സി.എം അബ്ദുല്ല മൗലവി വധം ; കോടതിയുടെ നിര്‍ണായക വിധി വൈകുന്നു
കാസര്‍കോട്: പ്രമുഖ മതപണ്ഡിതനും സമസ്ത സീനിയര്‍ ഉപാധ്യക്ഷനുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ വധവുമായി ബന്ധപ്പെട്ട് എറണാകുളം സി.ജെ.എം കോടതിയുടെ നിര്‍ണായക വിധി വൈകുന്നു. പോണ്ടിച്ചേരിയിലെ ജിപ്മര്‍ കേന്ദ്രത്തിലെ ഉന്നത മെഡിക്കല്‍ സംഘം അന്വേഷണം നടത്തി സി.ബി.ഐ മുഖേന കോടതിയില്‍ നല്‍കിയ റിപ്പോട്ടിന്റെ അടിസ്ഥാനത്തിലുള്ള നിര്‍ണായക വിധിയാണ് കഴിഞ്ഞ പത്തു മാസത്തോളമായി നീണ്ടുപോകുന്നത്.
ഓരോ മാസവും അടുത്ത തീയതിയിലേക്ക് കേസ് മാറ്റിവയ്ക്കുന്നുണ്ടെങ്കിലും കേസ് പരിഗണിക്കുന്നത് നിരന്തരം മാറ്റിവയ്ക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. കൊവിഡ് നിയന്ത്രണങ്ങള്‍ കാരണമാണ് കേസ് പരിഗണിക്കുന്നത് ഓരോ അവധിക്കും നീണ്ടുപോകുന്നതെന്നാണ് വിവരം. കഴിഞ്ഞ മാസം കേസ് പരിഗണിക്കുന്നത് ഈമാസം മൂന്നിലേക്ക് മാറ്റിവച്ചിരുന്നു. എന്നാല്‍ മൂന്നിന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു. അതേസമയം, കഴിഞ്ഞ പത്തു വര്‍ഷത്തിലധികമായി നിയമയുദ്ധം നടത്തിവരുന്ന അബ്ദുല്ല മൗലവിയുടെ കുടുംബവും പൊതുസമൂഹവും കോടതിയുടെ നിര്‍ണായക വിധിയെ കാത്തിരിക്കുകയാണ്.
2010 ഫെബ്രുവരി 15നാണ് അബ്ദുല്ല മൗലവിയെ ചെമ്പരിക്കയിലെ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന സാഹചര്യ തെളിവുകളും സാക്ഷിമൊഴികളും ഉണ്ടായിട്ടും ഇതൊന്നും കണക്കിലെടുക്കാതെ ലോക്കല്‍ പൊലിസ് അബ്ദുല്ല മൗലവിയുടെ മരണത്തെ മറ്റൊരു രീതിയില്‍ ചിത്രീകരിച്ചതോടെ വന്‍ പ്രതിഷേധം ഉയരുകയും തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിനും ഒരുമാസം പൂര്‍ത്തിയാകുന്നതിന് മുമ്പ് സി.ബി.ഐക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയിരുന്നു. എന്നാല്‍ സി.ബി.ഐയുടെ ഒന്നാം അന്വേഷണ സംഘം കേസില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്തിവരുന്നതിനിടെ അന്വേഷണ ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെ പൊടുന്നനെ ചെന്നൈയിലേക്ക് സ്ഥലം മാറ്റി.
ശേഷം ലോക്കല്‍ പൊലിസ് സ്വീകരിച്ച നിലപാട് പിന്തുടര്‍ന്ന് സി.ബി.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും കോടതി തള്ളി.
തുടര്‍ന്ന് ഓട്ടോപ്‌സി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണരീതി ഉപയോഗിച്ച് ഉന്നത സംഘത്തിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സി.ബി.ഐക്ക് നിര്‍ദേശം നല്‍കി. എന്നാല്‍ ഒരു വര്‍ഷത്തിനു ശേഷം നേരത്തെ നല്‍കിയ റിപ്പോര്‍ട്ട് മിനുക്കിയെടുത്ത് കോടതിയില്‍ സമര്‍പ്പിക്കുകയും കേസന്വേഷണം അവസാനിപ്പിക്കാന്‍ കോടതിയോട് സി.ബി.ഐ അനുമതി തേടുകയും ചെയ്യുകയായിരുന്നു. കോടതി ഉത്തരവിട്ട രീതിയിലുള്ള അന്വേഷണം നടത്താതെ വീണ്ടും നല്‍കിയ റിപ്പോര്‍ട്ട് 2016ല്‍ കോടതി തള്ളി.
ഇതേതുടര്‍ന്നാണ് 2019ല്‍ കേസില്‍ പോണ്ടിച്ചേരിയിലെ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ റിസര്‍ച്ച് സെന്ററിലെ ഉന്നത മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി നിരവധി ആളുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും കടുക്കക്കല്ലിലും അബ്ദുല്ല മൗലവിയുടെ വീട്ടിലും ഉള്‍പ്പെടെ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സി.ബി.ഐയുടെ വാദം തള്ളുന്ന രീതിയിലുള്ള റിപ്പോര്‍ട്ടാണ് ജിപ്മര്‍ സംഘം നല്‍കിയിട്ടുള്ളതെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."