കോഴിക്കോട് എം.ബി.ബി.എസ് ക്ലാസില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പൊലിസ്
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസില്‍ ഇരുന്ന സംഭവത്തില്‍ ക്രിമിനല്‍ കേസെടുക്കാനാവില്ലെന്ന് പൊലിസ്. വിദ്യാര്‍ത്ഥിനി ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമക്കുകയോ ചെയ്തിട്ടില്ല. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വിദ്യാര്‍ത്ഥിനി ക്ലാസില്‍ കയറിയതെന്നും പൊലിസ് വ്യക്തമാക്കി.
സംഭവത്തില്‍ കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ വിശദീകരണം നല്‍കിയിരുന്നു. മെഡിക്കല്‍ കോളേജില്‍ പുതിയ എം.ബി.ബി.എസ് ക്ലാസ് രണ്ടാമത്തെ കൗണ്‍സിലിംഗ് കഴിഞ്ഞ ഉടന്‍ തന്നെ തുടങ്ങിയിരുന്നു. രാവിലെ എട്ടുമണിക്ക് ക്ലാസ് തുടങ്ങിയപ്പോള്‍ എല്ലാ കുട്ടികളും എത്തിയിരുന്നില്ല.പിന്നീട് പല കുട്ടികളും കൂട്ടമായി എത്തിയപ്പോള്‍ ക്ലാസ് വൈകാതിരിക്കാന്‍ എല്ലാ കുട്ടികളെയും ഒരുമിച്ചു കയറ്റുകയായിരുന്നു. അഡ്മിറ്റ് കാര്‍ഡ് വെച്ച് മാത്രമേ വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂവെങ്കിലും തിരക്ക് മൂലം ആ സമയത്ത് പരിശോധിക്കാന്‍ കഴിഞ്ഞില്ലെന്നും അങ്ങനെയാണ് ഹാജര്‍ രജിസ്റ്ററില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പേര് വന്നതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.
പ്രവേശന പരീക്ഷ യോഗ്യത പോലും ഇല്ലാതെയാണ് മലപ്പുറം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ് ക്ലാസില്‍ അധികൃതര്‍ അറിയാതെ നാലുദിവസം ഇരുന്നത്. നവംബര്‍ 29നാണ് ഒന്നാം വര്‍ഷ ക്ലാസ് തുടങ്ങിയത്. 245 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ഇതിന് പുറമെയാണ് പ്ലസ് ടു വിദ്യാര്‍ഥിനി കടന്നുകൂടിയത്. സംഭവത്തില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഇന്നലെ രാത്രി പൊലിസില്‍ പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."