ലീഗുമായി സഹകരിക്കുന്നവരെ ചേര്‍ത്തുപിടിക്കും: പി.എം.എ സലാം
നാദാപുരം: മുസ്‌ലിം ലീഗിന്റെ ആശയാദര്‍ശങ്ങളോട് സഹകരിക്കുന്നവരെ ചേര്‍ത്തുപിടിച്ച പാരമ്പര്യമാണ് ലീഗിനുള്ളതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന പി.എം.എ സലാം ആരെയും ചവിട്ടിപ്പുറത്താക്കില്ലെന്നും ഹരിത മുന്‍ നേതാക്കളുടെ വാര്‍ത്താസമ്മേളനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അവരുടെ പ്രയാസങ്ങള്‍ പറഞ്ഞതാകാനാണ് സാധ്യത. മാധ്യമപ്രവര്‍ത്തകര്‍ പലതവണ ചോദിച്ചിട്ടും ഹരിതയുടെ മുന്‍ നേതാക്കള്‍ തങ്ങള്‍ ലീഗുകാര്‍ തന്നെയാണെന്നാണ് പറഞ്ഞതെന്നത് ശ്രദ്ധേയമാണ്.
അവരെ ലീഗില്‍നിന്ന് പുറത്തുചാടിക്കാന്‍ നോക്കിയവര്‍ക്കേറ്റ തിരിച്ചടിയാണ് വാര്‍ത്താസമ്മേളനം. ലീഗിന് അവരോട് വിരോധമില്ല.
ലീഗിനെ സ്‌നേഹിക്കുന്നവരെ ചേര്‍ത്തുപിടിച്ച ചരിത്രമാണുള്ളത്. അവരെയും കൂടെനിര്‍ത്തും. താന്‍ അര്‍ധസത്യം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞത് എന്താണെന്ന് മനസ്സിലായിട്ടില്ലെന്നും തെറ്റിദ്ധാരണയുണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയില്‍നിന്ന് നീതി ലഭിച്ചില്ലെന്ന്
ഹരിത മുന്‍ നേതാക്കള്‍
കോഴിക്കോട്: തങ്ങളുടെ അസ്തിത്വവും അഭിമാനവും ചോദ്യം ചെയ്യപ്പെട്ടെന്നും പരാതി നല്‍കിയിട്ടും പാര്‍ട്ടിയിനിന്ന് നീതി ലഭിച്ചില്ലെന്നും ഹരിത മുന്‍ ഭാരവാഹികള്‍. ഹരിതയിലെ പെണ്‍കുട്ടികളെക്കുറിച്ച് വളരെ മോശമായ പ്രചാരണം നടത്തുന്നുണ്ടെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സൈബറിടങ്ങളില്‍ അതിഭീകരമായി ആക്രമിക്കപ്പെടുകയാണ്. പാര്‍ട്ടിക്കെതിരേയല്ല വ്യക്തികള്‍ക്കെതിരേയാണ് തങ്ങള്‍ പരാതി നല്‍കിയത്.
എന്നാല്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കാതെ പാര്‍ട്ടി ആ വിഷയം ക്ലോസ് ചെയ്യുകയായിരുന്നു. എം.എസ്.എഫിലെ വിഭാഗീയതയാണ് പരാതിക്കു പിന്നിലെന്നു പറയുന്നത് തങ്ങളെ നിലപാടില്ലാത്തവരായി ചിത്രീകരിക്കാന്‍ വേണ്ടിയാണ്.
പാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കും. വനിതകളുടെ ഉന്നമനത്തിനായി സ്വതന്ത്ര കൂട്ടായ്മ രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഹരിത മുന്‍ സംസ്ഥാന നേതാക്കളായ നജ്മ തബ്ശീറ, മുഫീദ തസ്‌നി എന്നിവര്‍ പറഞ്ഞു. മുന്‍ ഭരവാഹികളായ ഫസീല വി.പി, മിനാ ഫര്‍സാന എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."