യത്തില്‍ വീണ്ടും നമുക്ക് സാഹിത്യരംഗത്തിലേക്ക് തന്നെ വരാം. ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക്, വയലാര്‍ രാമവര്‍മ്മയുടെ വരവ് പലപ്പോഴും എഴുന്നള്ളത്തായിരുന്നു എന്നു പറയാം. തിക്കു എന്ന തിക്കോടിയനെയും ഉബ്രു എന്ന ഉറൂബിനെയും കക്കന്‍ എന്ന കക്കാടിനെയും കൊടു എന്ന കൊടുങ്ങല്ലൂരിനെയും കാണാനുള്ള വരവാണ്. ഇതൊക്കെ വിളിപ്പേരുകളാണ്. ഒ.എന്‍.വി കുറുപ്പ് ഏറെക്കാലം കോഴിക്കോട്ടും തലശ്ശേരിയിലുമായിരുന്നതിനാല്‍ അദ്ദേഹവും വരും കവിത വായിക്കാന്‍. വിഷ്ണു നാരായണന്‍ നമ്പൂതിരിയും അതുപോലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. കോഴിക്കോടിന് സാഹിത്യാഭിമാനമായ അപ്പു നെടുങ്ങാടിയൂടെ കുന്ദലതയുടെ നാടകാവിഷ്‌കാരം ഓർമയില്‍ നില്‍ക്കും. ഒ.വി വിജയനും എം.ആര്‍ നായര്‍ എന്ന സഞ്ജയനും കോഴിക്കോട്ട് ജോലി ചെയ്തവരാണ്. സഞ്ജയന്റെ അനേകം രചനകളെ തിക്കോടിയന്‍ നാടകമാക്കി പ്രക്ഷേപണം ചെയ്തിട്ടുണ്ട്. കോഴിക്കോട് നിലയത്തിന്റെ യശസുയര്‍ത്തിയ മറ്റൊരു രചനയാണ് അക്കിത്തത്തിന്റെ ബലിദര്‍ശനം. ഒരു ഓണക്കാലത്ത് തുടര്‍വായനയ്ക്കായി വിരചിതമായ കൃതിയാണത്.
നമ്മുടെ നാടോടി സംഗീതത്തെ, അഥവാ നാടന്‍പാട്ടിനെ ഏറെ പരിപോഷിപ്പിച്ച നിലയമാണ് കോഴിക്കോട്. അത് നിലയവുമായി സാധാരണക്കാരെ കൂട്ടിയിണക്കുന്ന കണ്ണിയായി. മാപ്പിളപ്പാട്ട് രംഗത്തെ പ്രതിഭാശാലികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞത് ചെറിയ കാര്യമല്ല. വി.എം കുട്ടി, വിളയില്‍ ഫസീല, എസ്.എം കോയ, പീര്‍ മുഹമ്മദ്, എം. കുഞ്ഞിമൂസ, ബീഗം റാബിയ, മൂസ എരഞ്ഞോളി, അബൂട്ടി തുടങ്ങിയ പല പേരുകളും ഓർമയില്‍ വരുന്നു. സംഗീത പരിപാടികളുടെ കാര്യത്തില്‍ എന്നും സമ്പന്നമായിരുന്നു കോഴിക്കോട് നിലയം. കെ. രാഘവന്റെ നേതൃത്വത്തില്‍ അന്ന് പ്രക്ഷേപണം ചെയ്ത ലളിതഗാനങ്ങളും ലളിതസംഗീതപാഠവും തികച്ചും ജനകീയമായ പരിപാടിയായിരുന്നു.
പഴയന്നൂര്‍ എം. പരമേശ്വരന്റെ നേതൃത്വത്തിലുള്ള ശാസ്ത്രീയ സംഗീതരംഗം ശരിക്കും കോഴിക്കോടിന്റെ യശസുയര്‍ത്തി. മായാ നാരായണനും പാലാ സി.കെ രാമചന്ദ്രനും, കെ. കുഞ്ഞിരാമനും ഹരിപ്പാട് കെ.പി.എന്‍ പിള്ളയും നെടുമങ്ങാട് ശശിധരന്‍ നായരും മറ്റും ഗാനരംഗത്തെ വെള്ളിനക്ഷത്രങ്ങളാകുന്നു. മാണി മാധവചാക്യാരും ചെമ്പൈ വൈദ്യനാഥഭാഗവതരും കലാമണ്ഡലം ഹൈദരലിയും മറ്റും ഒരുക്കിയ സംഗീതവിരുന്ന് ആരെയാണ് ആകര്‍ഷിക്കാത്തത്? കോഴിക്കോടിന് മുതല്‍ക്കൂട്ടായ പ്രക്ഷേപണകാലം തന്നെ.
ആകാശവാണിയിലൂടെ എഴുതിത്തെളിഞ്ഞ ഒട്ടേറെ പ്രഗത്ഭരെ നാം ഓര്‍ക്കേണ്ടതുണ്ട്. പുനത്തില്‍ കുഞ്ഞബ്ദുല്ല, അക്ബര്‍ കക്കട്ടില്‍, വി.ആര്‍ സുധീഷ്, കെ.പി രാമനുണ്ണി, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് തുടങ്ങി പലരും. അവര്‍ ഇന്ന് സാഹിത്യത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുന്നവരാണ്. മുതിര്‍ന്ന എഴുത്തുകാരായ പി. വത്സലയ്ക്കും സി. രാധാകൃഷ്ണനും സുഭാഷ് ചന്ദ്രനും മറ്റും കടപ്പാട് അറിയിക്കാതെ ഈ ലേഖനം ഉപസംഹരിക്കാനാവില്ല.
സാഹിത്യ നഗരവും ആകാശവാണിയും തമ്മില്‍ കൂട്ടിയിണക്കുന്ന കണ്ണികള്‍ സുശക്തമാണ്. ഏതാനും പഴയകാല പത്രാധിപന്മാരെ ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കെ.പി കേശവമേനോന്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, സി.എച്ച് മുഹമ്മദ്‌കോയ, തായാട്ട് ശങ്കരന്‍, എന്‍.പി മുഹമ്മദ് തുടങ്ങിയവര്‍. ഗാന്ധിയന്‍ ചിന്തകരായ പി.പി.ഉമ്മര്‍കോയ, രാധാകൃഷ്ണമേനോന്‍ എന്നിവരും അതത് കാലത്തെ നിലയം ഡയരക്ടര്‍മാരുമായി സൗഹൃദം പുലര്‍ത്തി, കോഴിക്കോടന്‍ കൂട്ടായ്മയ്ക്ക് വളം നല്‍കി.
എല്ലാം കൂട്ടിയിണക്കി നോക്കുമ്പോള്‍ സാഹിത്യ നഗരത്തില്‍ നിന്നുകൊണ്ടുള്ള ഈ ആകാശവാണിച്ചിന്ത ഏറെ പ്രസക്തമെന്ന് അനുമാനിക്കുന്നു. അക്കാലത്ത് ഉദയം കൊണ്ടതും ആര്‍. രാമചന്ദ്രന്റെ നേതൃത്വത്തില്‍ നടന്നതുമായ കോലായ ചര്‍ച്ചകള്‍ക്ക് ആകാശവാണിയുമായുള്ള കടപ്പാടും മറക്കാവതല്ലല്ലോ. മണ്ണില്‍ തന്നെയായിരുന്നു ആകാശവാണിയുടെ വേര്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."